ഒരു പോലിരിക്കുന്ന, ഒരുപോലെ വേശമിട്ട, പാട്ടുകൾക്ക് ഒരുപോലെ ചുവടുകൾവെക്കുന്ന രണ്ടുപേർ. ദേസി ട്വിൻസ് എന്നറിയപ്പെടുന്ന സുജിത്തിന്റെയും സുനിത്തിൻറെയും വീഡിയോ ഒരിക്കലെങ്കിലും നിങ്ങളുടെ കണ്ണുകളിലുടക്കിയിരിക്കും. ഓരോ പാട്ടുകൾക്കും ഇവർ ഒരുമിച്ച് ചുവട് വെക്കുമ്പോൾ അതിശയത്തോടെ നോക്കിനിന്ന് പോകും. ഡാൻസിനിടയിൽ ഇവരിലാരാണ് സുജിത്തെന്നും സുനിത്തെന്നും കണ്ടുപിടിക്കാൻ ആളുകളിത്തിരി കഷ്ടപ്പെടും.
അച്ഛനുമമ്മയും പണ്ടുമുതൽ ശീലിപ്പിച്ചത് പോലെ ഒരുപോലെയാണ് രണ്ട് പേരും എപ്പോഴും വസ്ത്രം ധരിക്കുക. വാച്ചും, ബാഗും, ഷൂസും തുടങ്ങി എല്ലാം ഒരുപോലെ. ഇവരുടെ ഏത് വീഡിയോ എടുത്താലും ആ ഒരുമയുടെ ഭംഗി ആസ്വദിക്കാനാകും. കോഴിക്കോട് വടകര സ്വദേശികളാണിവർ. അച്ഛനും, അമ്മയും, ഭാര്യമാരും നൽകുന്ന സപ്പോർട്ടാണ് പാട്ടും ഡാൻസും ചിത്രം വരയുമൊക്കെയായി മുന്നോട്ട് കൊണ്ട് പോകാനുള്ള പ്രചോദനമെന്ന് ഇവർ പറയുന്നു. സ്കൂളിലും കോളജിലുമൊക്കെ ഒന്നിച്ചാണ് പഠിച്ചത്. ഇതിലൊക്കെ രസം രണ്ട് പേരും ഇപ്പോൾ യു.എ.ഇയിൽ ഒരിടത്താണ് ജോലി ചെയ്യുന്നത് എന്നുള്ളതാണ്. ഇന്ന് രണ്ട് പേരും ദുബൈയിലെ ഒരു കമ്പനിയിൽ എൻജിനീയർമാരാണ്. ഓണം എല്ലാവരെയും പോലെ ഇവർക്കൊരാവേശമാണ്.
പാട്ടും, ഡാൻസും, ഓണക്കളികളുമൊക്കെയായി മറക്കാനാവാത്ത ഓണമോർമകളാണ് ഇവർക്കുള്ളത്. ഓണം എല്ലാ വർഷവും കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന നിർബന്ധമുണ്ട് സുജിത്തിനും സുനിത്തിനും. എല്ലാ തവണയും തിരക്കൊക്കെ മാറ്റിവെച്ച് തിരുവോണമാഘോഷിക്കാൻ നാട്ടിലെത്തും. ഓണസദ്യയും, കളിചിരികളും തമാശയുമൊക്കെയായി ഓണാഘോഷം അടിപൊളിയാണ്. അമ്മയും, അച്ഛനും, ചേച്ചിയും, കസിൻസുമൊക്കെയായി ഓണം ഒരാവേശമാണ്.
കുടുംബത്തോടൊപ്പം ഓണമാഘോഷിക്കുന്ന ത്രില്ലൊന്ന് വേറെതന്നെയാണ്. തിരുവോണദിവസം നാട്ടിലെത്തുമെങ്കിലും, യു.എ.ഇയിലെ ഓണാഘോഷ പരിപാടികളൊന്നും നഷ്ടപ്പെടുത്താറില്ല. യു.എ.ഇയിലെ ഓണാഘോഷം ഓണം കഴിഞ്ഞാലും തീരാത്ത ഒന്നാണല്ലോ. പല ക്ലബുകളുടെയും, കൂട്ടുകാരുടെയും, നാട്ടുകാരുടെയും തുടങ്ങി ഓണാഘോഷ പരിപാടികളൊന്നും മിസ്സാക്കാറില്ലിവർ.
പാട്ടും ഡാൻസും മാത്രമല്ല നല്ല അസ്സലായി ചിത്രവും വരക്കും ഈ സഹോദരങ്ങൾ. ചിത്രം വരയിലൂടെയാണ് ആദ്യം ദേസി ട്വിൻസ് അറിയപ്പെട്ടിരുന്നത്. ആദ്യമായി യു.എ.ഇയിൽ നിന്ന് വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചതോടെ ഫോട്ടോകൾക്ക് നല്ല പ്രതികരണം കിട്ടി. രണ്ട് പേരും യു.എ.ഇയിൽ എത്തിയതോടെ രണ്ട് പേരും വരക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് തുടങ്ങി. ഇത് പെട്ടന്ന് തന്നെ ആളുകളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഷാറൂഖ് ഖാൻ, ശ്രദ്ധ കപൂർ, സണ്ണി ലിയോൺ, കപിൽ ശർമ്മ തുടങ്ങി നിരവധി പ്രമുഖർ ഇവർ വരച്ച ചിത്രങ്ങൾ ഷെയർ ചെയ്തതോടെ ദേസി ട്വിൻസ് എന്ന കലാകാരന്മാരും ആളുകൾക്കിടയിൽ അറിയപ്പെട്ടു തുടങ്ങി. മ്യൂസിക്കലി, ടിക് ടോക്കിലും ഇൻസറ്റഗ്രാമിലുമൊക്കെ ലക്ഷക്കണക്കിന് ആരാധകരാണ് ഇവർക്കുള്ളത്.
ആദ്യമായി പങ്കുവെച്ച ഡാൻസ് വീഡിയോ മുപ്പത് ലക്ഷത്തിലധികം പേർ കണ്ടതോടെ കൂടുതൽ വീഡിയോകൾ ചെയ്യാനും അതിനായി സമയം ചിലവിടാനും തുടങ്ങി. ഒഴിവു ദിവസങ്ങളിൽ ഡാൻസൊക്കെ പ്രാക്ടീസ് ചെയ്ത്, സുഹൃത്തുക്കളുടെ സഹായത്തോടെ വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യാൻ തുടങ്ങി. വീഡിയോ പെർഫെക്റ്റാവണം എന്ന നിർബന്ധമുണ്ടിവർക്ക്.
ജീവിതത്തിലിന്നുവരെ ഒന്നിച്ചല്ലാതെ ഓണമാഘോഷിച്ചിട്ടില്ലാത്ത സുചിത്തിനും സുനിത്തിനും ഇത്തവണ വേർപിരിഞ്ഞൊരോണമാണ്. രണ്ടുപേരും ആദ്യമായി രണ്ടിടത്താണ് ഇത്തവണ തിരുവോണമാഘോഷിക്കുന്നത്. ഇത്തവണ ചിലകാരണങ്ങളലാൽ തിരുവോണദിനം സുചിത്ത് യു.എ.ഇയിലും സുനിത്ത് നാട്ടിലുമാണ്. ഇതുകൊണ്ടൊരൽപ്പം വിഷമത്തിലാണിരുവരും. എന്നാൽ കൂട്ടുകാരുമൊത്തുള്ള ഓണാഘോഷം ഒന്നിച്ച് കളറാക്കാനുള്ള തയാറെടുപ്പിലാണിവർ. ചെണ്ടയും, ഓണക്കളികളും, ഓണസദ്യയുമൊക്കെയായി യു.എ.ഇയിൽ നല്ലൊരോണാഘോഷവും നടത്താനാണ് പ്ലാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.