അമ്പലപ്പുഴ: വിനോദസഞ്ചാരികള്‍ ആലപ്പുഴയില്‍ എത്തിയാല്‍ മറക്കാതെ എത്തുന്ന ഒരിടമാണ് അമ്പലപ്പുഴയും കരുമാടിയും പല്ലനയുമൊക്കെ. പഴമയുടെ തനിമ മായംകലരാതെ നിലനിന്നുപോരുന്ന ഗ്രാമഭംഗിയാണ് ഇവിടങ്ങളിലെ ആകർഷണം. ചെറുതോടുകളും ദേശീയ ജലപാതയും കണ്ണെത്താ ദൂരത്തോളമുള്ള നെൽപാടങ്ങളും എല്ലാം വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ഇന്നും പഴമ നിലനിർത്തുന്ന കളിത്തട്ടുകൾ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.
അമ്പലപ്പുഴ-തിരുവല്ല പാതയോരത്തോട് ചേർന്നുള്ള കരുമാടിയിലെ കാമപുരം ശങ്കരനാരയണ ക്ഷേത്രം ദര്‍ശിക്കാൻ നിരവധിപേരും വിനോദസഞ്ചാരികളും എത്താറുണ്ട്. ഇവിടത്തെ ശ്രീകോവിലിന് മുന്നിലുള്ള കല്‍വിളക്ക് തനിയെ നീങ്ങുന്നു എന്നാണ് വിശ്വാസം. വിദേശ ആക്രമണം ഉണ്ടായപ്പോൾ കൊള്ളയടിക്കാതിരിക്കാൻ ഇവിടെ ഉണ്ടായിരുന്ന സ്വർണക്കൊടിമരം നടയിൽ കുഴിച്ചിട്ടുവെന്നും ആരുടെയും ശ്രദ്ധയിൽപെടാതിരിക്കാൻ ആ ഭാഗത്ത് കല്‍വിളക്ക് സ്ഥാപിച്ചുവെന്നും കരുതുന്നു. കരുമാടി എന്നു കേട്ടാൽ ആദ്യം ഓർമയിലെത്തുന്നത് കരുമാടിക്കുട്ടനെയാണ്.
കരുമാടിക്കുട്ടനെ പ്രതിഷ്ഠിച്ചിട്ടുള്ള ടി.എസ് കനാലിനോട് ചേർന്ന ബുദ്ധവിഹാരം കാണാനും ചിത്രം പകര്‍ത്താനും തദ്ദേശീയരും വിദേശികളുമായ നിരവധിപേരാണ് എത്തുന്നത്. കേരളത്തിൽ ബുദ്ധമതം വളരെ പ്രചാരം നേടിയിരുന്ന കാലത്തിന്റെ തെളിവായിട്ടാണ് പല ചരിത്രകാരന്മാരും ഇതിനെ കാണുന്നത്. ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ പറയുന്നത് കരുമാടിക്കുട്ടൻ ജൈനപ്രതിമ എന്നാണ്. കരുമാടി എന്ന സ്ഥലത്തുനിന്ന് ലഭിച്ച വിഗ്രഹമായതിനാലാണ് കരുമാടിക്കുട്ടൻ എന്ന് പേരുവന്നത്. കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്ന വിഗ്രഹം പിന്നീട് സംരക്ഷിച്ചെടുത്തത് സർ റോബർട്ട് ബ്രിസ്റ്റോ ആയിരുന്നു. കരുമാടിക്കുട്ടനെ ചുറ്റിപ്പറ്റി നിരവധി ഐതീഹ്യം പ്രചരിച്ചിട്ടുണ്ട്.
ആദി ചേരരാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴയായിരുന്നു. അക്കാലത്തെ ചേരരാജാക്കന്മാരെ കുട്ടുവർ, കുട്ടവൻ, കുട്ടൻ എന്നും മറ്റും വിശേഷിപ്പിച്ചിരുന്നു. ഇവരിൽ പലരുടെയും പേരിൽ പിന്നീട് ബുദ്ധവിഹാരങ്ങൾ പണിതിരുന്നു. ബ്രാഹ്മണാധിനിവേശ കാലത്ത് കരുമാടിക്കുട്ടനുൾപ്പെടെയുള്ള വിഗ്രഹങ്ങൾ പലതും നദികളിൽ എറിയപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.