നെടുങ്കണ്ടം: 13 വയസ്സിനിടെ ദേവനന്ദ വാങ്ങിക്കൂട്ടിയ പുരസ്കാരങ്ങൾക്ക് കൈയും കണക്കുമില്ല. ചെറുതും വലുതുമായി മുന്നൂറോളം പുരസ്കാരങ്ങളും അത്രതന്നെ അവാർഡുകളും സ്വന്തമാക്കിയിരിക്കുകയാണ് ഈ കൊച്ചുകലാകാരി. അഭിനയം, ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, കേരള നടനം, കളരി, ചിത്രരചന തുടങ്ങി ദേവനന്ദ കൈവെക്കാത്ത മേഖലകളില്ല. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്കിറ്റ് അവതരണത്തിലൂടെയാണ് കലാരംഗത്ത് എത്തുന്നത്. ചലച്ചിത്ര താരങ്ങളായ കെ.പി.എ.സി ലളിതയെയും സുകുമാരിയെയും മഞ്ജു വാര്യരെയും അനുകരിച്ചത് വലിയ ആരാധകരെ നേടിയെടുത്തു. മൂന്നര വയസ്സ് മുതല്‍ നൃത്തം പഠിക്കുന്നുണ്ട്.
ചെറിയ പ്രായത്തിലേതന്നെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമാണ്. അർബുദബാധിതക്ക് മുടി മുറിച്ചുനല്കിയതടക്കമുള്ള കാരുണ്യ പ്രവർത്തനങ്ങളിലും അടുത്തിടെ പങ്കാളിയായി. ചാനല്‍ ഷോകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആകാശത്തിന് താഴെ എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തതടക്കം മലയാളം, തമിഴ് ഭാഷകളിലായി ആറ് ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. സൂപ്പര്‍ ജിമ്മി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ആകാശത്തിന് താഴെ, ഒരിടത്തൊരിടത്ത് എന്നീ ചിത്രങ്ങളില്‍ കേന്ദ്ര കഥാപാത്രമായിരുന്നു.
സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ ഉജ്ജ്വല ബാലപുരസ്കാരം, ജെ.സി. ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരം, മികച്ച ബാലതാര പുരസ്കാരം, സുഗതവനം ട്രസ്റ്റിന്റെ പുരസ്കാരം, ഋഷിമംഗലം കൃഷ്ണൻ നായര്‍ പുരസ്കാരം, ശബ്ദ ഫൗണ്ടേഷന് പുരസ്കാരം, കലാഭവന്‍ മണി സേവന സമിതി പുരസ്കാരം, പ്രേംനസീര്‍ പുരസ്കാരം, മികച്ച ആര്‍ട്ടിസ്റ്റിനുള്ള പുരസ്കാരമടക്കം സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഉജ്ജ്വല ബാലപുരസ്കാരം 14ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ഇടുക്കി കട്ടപ്പനക്കടുത്ത് പുളിയന്മലയില് ചുമട്ടുതൊഴിലാളിയായ വരിക്കാനിയില്‍ വി.ആര്. രതീഷ്-മായ ദമ്പതികളുടെ മകളാണ്. കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്. ദേവകൃഷ്ണ, ദേവദര്‍ശ് എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.