ജിദ്ദ: ഈ വർഷത്തെ ഹജ്ജ് വേളയിൽ സ്വയമോടുന്ന (സെൽഫ് ഡ്രൈവിങ്) ഷട്ടിൽ ബസ് സർവിസുകളുടെ പരീക്ഷണ ഓട്ടം ആരംഭിക്കും. പൊതുഗതാഗത അതോറിറ്റിയാണ് പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കാൻ സ്വയം ഓടുന്ന ബസുകളുടെ പരീക്ഷണത്തിനൊരുങ്ങുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്നത്.
മനുഷ്യനും പരിസ്ഥിതിക്കും സൗഹൃദം കൈമാറ്റം ചെയ്യാൻ കഴിയുന്ന നൂതന ആധുനിക സാങ്കേതികവിദ്യകൾ തീർഥാടകരുടെ സേവനത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെയും ഒന്നിലധികം ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംരംഭങ്ങളുടെയും ഭാഗമാണിത്.
സ്വയം ഓടുന്ന ബസുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ, കാമറകൾ, സെൻസറുകൾ എന്നിവ ഉപയോഗിച്ച് മനുഷ്യ ഇടപെടലില്ലാതെ ഒരു പ്രത്യേക റൂട്ടിനുള്ളിൽ ഓടിക്കാനാവും. ചലനസമയത്ത് വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള സംവിധാനങ്ങളോടുകൂടിയതുമാണ്.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ഒരുക്കുന്ന ബസുകളിൽ 11 സീറ്റുകളുണ്ടാകും. ഒറ്റ ചാർജിൽ ആറുമണിക്കൂർ ഓടാനും മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാനുമാകും.
തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുക, ഹജ്ജിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുക, വരും വർഷങ്ങളിൽ അവ വാണിജ്യപരമായി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ സജ്ജമാക്കുക എന്നിവയാണ് ഈ പരീക്ഷണത്തിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.
ട്രാക്ക് നമ്പർ ആറാണ് പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് നാല് കിലോമീറ്റർ നീളമുണ്ട്. വീതി 11 മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.