മാഹി പള്ളിയെ മാർപാപ്പ ബസിലിക്കയായി ഉയർത്തി; വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്ക

കോഴിക്കോട്: മാഹി അമ്മ ത്രേസ്യ തീര്‍ഥാടനകേന്ദ്രത്തെ ​​ഫ്രാൻസിസ് മാർപാപ്പ ബസിലിക്കയായി ഉയർത്തി. വടക്കൻകേരളത്തിലെ ആദ്യത്തെ ബസിലിക്കയായി മാഹി പള്ളി മാറിയതായി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അറിയിച്ചു. മയ്യഴി അമ്മയുടെ ദേവാലയം എന്നാണ് മാഹി സെന്റ് തെരേസാസ് തീര്‍ഥാടനകേന്ദ്രം അറിയപ്പെടുന്നത്.

മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോട് രൂപതയ്ക്ക് അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്‍കിയ സമ്മാനമാണ് ഈ ബസിലിക്ക പദവിയെന്ന് ബിഷപ് പറഞ്ഞു. കേരളത്തിലെ പതിനൊന്നാമത്തെ ബസിലിക്കയാണ് മാഹി സെന്റ് തെരേസാസ് പള്ളി. രാജ്യത്തെ ചരിത്ര പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് ഫ്രഞ്ച് ഭരണപ്രദേശമായിരുന്ന മയ്യഴിയിലെ അമ്മ ത്രേസ്യയുടെ ദേവാലയം.

പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി കേരളത്തിലെ മലബാര്‍ മേഖലയിലുള്ള മാഹിയില്‍ 1736 ല്‍ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. ഇറ്റലിയില്‍ നിന്നുള്ള ഫാ. ഡോമിനിക് ഓഫ് സെന്റ് ജോണ്‍ വടകരയ്ക്കടുത്ത് കടത്തനാട് രാജാവ് ബയനോറിന്റെ കാലത്ത് 1723-ല്‍ മാഹി മിഷന്‍ ആരംഭിച്ചതായി റോമിലെ കര്‍മലീത്താ ആര്‍ക്കൈവ്സിലെ 'ദെ മിസ്സിയോനെ മാഹീനെന്‍സി മലബാറിബുസ് കൊമന്താരിയുസ്' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1736 ല്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788 ല്‍ ആബി ദുഷേനിന്‍ ദേവാലയം പുതുക്കിപ്പണിതു. 1855 ല്‍ പണിതീര്‍ത്ത മണിമാളികയില്‍ ഫ്രഞ്ച് മറീനുകള്‍ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956 ല്‍ ദേവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010 ല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിപുലമായ രീതിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.

റോമന്‍സഭയുമായും പരമോന്നത കത്തോലിക്ക സഭയുടെ അധികാരിയായ പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടവും, സജീവവും അജപാലനവുമായ ആരാധനക്രമത്തിന്റെ കേന്ദ്രവുമാണ് ബസിലിക്കകള്‍. ബസിലിക്കയായി ഉയർത്തിയ പ്രഖ്യാപനം കോഴിക്കോട് രൂപത മെത്രാൻ ബിഷപ്പ് വർഗീസ് ചക്കാലക്കൽ രൂപത കുടുബാഗങ്ങളെ അറിയിച്ചു.  

Tags:    
News Summary - The Mahi church was elevated to a basilica by the Pope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.