യു.എ.ഇയിലെ ശ്രദ്ധേയമായ അവാർഡുകളിൽ ഒന്ന് സ്വന്തമാക്കി മലയാളി പെൺകുട്ടി. വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഷാര്‍ജ എജ്യുക്കേഷനല്‍ എക്സലന്‍സ് അവാര്‍ഡ് (എസ്.എ.ഇ.ഇ) ആണ് മുറൂർ അബൂദബി ഇന്ത്യന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി നക്ഷത്ര പ്രേം കരസ്ഥമാക്കിയത്.
ഇരുപതിനായിരം ദിര്‍ഹമാണ് പുരസ്കാരത്തുക. അബൂദബിയില്‍നിന്ന് ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്ന ഏക വിദ്യാര്‍ഥിനിയാണ് നക്ഷത്രയെന്നത് മലയാളികള്‍ക്കാകെ ആവേശമായി. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ള മിടുക്കരായ ഒട്ടേറെ വിദ്യാര്‍ഥികളെ പിന്നിലാക്കിയാണ് നക്ഷത്രയും പുരസ്കാരം സ്വന്തമാക്കിയതെന്ന് ഇരട്ടി മധുരമായി. പ്രാഥമിക നിര്‍ണയത്തിലെ ജേതാക്കളെ വിദഗ്ധ പാനല്‍ അഭിമുഖം ചെയ്താണ് പുരസ്കാരത്തിനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്.
1151 അപേക്ഷകരില്‍ നിന്ന് പ്രാഥമിക പരീക്ഷയില്‍ വിജയിച്ച 486 പേരില്‍ നിന്ന് 41 പേരെയാണ് പാനല്‍ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഇവര്‍ക്കെല്ലാം ഇരുപതിനായിരം ദിര്‍ഹം വീതം ലഭിക്കും.ഫോര്‍ ഔവര്‍ പ്ലാനറ്റ് എന്ന പുസ്തകത്തിന്റെ രചയിതാവായ നക്ഷത്ര പരിസ്ഥിതി സംരക്ഷണത്തോടുള്ള തന്റെ പ്രതിബദ്ധത കോപ് 28 സമ്മേളനവേദിയിലെ തന്റെ പ്രസംഗത്തിലടക്കം തെളിയിച്ചിട്ടുള്ളതാണ്.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉച്ചകോടിയിലും ലോക ശിശു സമ്മേളനത്തിലും നക്ഷത്ര പങ്കെടുത്തിട്ടുണ്ട്. പാഠ്യ മികവിനു പുറമേ പ്രസംഗത്തിലും നൃത്തത്തിലും ഈ മിടുക്കി കഴിവുതെളിയിച്ചിട്ടുണ്ട്.
പഠനശേഷം ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കാനാണ് നക്ഷത്രയുടെ ആഗ്രഹം. അര്‍ഹരായ ആളുകളുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. സുസ്ഥിരതാ വികസന ലക്ഷ്യത്തിനു വേണ്ടി സ്റ്റാര്‍ കിഡ് സ്ഥാപിച്ച നക്ഷത്ര, കാരുണ്യ പ്രചാരണത്തിനായി പ്രവർത്തിക്കുന്നുണ്ട്.
നൃത്തം, മോണോ ആക്ട്, ഹ്രസ്വ ചിത്രങ്ങള്‍, സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസ വീഡിയോകള്‍ മുതലായവ ചെയ്തും നക്ഷത്ര സുസ്ഥിര വികസന ലക്ഷ്യത്തെ പ്രോല്‍സാഹിപ്പിക്കുന്നു. യു.എ.ഇ. യൂത്ത്ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നക്ഷത്ര നേടിയിട്ടുണ്ട്.
സ്വീഡന് ആസ്ഥാനമായ കണക്ടഡ് സംഘടിപ്പിച്ച കണക്ട് എയ്ഡ് ലോക ഉച്ചകോടിയില്‍ നക്ഷത്രയുടെ അഭിമുഖം എടുത്തിരുന്നു.
ലോക ശിശു സമ്മേളനത്തിലെ പ്രഭാഷകയായും നക്ഷത്ര തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം സ്വദേശികളും അബൂദബിയില്‍ എന്ജിനീയേഴ്സുമായ പ്രേം-സ്വപ്ന ദമ്പതികളുടെ മകളാണ് നക്ഷത്ര. സഹോദരന് നവ്യുക്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.