പെരിന്തൽമണ്ണ: അക്ഷരവെളിച്ചം പകർന്നുനൽകി അധ്യാപക വൃത്തിയിൽ അഞ്ച് തലമുറകൾ കൈകോർത്ത പാരമ്പര്യമാണ് ആലിപ്പറമ്പ് പഞ്ചായത്തിൽ പാറൽ വീട്ടിക്കാട് എ.എൽ.പി സ്കൂളിന്റേത്. 1899ൽ കാട്ടുകണ്ടത്തിൽ കുട്ട്യാമു മൊല്ലയാണ് വീട്ടിക്കാട് എ.എം.എൽ.പി സ്കൂൾ സ്ഥാപിച്ചത്. ഇവിടത്തെ ആദ്യ അധ്യാപകനും അദ്ദേഹം തന്നെ. അഞ്ചുതലമുറയിൽപെട്ട അധ്യാപകനിരക്ക് പിന്നീടങ്ങോട്ട് പ്രചോദനം ഇദ്ദേഹമാണ്. കുട്ട്യാമു മൊല്ലയുടെ പിതാവ് മൊയ്തീൻ മാസ്റ്റർ കുടിപ്പള്ളിക്കൂടമായാണിത് തുടങ്ങുന്നത്.
ആദ്യ തലമുറയുടെ തുടക്കം ഇദ്ദേഹത്തിൽനിന്നാണ്. കുട്ട്യാമു മൊല്ല, മക്കളായ കുഞ്ഞയമുട്ടി, മൊയ്തീൻ, മുഹമ്മദ് (മമ്മു) ഇവരാണ് രണ്ടാം തലമുറയിലെ അധ്യാപകർ. മൂന്നാം തലമുറയിൽ കുട്ടി മുഹമ്മദ്, അബ്ദുസ്സമദ്, അബൂബക്കർ (അബു), അബൂബക്കർ (അബുട്ടി) ഭാര്യ റുഖിയ, യൂസഫ് കുട്ടി, ഭാര്യ സ്വാലിഹ ബീവി, ഫാത്തിമ ബീവി എന്നിവരാണ്. നാലാം തലമുറയിലാണ് അധ്യാപകർ കൂടുതൽ. റഹ്മത്തുല്ല (തൂത ഡി.യു.എച്ച്.എസ്.എസ് പ്രിൻസിപ്പൽ), റൈഹാനത്ത് (പാറൽ വീട്ടിക്കാട് എ.എം.എൽ.പി ഹെഡ്മിസ്ട്രസ്സ്), സിഫാനത്ത് ബീവി, റഷീദ, ഹുസൈൻ പാറൽ, ഭാര്യ ഷമീമ, മുഹമ്മദ് അമീൻ (പാലക്കാട് പുളിയംപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ) ഭാര്യ സനിയ്യ, ഉമ്മർ ഫാറൂഖ്, ഭാര്യ മുബീന, നജ്മുദ്ദീൻ, (വളാഞ്ചേരി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ), ഭാര്യ ഷബ്ന, ബുഷറ, സുമയ്യ, അബ്ദു ലത്തീഫ്, ഭാര്യ ഷമീല, ഫാത്തിമ സഹീദ, മുബഷിറ, സക്കീർ ഹുസൈൻ, ഭാര്യ ജസീല, മുഹമ്മദ് അഷ്റഫ്, നസീബ, തസ്രി എന്നിവരാണവർ. അഞ്ചാം തലമുറയിലെ നൗഷജ, അൻസാർ, റസീന, ഷൈജൽ, അഫീഫ, സൽവ, മുബശ്ശിറ എന്നിവരിലെത്തി നിൽക്കുന്നു ഈ പാരമ്പര്യം. അറിവിന്റെ ആദ്യക്ഷരം മുതൽ കുടുംബ പാരമ്പര്യത്തിന്റെ ഈ തായ് വേര് നോക്കിനടന്നാണ് അധ്യാപക വൃത്തിയിലെത്തിയതെന്ന് ഇളം തലമുറയിലെ ഹുസൈൻ പാറൽ പറയുന്നു. ഇവരെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കടപെട്ടിരിക്കുന്നത് 125 വർഷം പിന്നിടുന്ന പാറലിൽ തലയുയർത്തി നിൽക്കുന്ന വീട്ടിക്കാട് സ്കൂളിനോടാണ്.
കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.എസ്, പാലക്കാട് പുളിയംപറമ്പ് എച്ച്.എസ്.എസ്, മണ്ണാർക്കാട് എം.ഇ.എസ്.എച്ച്.എസ്.എസ്, വളാഞ്ചേരി എം.ഇ.എസ് എച്ച്.എസ്.എസ് തുടങ്ങിയ കലാലയങ്ങളിൽ ഈ കുടുംബത്തിൽ വേരുകളുള്ളവർ അധ്യാപകരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.