അഞ്ചൽ: ഓർമവെച്ചനാൾ മുതൽ കഥകളിയും അതിന്റെ ചമയങ്ങളും മുദ്രകളുമൊക്കെ സാബ്രിയുടെ മനസ്സിൽ ഇടംനേടിയിരുന്നു. വർഷങ്ങൾക്കുശേഷം കലാമണ്ഡലത്തിൽ പ്രവേശനം നേടാനായതോടെ വലിയ ആഗ്രഹം സഫലമായതിന്റെ ആഹ്ലാദത്തിലാണ് ഈ പെൺകുട്ടി. കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ തേജസിൽ നിസാം അമ്മാസിന്റെയും അനീഷയുടെയും മകളാണ് സാബ്രി.
ഫോട്ടോഗ്രാഫറായ പിതാവ് നിസാമിൽനിന്നാണ് കഥകളിയോടുള്ള ഇഷ്ടം സാബ്രിയിലമെത്തിയത്. അഞ്ചലിലും പരിസരത്തും നടന്ന മിക്ക കഥകളി വേദികളിലും ഫോട്ടോയെടുക്കാൻ പതിവായി നിസാം പോകുമായിരുന്നു. പിതാവിന്റെ കൈ പിടിച്ച് കുഞ്ഞു സാബ്രിയും അപ്പോൾ കൂടെയുണ്ടാകും. വലുതാകുമ്പോൾ കഥകളി പഠിക്കുക എന്ന മോഹവും അവൾക്കൊപ്പം വളർന്നു.
ഒടുവിൽ ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽനിന്ന് ഏഴാംതരം പൂർത്തിയായതിന് പിന്നാലെ കുടുംബത്തോടൊപ്പം കലാമണ്ഡലത്തിലെത്തുകയായിരുന്നു. മുസ്ലിം സമുദായത്തിൽനിന്ന് കലാമണ്ഡലത്തിൽ കഥകളി പഠിക്കാനെത്തുന്ന ആദ്യത്തെ പെൺകുട്ടികൂടിയാണ് സാബ്രി. മകളുടെ ഏറ്റവും വലിയ ആഗ്രഹമാണ് നിറവേറ്റിയതെന്നും എല്ലാവരുടെയും ആത്മാർഥമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും നിസാം പറഞ്ഞു.
സാബ്രി എന്ന പേരിന് പിന്നിലെ കഥയും നിസാം വിശദീകരിച്ചു. അറബി പദമായ ‘സാബ്രി’യുടെ അർഥം ‘ക്ഷമയുള്ളവൾ’ എന്നാണ്. മകൾ ജനിക്കുന്നതിനൊക്കെ മുമ്പ് ഒരു വിവാഹ ഫോട്ടോ ഷൂട്ടിന് പോയിരുന്നു. ആ വധുവിന്റെ പേര് സാബ്രി എന്നായിരുന്നു. അന്നു മനസ്സിൽ പതിഞ്ഞതാണ് പേര്.
മകൾ പിറന്നപ്പോൾ ആ പേര് അവൾക്ക് നൽകി. കലാമണ്ഡലം അധ്യാപകനായിരുന്ന ചടയമംഗലം സ്വദേശി ആരോമലാശാനൊപ്പം ഒന്നരവർഷത്തെ പരിശീലനം കഴിഞ്ഞാണ് സാബ്രി കലാമണ്ഡലത്തിലെത്തിയത്. മാതാവ് അനീഷയും സഹോദരൻ യാസീനും പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.