മനാമ: പൊതുവിജ്ഞാനത്തിലൂടെ റെക്കോഡുകൾ കരസ്ഥമാക്കിയ കുരുന്നുകൾ ശ്രദ്ധേയരാകുന്നു. ബഹ്റൈൻ പ്രവാസികളായ തൃശൂർ പീച്ചി സ്വദേശി സുഭാഷിന്റെയും യുപിഷയുടെയും മക്കളായ അഞ്ചര വയസ്സുകാരി ആദ്യ ലക്ഷ്മിയും രണ്ടര വയസ്സുകാരി അദിതി ലക്ഷ്മിയുമാണ് ഏഷ്യബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടംപിടിച്ച് അത്ഭുതമാകുന്നത്. ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന ആദ്യലക്ഷ്മി ഒന്നര വയസ്സിൽ സംസാരം തുടങ്ങിയപ്പോൾ മുതൽ വേഗത്തിൽ കാര്യങ്ങൾ ഗ്രഹിച്ച് ചുറ്റുപാടും കാണുന്നതും കേൾക്കുന്നതുമെല്ലാം അമ്മയോട് ചോദിച്ച് മനസ്സിലാക്കാൻ തുടങ്ങി.
അമ്മയോടൊപ്പം ഒരു വിഡിയോ കണ്ടപ്പോഴാണ് അതിലെ കുട്ടിയെപ്പോലെ തനിക്കും പഠിക്കണമെന്നും വിഡിയോ ചെയ്യണമെന്നും റെക്കോഡ്സിൽ പേരുവരണമെന്നും ആദ്യലക്ഷ്മി അമ്മയോട് പറഞ്ഞത്. മൂന്നു വയസ്സുള്ളപ്പോൾ ഏഷ്യൻ രാജ്യങ്ങളിലെ ഫ്ലാഗുകൾ ഏറ്റവും വേഗത്തിൽ പറഞ്ഞതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവ കിട്ടിയത്. 195 രാജ്യങ്ങളുടെ ഫ്ലാഗുകൾ തിരിച്ചറിഞ്ഞ് അതിവേഗത്തിൽ പറഞ്ഞും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിസിൽ ആദ്യലക്ഷ്മി ഇടം നേടിയിട്ടുണ്ട്. ഇത്രയും രാജ്യങ്ങളുടെ തലസ്ഥാനത്തിന്റെ പേരുകളും അറിയാം.
പീരിയോഡിക് ടേബിൾ, രാജ്യ തലസ്ഥാനങ്ങൾ എന്നിവയടക്കം നാലു വയസ്സിനിടയിൽ കാണാതെ പറയുമായിരുന്നു. നന്നായി പാട്ടുപാടുന്ന ഈ കൊച്ചുമിടുക്കി കഥ പറച്ചിൽ, കവിത ചൊല്ലൽ, പൊതുവിജ്ഞാനം, ചിത്രരചന എന്നിവയിലും വിരുത് തെളിയിച്ചിട്ടുണ്ട്. ആദ്യലക്ഷ്മിയുടെ സഹോദരി അദിതിലക്ഷ്മിയും ചേച്ചിയുടെ പാത പിന്തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി.
ഏഷ്യൻ രാജ്യങ്ങളിലെ ഫ്ലാഗ് തിരിച്ചറിഞ്ഞതിനാണ് അദിതി ലക്ഷ്മിക്ക് രണ്ടാം വയസ്സിൽ റെക്കോഡ് കിട്ടിയത്. ഏഷ്യൻ രാജ്യങ്ങളുടെ തലസ്ഥാനങ്ങളും നൂറോളം രാജ്യങ്ങളുടെ പതാകകളും തിരിച്ചറിയാൻ ഈ മിടുക്കിക്ക് സാധിക്കും. ബഹ്റൈനിലെ ബെഹ്സാദ് മെഡിക്കൽ കമ്പനിയിൽ അക്കൗണ്ടന്റ് ആയ സുഭാഷും സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്ന യുപിഷയും മക്കളുടെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് പ്രോത്സാഹനം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.