സന്തോഷത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുന്ന ക്രിസ്മസ് ദിനത്തിലേക്കുള്ള നോമ്പുനാളുകളിലൂടെയുള്ള യാത്രയിലാണ് വിശ്വാസിസമൂഹം. ബാഹ്യമായ ആഘോഷങ്ങളുടെ സ്ഥാനത്ത് ക്രിസ്മസിന്റെ സന്ദേശം ആത്മീയാനുഭവമാക്കിയാണ് ആഘോഷം നടത്തേണ്ടത്. മാലാഖമാർക്കൊപ്പം പാടാം: അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്ത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം... സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ ദുഃസ്ഥിതിക്ക് പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു. ലോകത്തെപ്പറ്റിയുള്ള അവിടത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അത് നൽകുന്നത്.
ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെ വിവരിക്കുന്നത് ‘കീറ്റു ശീലയോളം തന്നെ തന്നേ താഴ്ത്തി... ’ എന്നാണ്. സർവശക്തൻ, സർവാധിപൻ, സർവാധികാരി, സർവാഭരണ വിഭൂഷിതൻ ഒക്കെയായ ആഢ്യ ദൈവിക സങ്കൽപങ്ങൾക്ക് നേർവിപരീതമായാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരം. മനുഷ്യരിലെ തന്നേ ചെറിയവർക്ക് (ആട്ടിടയർക്ക്) മുന്നിൽ ചെറുതായി (ശിശുവായി) ജനിക്കുക. അഗതിയെപ്പോലെ പിറക്കാൻ മറവന്വേഷിച്ച് അലയുക. ആദ്യ വസ്ത്രമായി കീറ്റുശീലയിൽ അഭയപ്പെടുക.
ഇതൊക്കെ ദൈവത്തിന്റെ മനുഷ്യനാകാനുള്ള വഴിതേടലായിരുന്നു. അല്ലെങ്കിൽ സ്രഷ്ടാവിന് സൃഷ്ടിയോടുള്ള അഗാധമായ സ്നേഹം അതിന്റെ ഓർമ പുതുക്കലാണു ക്രിസ്മസ്. എങ്കിൽ ആ മനഃസ്ഥിതിയിലേക്കാണ് നമ്മൾക്ക് പ്രയാണം ചെയ്യേണ്ടത്. എണ്ണമറ്റ മെഴുകുതിരികള്‍ നമ്മൾ തെളിയിച്ചിട്ടുണ്ട്. എരിഞ്ഞുതീരുന്ന മെഴുകുതിരികള്‍ നമ്മെ ആനന്ദം കൊള്ളിച്ചിട്ടുമുണ്ട്. എങ്കിലും മറ്റുള്ളവര്‍ക്ക് വെളിച്ചമാകുക എന്ന മെഴുകുതിരിയുടെ യഥാർഥ ആത്മീയത ഇന്നോളം മനസ്സിലാക്കിയിരുന്നോ? എന്റെ ദൈവമേ! എന്റെ ഒപ്പമുള്ളവര്‍ക്ക് അല്പമെങ്കിലും പ്രകാശം പരത്തുന്ന ഒരു കൊച്ചുതിരിയായി രൂപാന്തരപ്പെടുത്തണമേ.
നിന്റെ ജനനത്തെ പ്രഘോഷിക്കുന്ന ഇത്തിരി വെട്ടമേകുന്ന നക്ഷത്രമായി, നീ ഞങ്ങളിൽ വന്നു വസിക്കാൻ ഉതകുന്ന എളിമയുടെ പുൽക്കൂടിന് തുല്യമായി രൂപാന്തരപ്പെടുത്തേണമേ. അപരനിൽ ക്രിസ്തുവിനെ ദർശിക്കുവാൻ, അഗതിക്ക് അന്നമാകുവാൻ, പതിതന്‍ പാതയൊരുക്കുവാൻ ഏവര്‍ക്കും കഴിയട്ടെ. സ്നേഹപൂർവം ഏവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.