മലപ്പുറം: ഹജ്ജ് നിർവഹിക്കാൻ കാൽനടയായി മലപ്പുറം ജില്ലയിലെ ആതവനാടുനിന്ന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്‍റെ യാത്ര കേരളവും കർണാടകയും കടന്ന് ഗോവയിലേക്ക്. ഞായറാഴ്ച ഉച്ചയോടെ ഗോവയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കർണാടകയിൽ ശിഹാബിനെ അനുഗമിക്കുന്ന സുഹൃത്ത് ശിഹാസ് പറഞ്ഞു. ശനിയാഴ്ച രാവിലെ കർണാടകയിലെ അങ്കോളയിൽനിന്ന് തിരിച്ച ശിഹാബ് വൈകീട്ടോടെ ഗോവ അതിർത്തിയിൽനിന്ന് 13 കിലോമീറ്റർ അകലെയുള്ള കാർവാറിൽ 17ാം ദിവസത്തെ യാത്ര അവസാനിപ്പിച്ചു. ഇതുവരെ 560 കിലോമീറ്ററാണ് പിന്നിട്ടത്. ദിനേന 35 മുതൽ 40 വരെ കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്. ഇടക്ക് പള്ളികളിലും മറ്റും വിശ്രമിച്ചാണ് യാത്ര.
അങ്കോളക്കും കാർവാറിനുമിടയിൽ റോഡരികിൽ പള്ളികൾ കുറവായതിനാൽ വിശ്രമം കുറഞ്ഞു. ഇതിനാൽ, 33 കിലോമീറ്റർ മാത്രമാണ് ശനിയാഴ്ച സഞ്ചരിച്ചതെന്ന് ശിഹാസ് പറഞ്ഞു. മഹാരാഷ്ട്ര പിന്നിടുന്നതു വരെയുള്ള യാത്രക്കാവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ബന്ധുക്കളിലും സുഹൃത്തുക്കളിലും പെട്ടവർ ശിഹാബിനെ ഊഴമിട്ട് അനുഗമിക്കുന്നുണ്ട്. ഗോവ, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന വഴി പഞ്ചാബിലെ വാഗ അതിർത്തി പിന്നിടാനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. യാത്രക്ക് കർണാടകയിൽ വൻ വരവേൽപാണ് ലഭിച്ചത്.
പലയിടത്തും സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനാളുകളെത്തി. മംഗലാപുരം, ഉഡുപ്പി, കുന്ദാപുര, ഭട്കൽ, മുരുദേശ്വർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റോഡരികിലും പള്ളികളിലും വലിയ ആൾക്കൂട്ടമാണ് ഉണ്ടായിരുന്നത്. പള്ളി -മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാനർ പിടിച്ച് സംഘമായി അനുഗമിച്ചിരുന്നു. റോഡരികിൽ ശീതളപാനീയമടക്കം ശിഹാബിനും അനുഗമിക്കുന്നവർക്കുമായി ഒരുക്കി. പലയിടത്തും പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. കുംത ടൗണിൽ ഓഡിറ്റോറിയത്തിലാണ് സ്വീകരണം നൽകിയത്. മലയാളം, കന്നട വ്ലോഗർമാരും ശിഹാബിനെ അനുഗമിക്കുന്നുണ്ട്. യാത്രയുടെ അതത് ദിവസത്തെ വിവരങ്ങളറിയാൻ ശിഹാബിന്‍റെ യൂട്യൂബ് ചാനൽ മൂന്നര ലക്ഷത്തോളം പേരാണ് പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.