മൂവാറ്റുപുഴ: ആറു പതിറ്റാണ്ടായി കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ് മൂവാറ്റുപുഴക്കാരുടെ സ്വന്തം മജീഷ്യൻ അന്ത്രുക്ക. മാജിക്ക് എന്ന കലയെ കൂട്ടുകാരനാക്കിയ ഇദ്ദേഹം, വയസ്സ് 80 എത്തിയപ്പോഴും ജാലവിദ്യ വേദികൾ തോറുമുള്ള തന്റെ പ്രയാണം തുടരുകയാണ്. മജീഷ്യനായി മാത്രമല്ല, മാജിക്കിന് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്നതിലും അഗ്രഗണ്യനാണ് അദ്ദേഹം. നിരവധി ശിഷ്യസമ്പത്തുള്ള അദ്ദേഹത്തിലൂടെ മാജിക് അറിവുകൾ നേടിയവരാണ് കേരളത്തിലെ പ്രഗത്ഭരായ പല മജീഷ്യന്മാരും. അസാമാന്യ ക്ഷമയുള്ളവർക്ക് മാത്രം അഭ്യസിക്കാനാകുന്ന ഈ കൈയ്യടക്ക് വിദ്യ കൈപിടിയിലാക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചെത്തുന്നവരെ അന്ത്രുക്ക ഒഴിവാക്കാറില്ല. മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മാതൃസഹോദരൻ കുഞ്ഞാമുവിലൂടെയാണ് അന്ത്രു മാജിക്കിന്റെ ബാലപാഠം അഭ്യസിച്ചത്. അത് പിൽക്കാലത്ത് തന്റെ ജീവനോപാധിയാകുമെന്ന് അന്ത്രു അന്ന് കരുതിയിരുന്നില്ല.
മാമയിൽ നിന്നും പഠിച്ച വിദ്യ ആദ്യമായി അന്ത്രു അവതരിപ്പിച്ചത് ക്ലാസ് മുറിയിൽ കൂട്ടുകാർക്ക് മുന്നിലായിരുന്നു.1970കളിൽ ജോലി ആവശ്യാർഥം സിംഗപ്പൂരിൽ എത്തിയതോടെ മാജിക് പഠനത്തിന് കൂടുതൽ അവസരങ്ങൾ തുറന്നുകിട്ടി. അവിടെ കമ്പനി ജീവനക്കാരനായി ജോലി നോക്കിവരുന്നതിനിടെ ലഭിക്കുന്ന ഒഴിവുസമയങ്ങളിൽ തൊട്ടടുത്തുള്ള മാജിക് മാസ്റ്ററിൽ നിന്നും കൂടുതൽ വിദ്യകൾ പഠിക്കാനായി. ഇതിനിടെ കൈയടക്ക് വിദ്യക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിർമിക്കാനും പഠിച്ചു. ഇന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള മജീഷ്യന്മാരിൽ പലർക്കും മാജിക്ക് ഉപകരണങ്ങൾ നിർമിച്ച് നൽകുന്നത് അന്ത്രുവാണ്. നൂറുകണക്കിന് സ്റ്റേജുകളിൽ മാജിക് അവതരിപ്പിച്ച് പ്രശംസപിടിച്ചു പറ്റിയിട്ടുണ്ടങ്കിലും അർഹമായ അംഗീകാരമൊന്നും ഈ കലാകാരന് ലഭിച്ചിട്ടില്ല.
മാജിക് തിരക്കുകൾക്കിടയിൽ അടുത്തിടെ പുറത്തിറങ്ങിയ 'മൂന്നാം നാൾ ഞായറാഴ്ച' എന്ന സിനിമയിലും അഭിനയിച്ചു. അന്ത്രു നല്ലൊരു ഗായകൻ കൂടിയാണ്. നിരവധി സ്റ്റേജുകളിൽ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.