വി.ടി.എ റഹ്‌മാന്‍ മാസ്റ്റര്‍

തീക്കൂടാരങ്ങൾക്കിടയിലൂടെ...

1997ലെ ഹജ്ജ് വേളയിൽ മിനയിലുണ്ടായ തീപിടിത്തത്തിന് സാക്ഷിയായ വ്യക്തിയുടെ അനുഭവം

ജ്ജിനെത്തുന്ന ഹാജിമാര്‍ ഉംറ കഴിഞ്ഞ് ആദ്യമെത്തുന്നത് മിനയുടെ പുണ്യം തേടിയാണ്. തമ്പുകളുടെ നഗരമെന്ന വിശേഷണവും ഹാജിമാര്‍ കൂടുതല്‍ നേരം ചെലവഴിക്കുന്ന ഇടമെന്നതിനാലും മിന തീര്‍ഥാടകര്‍ക്ക് സവിശേഷ ഇടമാണ്. അടച്ചുറപ്പുള്ള കെട്ടിടസമാനമായ തമ്പുകളും ശീതീകരിച്ച മുറികളും സുരക്ഷിതത്വവും ഇന്നത്തെ കൂടാരങ്ങളുടെ പ്രത്യേകതകളാണ്.

എന്നാല്‍, ഇതൊന്നുമില്ലാത്തൊരു കാലത്തെ മിന ഇന്നും വേദനയോടെ ഓര്‍ക്കുന്ന ചിലരുണ്ടിവിടെ. മുറിവുണങ്ങാത്ത ഓര്‍മകള്‍ സമ്മാനിച്ച 1997ലെ ഹജ്ജ് വിശേഷങ്ങളെ അയവിറക്കുമ്പോള്‍ ആ ഹാജിമാര്‍ക്കിന്നും വാക്കുകള്‍ മുറിയും. ആളിക്കത്തിയ തീനാളങ്ങളുടെ പ്രതിബിംബം ഇന്നും അവരുടെ കണ്ണുകളില്‍ കാണാന്‍ കഴിയും.


1997 ഏപ്രില്‍ 15, ആത്മസമര്‍പ്പണത്തിന്റെയും വിശുദ്ധിയുടെയും നാളുകളുടെ പുതിയ പകലുകളെ തേടി നാനാദിക്കുകളില്‍ നിന്നും പറന്നെത്തിയ ലക്ഷക്കണക്കിന് മനുഷ്യരുടെ സംഗമം. ഒഴുകുന്ന തൂവെണ്‍ നദിപോലെ പരന്നൊഴുകുന്ന മനുഷ്യര്‍. അതില്‍ കേരളത്തില്‍ നിന്നെത്തിയ ചില ഹാജിമാരുടെ പടനയിച്ചത് കോഴിക്കോട് പാഴൂരിലെ ഒരു ഉർദു അധ്യാപകനായിരുന്നു. നിരവധി തവണ ഹജ്ജ് വളന്റിയറായും അമീറായും പുണ്യഭൂമിയില്‍ ഹാജിമാരെ പരിചരിച്ച വി.ടി.എ റഹ്‌മാന്‍ മാസ്റ്റര്‍. അന്ന് മിനയിലേക്ക് പുറപ്പെട്ട മലയാളി സംഘത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. രാവിലെത്തന്നെ ഉംറ പൂര്‍ത്തിയാക്കി ഹാജിമാര്‍ മിനയിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു. നേരത്തേ സ്ഥലത്തെത്തിയാല്‍ സൗകര്യമുള്ള തമ്പുകളില്‍ സ്ഥലമുറപ്പാക്കാം എന്നതിനാല്‍ മാഷും സംഘവും രാവിലെത്തന്നെ പുറപ്പെട്ടു. എട്ടു മണിക്കുതന്നെ ഇന്ത്യക്കാര്‍ക്കായി തയാറാക്കിയ തമ്പുകളില്‍ ഇടമുറപ്പിച്ചു. പെരുന്നാള്‍ വസ്ത്രവും ഇഹ്‌റാം തുണിയും കുറച്ച് പണവുമടങ്ങിയ ബാഗുകള്‍ മാത്രമാണ് അന്ന് മിനയിലേക്ക് അവര്‍ കരുതിയിരുന്നത്. 20 പേരടങ്ങിയ തുണികൊണ്ട് മറച്ച കൂടാരങ്ങളാണ്. സംഘത്തില്‍ 20ലധികം ഹാജിമാരുണ്ടായതിനാല്‍ അടുത്തടുത്ത ടെന്റുകള്‍ തന്നെ തിരഞ്ഞെടുത്ത് തുണികള്‍ ഉയര്‍ത്തി കെട്ടി. ഭക്ഷണം പാകം ചെയ്യാന്‍ ഗ്യാസ് സിലിണ്ടറടങ്ങിയ സജ്ജീകരണങ്ങള്‍ ഒട്ടുമിക്ക തമ്പുകളിലുമുണ്ട്. അന്തരീക്ഷം ചൂടുപിടിച്ചിരിക്കയാണ്. കാലാവസ്ഥ 40 ഡിഗ്രിയോളമുണ്ട്. നേരം 11 മണി കഴിഞ്ഞു. ഭക്ഷണം പാകം ചെയ്യാനായി ഗ്യാസ് സിലിണ്ടറുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഞാനപ്പോള്‍ സംഘത്തിലുള്ളവര്‍ക്ക് ക്ലാസെടുക്കുകയായിരുന്നു. ഭക്ഷണം പാകം ചെയ്യുന്നവരായും പ്രാര്‍ഥനകളിലായും മറ്റും ഹാജിമാര്‍ മുഴുകിയിരുന്നു. ആ സമയത്താണ് ഉഗ്രശബ്ദത്തോടെ ഒരു പൊട്ടിത്തെറി മിനാ താഴ്വാരത്ത് അലയടിച്ചത്.

കൂടെ മനുഷ്യരുടെ കൂട്ടക്കരച്ചിലും. പുറത്തിറങ്ങിയ ഞങ്ങള്‍ കണ്ടത് കറുത്ത പുക ഉയരുന്നതും ചിതറിയോടുന്ന മനുഷ്യരെയുമാണ്. തമ്പുകള്‍ ആളിക്കത്തുന്നു, തുടരെത്തുടരെ പൊട്ടിത്തെറികള്‍, പരിഭ്രാന്തരായി മനുഷ്യര്‍ അലറിക്കരഞ്ഞു, ദിക്കറിയാതെ ഓടിത്തുടങ്ങി. താഴ്വാരത്തിന്റെ മൂന്ന് ഭാഗത്തേക്കും തീയാളിക്കത്തുകയാണ്. കൂടെയുള്ള ചിലരെയും കൂട്ടി തീയില്ലാത്ത ഭാഗം ലക്ഷ്യമാക്കി ഞാനും ഓടി. കൂട്ടത്തില്‍ ആബാലവൃദ്ധം മനുഷ്യരുമുണ്ടായിരുന്നു. ഓടാന്‍ കഴിയാതെ കിതച്ചും വെള്ളം കിട്ടാതെ വിയര്‍ത്തും മനുഷ്യര്‍ ജീവനുവേണ്ടി ഓടിക്കൊണ്ടിരുന്നു. പൊള്ളലേറ്റും പാറക്കെട്ടുകള്‍ക്കിടയില്‍ വീണും പലര്‍ക്കും പരിക്കുകളായി. തളര്‍ന്നു വീഴാന്‍ കൂട്ടാക്കാതെ മനുഷ്യര്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒത്തുകൂടി. തീയണക്കാനായി പറന്നിറങ്ങുന്ന ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്ന മനുഷ്യരെയും ആ കറുത്ത പുകകള്‍ക്കു താഴെ ഞങ്ങള്‍ക്ക് കാണാമായിരുന്നു. 20 പേരെയും കൊണ്ട് ഓടിയെങ്കിലും പലരും പലയിടത്തായി വഴി തെറ്റി. തമ്മില്‍ കാണാത്തവരെ പലരെയും ശഹീദുകളായി പലരും സ്ഥിരീകരിക്കുന്നുണ്ടായിരുന്നു. വൈകീട്ട് അഞ്ചോടെ പരിസരം ശാന്തമായി, ഞങ്ങളുടെ തമ്പുകളിലേക്ക് പോകാമെന്നായി. ഉയരത്തില്‍ നിര്‍ത്തിയ തൂണുകളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന സൂചനകള്‍ ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. സ്ഥലമടുക്കുംതോറും മുമ്പില്ലാതിരുന്ന അസഹനീയ ഗന്ധം ഞങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.

അന്നവിടെ മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ദയനീയ കാഴ്ചകള്‍ക്ക് ഞങ്ങള്‍ സാക്ഷിയായി. മനുഷ്യന്റെ കത്തിയ ശരീരഭാഗങ്ങള്‍, വെള്ള പുതപ്പിച്ച മൃതദേഹങ്ങള്‍, പൂര്‍ണമായി കത്തിയമര്‍ന്ന തമ്പുകള്‍, അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വാപിളര്‍ന്ന ഗ്യാസ് സിലിണ്ടറുകള്‍, ചാരമായ പുത്തന്‍ പെരുന്നാള്‍ കുപ്പായങ്ങള്‍ അങ്ങനെ പലതും. തീപ്പൊരി വീണ് കേടുപാടുകള്‍ സംഭവിച്ച ഇഹ്‌റാം തുണികള്‍ മാത്രമാണ് പലരിലും ബാക്കിയായത്. അപ്പോഴും കത്തിയ ചാരത്തിന്റെ വേദനിപ്പിക്കുന്ന ഗന്ധം താഴ്വാരത്തുടനീളം പരന്നൊഴുകുന്നുണ്ടായിരുന്നു. സങ്കടങ്ങളെ അടക്കിപ്പിടിച്ച് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് ഞങ്ങള്‍ ആ രാവ് പ്രാര്‍ഥനകളിലായി തുടര്‍ന്ന് പകലാക്കി. അപ്പോഴും കൂടെ വന്നിരുന്ന പലരും അദൃശ്യതയിലാണ്. ആ വേവലാതി മനസ്സില്‍ നിലനിര്‍ത്തിത്തന്നെ ഞങ്ങള്‍ അറഫയിലേക്ക് സഞ്ചരിച്ചു. അവിടെ ഹാജിമാര്‍ക്കായി ഭക്ഷണവും മറ്റും മന്ത്രാലയം ഒരുക്കിയിരുന്നു. ആശ്വാസമെന്നോണം അതും കഴിച്ച് പെരുന്നാളും കഴിച്ച് ഞങ്ങള്‍ തിരിക്കാന്‍ ഒരുക്കമായി. തീപിടിത്ത വാര്‍ത്തകള്‍ അക്കാലത്ത് ടെലിവിഷന്‍ വഴി നാട്ടില്‍ പ്രചരിച്ചിരുന്നു. 300ഓളം പേര്‍ മരിച്ചതായും 1300 ഓളം പേര്‍ക്ക് പരിക്കേറ്റതായും ഞങ്ങള്‍ പിന്നീടറിഞ്ഞു.

ഞാന്‍ തീപിടിത്തത്തില്‍ മരിച്ചെന്ന വാര്‍ത്തയും ആസമയം നാട്ടില്‍ പരന്നിരുന്നു. വീട്ടില്‍ ലാന്‍ഡ് ഫോണ്‍ സംവിധാനമില്ലാത്തതിനാല്‍ അടുത്ത വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചതോടെയാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ആ വേവലാതിക്ക് അറുതിവന്നത്. കൂട്ടത്തില്‍വന്ന ചിലരുടെ മരണം ഞങ്ങള്‍ സംഭവസ്ഥലത്തുതന്നെ സ്ഥിരീകരിച്ചിരുന്നു. കാണാതായ മറ്റുചിലരെ പിന്നീട് കണ്ടുകിട്ടി. ഇന്നും ഞാന്‍ വേദനയോടെ ഓര്‍ക്കുന്ന ഒരു കാര്യം സംഘത്തിലുണ്ടായിരുന്ന കോഴിക്കോട് മാങ്കാവ് സ്വദേശിയായ മുഹമ്മദ് കോയ ഹാജിയുടെ മരണമാണ്. കാലിന് നടക്കാന്‍ പ്രയാസമുള്ള അദ്ദേഹം രക്ഷപ്പെടാനാകാതെ അവിടെ അകപ്പെട്ടതാകാം എന്നതും എന്നെ കൂടുതല്‍ ദുഃഖത്തിലാഴ്ത്തി. റൂമിലവശേഷിച്ച അദ്ദേഹത്തിന്റെ ബാഗ് ഞാനായിരുന്നു നാട്ടിലെത്തിച്ചത്. അത് അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കാനും പ്രിയപ്പെട്ടവരെ സമാധാനിപ്പിക്കാനും സാധിച്ചു എന്നത് മാത്രമാണ് എന്നെ ആശ്വസിപ്പിക്കുന്ന കാര്യം. 

Tags:    
News Summary - Through the fires...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.