കട്ടപ്പന: എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ മെൽവിന്റെ ചായകൂട്ടുകളും. എസ്.സി.ഇ.ആർ.ടി ഈ വർഷം കേരളത്തിൽ പുറത്തിറങ്ങിയ അഞ്ചാം ക്ലാസിലെ ബേസിക് സയൻസ്, സംസ്കൃതം പാഠ പുസ്തകം, മുന്നാം ക്ലാസിലെ ഇ.വി.എസ് പാഠപുസ്തകങ്ങളിലാണ് കവിതകൾക്കും കഥകൾക്കുമൊപ്പം കട്ടപ്പന ഇടുക്കിക്കവല മുല്ലൊത്തുക്കുഴിയിൽ മെൽവിൻ രൂപേഷിന്റെ ഭാവനയിൽ രൂപമെടുത്ത ചിത്രങ്ങൾ നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഫൈനാൻസ് കോളേജിലെ ബി.എഫ്.എ വിദ്യാർഥിയായ മെൽവിൻ ഒരിക്കലും പ്രതീഷിച്ചിരുന്നില്ല തന്റെ പെയിന്റിങ്ങുകൾ കുരുന്നു കുട്ടികളുടെ പാഠ പുസ്തങ്ങളെ മനോഹരമാക്കുമെന്ന്.
വാട്ടർ കളറിലാണ് മെൽവിൻ കൂടുതൽ ചിത്രങ്ങളും വരച്ചത്. സ്കൂൾ കലോത്സവങ്ങളിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2019 ലെ റവന്യൂ ജില്ലാ കലോത്സവത്തിനായി തെരഞ്ഞെടുക്കപ്പെട്ട ലോഗോ ഡിസൈൻ ചെയ്തതും ഈ മിടുക്കനായിരുന്നു. ചിത്രകലയിൽ ഉയരങ്ങളിലെത്തണമെന്നാണ് ആഗ്രഹം. അതിനായുള്ള പരിശ്രമത്തിയാണ്. തിരുവനന്തപുരം ഫൈനാൻസ് കോളേജിലെ അധ്യാപകരാണ് എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ചിത്രങ്ങൾ വരക്കുന്ന പ്രധാന ആർട്ടിസ്റ്റുകൾ.
ഇവരോടൊപ്പം മെൽവിൻ അടക്കമുള്ള ഏഴു കുട്ടികളെയും ഇത്തവണ ചിത്രങ്ങൾ വരക്കാൻ നിയോഗിച്ചു. ഏഴു പേരുടെയും മികവ് കണ്ടറിഞ്ഞാണ് അധികൃതർ അവസരം നൽകിയത്. മെൽവിനെ കൂടാതെ ജോയൽ ചാക്കോ, ആൽബിൻ, ആനന്ദ് റെജി, സാരംഗ്. എസ്, ആർ. ഷിജുരാജ് തുടങ്ങിയവരാണ് ചിത്രങ്ങൾ വരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.