കോട്ടയം: അയർക്കുന്നം പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹെൻറ മുന്നിലെത്തുേമ്പാൾ ആരും മാസ്ക് ധരിക്കാറില്ല. ഇനി മാസ്ക് ധരിച്ചാൽ തന്നെ രശ്മിയോടു സംസാരിക്കണമെങ്കിൽ അത് മാറ്റിയേ തീരൂ. കാരണം ശബ്ദമില്ലാത്ത തെൻറ ലോകത്തെ അവർ കേൾക്കുന്നത് ചുണ്ടനക്കങ്ങളിലൂടെയാണ്.
മൂന്നാം വയസ്സിൽ കേൾവിയും സംസാരശേഷിയും നഷ്ടപ്പെട്ട രശ്മി, നാൽപതാംവയസ്സിൽ, നിശ്ചയദാർഢ്യം കൊണ്ടുനേടിയ ജീവിതവിജയങ്ങളുടെ നെറുകയിലാണ്. ഏറ്റവുമൊടുവിൽ 2020ലെ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള ദേശീയ പുരസ്കാരവും തേടിയെത്തി.
പാലാ പുലിയന്നൂർ തെക്കുംമുറികരയിൽ കിടേഞ്ചരിൽ െക. മോഹനെൻറയും രാധാമണിയുടെയും മകളാണ് രശ്മി. കേൾക്കാനും സംസാരിക്കാനും കഴിയില്ലെന്നതൊന്നും മാതാപിതാക്കൾ കുറവായി കണ്ടില്ല. അവർ അവളെ സാധാരണ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. സഹപാഠികളുടെ നോട്ടുബുക്ക് വാങ്ങി പലയാവർത്തി എഴുതിയാണ് പഠിച്ചത്. പത്താംക്ലാസും പ്രീഡിഗ്രിയും ഫസ്റ്റ് ക്ലാസോടെ വിജയിച്ചു. ഡിഗ്രിക്ക് ഒറ്റ മാർക്കിെൻറ വ്യത്യാസത്തിൽ ഒന്നാംറാങ്ക് നഷ്ടമായി. അന്ന് അമ്മയായിരുന്നു തെൻറ നാവെന്ന് രശ്മി പറയുന്നു. നിരവധി വർഷത്തെ ചികിത്സയെത്തുടർന്ന് വിവാഹശേഷം ഭാഗികമായി സംസാരശേഷി തിരിച്ചുകിട്ടി.
2004 ൽ മുത്തോലി പഞ്ചായത്തിൽ എൽ.ഡി ക്ലർക്കായി ജോലിയിൽ കയറി. പരിശീലനക്ലാസുകൾ മനസ്സിലാവാത്തതിനാൽ ഓഫിസിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ബിനു ജോൺ, ജോലി ചെയ്യേണ്ട വിധം 60 പേജിൽ എഴുതിക്കൊടുത്തു. അതുനോക്കിയാണ് ജോലി പഠിച്ചത്. തുടർന്ന് കോട്ടയം ജില്ല പഞ്ചായത്തിലും കടനാട്, തലപ്പലം, എരുമേലി, പള്ളിക്കത്തോട് പഞ്ചായത്തുകളിലും ജോലി ചെയ്തു. തെൻറ ജോലി ആത്മാർഥതയോടെ ചെയ്യുന്ന ആളാണ് രശ്മിയെന്ന് അയർക്കുന്നം പഞ്ചായത്ത് പ്രസിഡൻറ് സീമ ബിജു സാക്ഷ്യപ്പെടുത്തുന്നു.
സെക്രേട്ടറിയറ്റിലും മന്ത്രിമാരുടെ ഓഫിസിലും ചെല്ലുേമ്പാൾ ആംഗ്യഭാഷ പരിഭാഷകൻ ആയ വിനയചന്ദ്രനാണ് സഹായം. പഞ്ചായത്ത് വകുപ്പിൽ ആംഗ്യഭാഷയിൽ പരിശീലനം നൽകാൻ ആരംഭിച്ചപ്പോൾ സന്തോഷിക്കുകയാണ് രശ്മി. കാരണം ഭിന്നശേഷിക്കാരായവർക്കുവേണ്ടി ആംഗ്യഭാഷയിലും അടിക്കുറിപ്പോടെയും ക്ലാസുകൾ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് രശ്മിയാണ്.
മുത്തോലിയിലെ വീട്ടിൽനിന്ന് ബസിലാണ് ഓഫിസിലെത്തുക. ഇറങ്ങേണ്ട സ്ഥലം പറയുേമ്പാൾ കണ്ടക്ടർക്ക് മനസ്സിലാവില്ല. മനസ്സിലാവുന്നതുവരെ ആവർത്തിച്ചുപറയുമെന്ന് ചിരിയോടെ രശ്മി. സാമൂഹിനീതിവകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ പുരസ്കാരം 2016ൽ രശ്മിയെ തേടിയെത്തി. ഡെഫ് വിമൻസ് ഫോറം സംസ്ഥാന പ്രസിഡൻറ്, ഡെഫ് എംപ്ലോയീസ് ഫോറം കേരള സംസ്ഥാന കോഓഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഭർത്താവ് അനിൽകുമാർ മാധ്യമപ്രവർത്തകനാണ്. വിദ്യാർഥികളായ പാർവതി, ശിവാനി എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.