തു​റ​വൂ​ർ മ​ഹാ​ക്ഷേ​ത്രം

തുറയിലെ ഊര് അഥവാ 'തുറവൂർ'

ചേർത്തലക്കും എറണാകുളത്തിനുമിടയിൽ ദേശീയപാതക്കരികിലാണ് തുറവൂർ എന്ന ദേശം. ഈസ്ഥലം പ്രസിദ്ധമാകാൻ കാരണങ്ങളിലൊന്ന് തുറവൂർ മഹാക്ഷേത്രമാണ്. തുറവൂർ എന്ന പേരുലഭിക്കാൻ കടലിന്‍റെ സാന്നിധ്യമാണ് കാരണം. കടലിന്റെ തുറയിലെ ഊര് അഥവാ ദേശമാണ് തുറവൂർ. വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും കടലില്‍പോയി മീന്‍പിടിക്കാനും കരക്കെത്തി മീനിറക്കാനും സൗകര്യമുള്ള സ്ഥാനമാണ് തുറ. കടല്‍ത്തീരത്ത് മുക്കുവര്‍ താമസിക്കുന്ന സ്ഥലത്തിനും തുറയെന്ന് പറയും.

പണ്ട് അറബിക്കടൽ കുറെക്കൂടി കിഴക്കോട്ട് കിടന്നിരുന്നെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. നിരവധി തവണ ഉണ്ടായ പ്രളയത്തിനും ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾക്കും ശേഷമാണ് ഇപ്പോൾ കാണുന്ന അറബിക്കടലിന്റെ സ്ഥാനം. അന്ധകാരനഴി പ്രദേശത്ത് പണ്ട് തുറമുഖം ഉണ്ടായിരുന്നെന്നും അതിന്റെ സമീപത്തുള്ള ഊരാണ് തുറവൂർ ആയതെന്നുമാണ് വിശ്വാസം.

പണ്ടൊരിക്കൽ കാസർകോട് കടപ്പുറത്ത് സായാഹ്നം ചെലവഴിച്ച അവിടത്തെതന്നെ അഞ്ച് ഇല്ലങ്ങളിൽപെട്ട അഞ്ച് ബ്രാഹ്മണർക്ക് മുന്നിൽ അത്ഭുത ജ്യോതിസ് പ്രത്യക്ഷപ്പെട്ട് കൂടെ പോരൂ എന്നു പറഞ്ഞുവത്രേ. അതുപ്രകാരം മരക്കപ്പലിൽ ജ്യോതിസിനെ പിന്തുടർന്ന അഞ്ചംഗ ബ്രാഹ്മണസംഘം കിലോമീറ്ററുകൾ തെക്കോട്ട് സഞ്ചരിച്ച് എത്തിയ തുറയാണ് പിന്നീട് തുറവൂരായി മാറിയതെന്നാണ് സങ്കൽപം. ഇപ്പോൾ വളമംഗലം എന്നറിയപ്പെടുന്ന പ്രദേശമാണിത്. ഇവിടത്തെ പ്രധാന പൂജാരിമാർ കാസർകോടുള്ള ബ്രാഹ്മണകുടുംബാംഗങ്ങളാണെന്നത് ഈ ഐതിഹ്യത്തെ ബലവത്താക്കുന്നു.

ഒരുവളപ്പിൽ രണ്ട് ക്ഷേത്രങ്ങൾ കേരളത്തിൽ അപൂർവമാണ്. വടക്കുവശത്തെ ക്ഷേത്രത്തിൽ ഉഗ്രനരസിംഹമൂർത്തിയുടെയും തെക്കുഭാഗത്ത് സുദർശന മൂർത്തിയുടെയും ക്ഷേത്രങ്ങളാണ്. വടക്കും തെക്കുമായി കുടികൊള്ളുന്നതിനാൽ വടക്കനപ്പനെന്നും തെക്കനപ്പനെന്നും ഭക്തർ വിളിച്ചുപോരുന്നു.

നരകാസുരനെ നിഗ്രഹിക്കാൻ സുദർശനചക്രം പ്രയോഗിക്കാൻ തയാറായി നിൽക്കുന്ന കൃഷ്ണനാണ് സുദർശനമൂർത്തി. തൂണ് പിളർന്നുവന്ന് ഹിരണ്യകശിപുവിനെ മാറിടം പിളർന്ന് നിഗ്രഹിക്കുന്ന ഭാവത്തിലുള്ള നരസിംഹപ്രതിഷ്ഠയാണ് വടക്കേക്ഷേത്രത്തിൽ ഉള്ളത്. കേരളക്കരയിലെ അപൂർവം ഉഗ്ര നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണിത്. അങ്ങനെ മഹാവിഷ്ണുവിന്‍റെ ഉഗ്രവും ശാന്തവും പ്രകടിപ്പിക്കുന്ന രണ്ടുഭാവങ്ങൾ കാണാം.

Tags:    
News Summary - The great Thuravur temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.