ഈ വാച്ചൊരു കഥപറയും...!

എന്റെ ഖത്തർ ലോകകപ്പ് യാത്രയുടെ അവസാന ഭാഗം എഴുതി അവസാനിപ്പിക്കാൻ നാല് മാസവും പത്തു ദിവസവും വേണ്ടി വന്നു. അതാകട്ടെ "കഥ പറയുന്ന" ഒരു വാച്ചിന്റെ കഥയും..!

കഴിഞ്ഞ ഒന്നര വർഷമായി എന്റെ " ആരോഗ്യ രഹസ്യങ്ങൾ ഒക്കെ രേഖപ്പെടുത്തി വച്ചിട്ടുള്ള ഒരു സ്മാർട്ട് വാച്ചുമായിട്ടായിരുന്നു എന്റെ യാത്രകൾ. അങ്ങനെ ‘അവൻ’ അതോ ‘അവളോ’ എന്നോടൊപ്പമുണ്ടായിരുന്നു, ചരിത്രമായിട്ടവസാനിച്ച ഖത്തർ ലോക കപ്പിലും.

ആകെ മൂന്നു കളികൾക്കേ ടിക്കറ്റ് കിട്ടിയിരുന്നുള്ളു, അതും പ്രാരംഭ റൗണ്ടുകളിലേത്. ചിലപ്പോൾ സെമിയോ ഫൈനലോ ഒക്കെ കാണാൻ കഴിഞ്ഞേക്കും എന്ന അതിമോഹവുമായി ഡിസംബർ മൂന്നാം തിയതി രാവിലേ ഖത്തർ എയർവേസ് വിമാനത്തിൽ ഞാൻ ഡ്യുസൽഡോർഫ് നഗരത്തിലേക്കു തിരിച്ചു പറന്നു.

ലോക കപ്പിനെത്തിയ ഹയ്യാ അതിഥിയാണെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ പരിശോശോധനകൾക്കൊന്നും ഒരു ദയയും ഉണ്ടായില്ല. ഒക്കെ കടു കട്ടി. പാദരക്ഷക്കും അരപ്പട്ടക്കും എന്തിനു കൈയിൽ കെട്ടിയ ചെറിയ വാച്ചിന് പോലും ഭീകര രൂപം പ്രാപിക്കാൻ കഴിഞ്ഞേക്കുമെന്ന മുന്നറിവുകൾ കാരണം അതൊക്കെ അഴിച്ചു ഒരു ട്രേയിൽ വച്ചുകൊടുക്കണം. എന്നിട്ട് യന്ത്രക്കണ്ണുകൾ കടന്നുവേണം അതൊക്കെ വീണ്ടും നമ്മുടേതാകാൻ. ബെൽറ്റും ഷൂസും ഒക്കെ എടുത്ത ഞാൻ എന്തുകൊണ്ടോ എന്റെ സന്തത സഹചരിയായ സമയമാപിനി എടുക്കാൻ വിട്ടുപോയി.

വിമാനത്തിൽ കയറി സമയം നോക്കിയപ്പോഴാണ് ഞെട്ടിയത്. എന്റെ പ്രിയ വാച്ച് കാണുന്നില്ല. സെക്യൂരിറ്റി ചെക്കിലെ ട്രേ അപ്പോഴാണ് എന്റെ മനസ്സിലൂടെ മിന്നൽ പോലെ കടന്നുപോയത്. ഉടനെ തന്നെ ഞാൻ ഒരു വിമാനജീവനക്കാരനെ കണ്ടെത്തി വിവരം പറഞ്ഞു.

ആശങ്ക വേണ്ടെന്നും അയാൾ തന്ന മെയിൽ വിലാസത്തിൽ എല്ലാ വിവരവും ചേർത്തൊരു സന്ദേശം അയച്ചാൽ, സുരക്ഷാ പരിശോധനയിൽ ആണത് മറന്നു വച്ചതെങ്കിൽ അത് തിരിച്ച് എത്തിക്കുമെന്നും അറിയിച്ചു.

അതനുസരിച്ചു അന്നുതന്നെ കൈയിൽ ഉണ്ടായിരുന്ന കടലാസുകളുടെ പകർപ്പടക്കം ഒരു അപേക്ഷ തയാറാക്കി ഞാൻ അയച്ചു കാത്തിരുന്നു. കാത്തിരിപ്പ് തുടർന്നോളൂ, വിവരം അന്വേഷിച്ചു അറിയിക്കാം എന്നൊരു മറുപടി അപ്പോൾ തന്നെ കിട്ടി.

ഒരാഴ്ച കഴിഞ്ഞപ്പോൾ ആശ്വാസകരമായ മറ്റൊരു മറുപടി. നിങ്ങളുടെ വിവരണം അനുസരിച്ചുള്ള ഒരു വാച്ചു കണ്ടു കിട്ടിയിട്ടുണ്ട്. അത് നിങ്ങളുടേത് എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുക. അതിന്റെ പടവും കൈയിൽ ഉണ്ടായിരുന്ന രേഖകളും അപ്പോൾ തന്നെ അയച്ചു കൊടുത്തു. ഇതുപോരാ, അത് അവർ അയച്ചു തന്നിരിക്കുന്ന അറ്റാച്മെന്റ് ഡൗൺലോഡ് ചെയ്ത് അതിൽ അയക്കണം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഡൗൺലോഡ് നടന്നില്ല. അക്കാര്യം വിവരിച്ച് വീണ്ടും ഒരു ഇ മെയിൽ.

അപ്പോൾ വിചിത്രമായ മറ്റൊരു മറുപടി കാത്തിരിക്കുക ഈ വാച്ചിന് മറ്റൊരു അവകാശി ഉണ്ടോ എന്നു അറിയുംവരെ !!.

അപ്പോഴേക്കും മൂന്നു മാസം വേഗമങ്ങ് കടന്നുപോവുകയും ചെയ്തു. അപ്പോഴാണ് ഖത്തർ വിമാനക്കാരന്റെ കൗതുകകരമായ മറ്റൊരു അറിയിപ്പ്. " നിങ്ങളുടെ ലോസ്റ്റ്‌ പ്രോപ്പർട്ടി മൂന്നു മാസ സമയ പരിധിക്കുള്ളിൽ ഏറ്റുവാങ്ങിയിട്ടില്ല. അതുകൊണ്ട് ഇനി നിങ്ങൾക്കതിൽ അവകാശമില്ല..!

വിചിത്രമാണവരുടെ നടപടിക്രമങ്ങൾ എന്നും അതുവരെ അവർ ആവശ്യപ്പെട്ട എല്ലാ രേഖകളും അവർ അനുവദിച്ച സമയപരിധിക്ക് എത്രയോ മുൻപേ ഹാജരാക്കിയിട്ടും അത് പുറപ്പെട്ട വിമാനത്താവളത്തിലോ എന്റെ വിലാസത്തിലോ എത്തിക്കാത്തത് നിങ്ങളുടെ വീഴ്ച ആണല്ലോ എന്നൊരു മെയിൽ അയച്ചു. ആ അദ്ധ്യായം അതോടെ അവസാനിച്ചു എന്ന് കരുതി. പകരം ഏതാണ്ട് അതുപോലൊരെണ്ണം ഞാൻ വാങ്ങുകയും ചെയ്തു.

അപ്പോഴാണ് രണ്ടു ദിവസം മുൻപ് ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വിചിത്രവും വിസ്മയകരവും ആയ മറ്റൊരു അറിയിപ്പ്.

" നിങ്ങളുടെ നഷ്ട്ടപ്പെട്ട പ്രോപ്പേർട്ടി ഡ്യുസൽഡോർഫ് വിമാനത്താവളത്തിലെ ഖത്തർ എയർ വേസ് ഓഫീസിൽ നിന്ന് രാവിലെ 9 നും വൈകുന്നേരം 5 നും ഇടയിൽ രേഖകൾ ഹാജരാക്കി ഏറ്റുവാങ്ങാവുന്നതാണ്..!

അറിയിപ്പുകിട്ടുമ്പോൾ ഞാൻ 600 കിലോമീറ്റർ അകലെയുള്ള ലൈപ്സിഷ് നഗരത്തിൽ. രണ്ടു പുതിയ വാച്ചു വാങ്ങുന്ന വണ്ടിക്കൂലി ചെലവിട്ട് അത്രയും ദൂരം സഞ്ചരിച്ച് ആ അപൂർവ അനുഭവ കഥ പങ്കിടുന്ന ആ വാച്ചു ഞാൻ ഇന്നു ഏറ്റു വാങ്ങി. അതോടെ

അതിവിചിത്രമായ ആ അധ്യായത്തിന് അങ്ങനെ ആഹ്ലാദകരമായ ഒരു പരിസമാപ്തി..!!

ഒപ്പം ഖത്തർ എയർവേസ് കാരുടെ കാര്യപ്രാപ്തിക്കൊരു നന്ദിയും 🌹

Tags:    
News Summary - The story of a lost watch in the time of Qatar World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.