ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിൽ -സമൂഹ ഗാനം വരെ ഞാനൊറ്റക്ക് പാടീട്ടുണ്ടെന്ന് അന്ന്, ബിന്ദുപണിക്കർ പറഞ്ഞപ്പോൾ കളിയാക്കിച്ചിരിച്ച നഗ്മയും കൂട്ടുകാരികളും പ്രേക്ഷകരും ഇന്ന് ദുബൈയിലെ മൊഞ്ചത്തിക്കുട്ടി ഇസ മോളെ കണ്ടാൽ ഒരുപക്ഷെ വാപൊത്തിയേക്കും.
അത്രക്ക് ഭംഗിയായാണ് ഈ മിടുക്കി ഒറ്റക്ക് ഗ്രൂപ്പ് ഒപ്പന കളിച്ച് എല്ലാവരേയും തന്റെ ഇഷ്ടക്കാരാക്കിയത്. പെരുന്നാൾ ട്രിപ്പിനിടെ ഒരിടത്ത് ഇരുവശങ്ങളിലുമായി കണ്ണാടി കണ്ടപ്പോഴാണ് ഇസക്ക് ചുവടുകൾ വക്കാൻ തോന്നിയത്. കൂടെ ഉമ്മ ഡോ. ജാസ്മിൻ സലാം ഒരു കിടിലൻ ഒപ്പനപ്പാട്ട് കൂടി മൊബൈലിൽ പ്ലേ ചെയ്തതോടെ മനോഹരവരികൾക്ക് യോജിക്കുന്ന ചുവടുകളും താളങ്ങളുമായി ആറു വയസുകാരി ഇസ കളം നിറയുകയായിരുന്നു.
ഇസ്സൂസ് വേൾഡ് എന്ന മോളുടെ യൂടൂബ് ചാനലിൽ വീഡിയോ ഉമ്മ ജാസ്മിൻ പങ്കുവച്ചതോടെ ഒപ്പന കാഴ്ചക്കാർ ഏറ്റെടുത്തു. ഈ അക്കൗണ്ടിൽ നിന്ന് മാത്രം ഇതിനകം 15 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. മറ്റുപലരും വീഡിയോ ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചതോടെ പല സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്നായി 50 ലക്ഷത്തിലധികം ആളുകളും ഈ വീഡിയോ കാണുകയുണ്ടായി. മലയാളികൾ മാത്രമല്ല, വിദേശ രാജ്യങ്ങളിൽനിന്നുള്ള ചില അക്കൗണ്ടുകളും വൈറൽവീഡിയോയുടെ പ്രചാരകരായെന്ന് ഉമ്മ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ അഭിനന്ദനപ്രവാഹവും ഇന്റർവ്യൂകളും മറ്റുമായി ഇസയും ഫുൾ തിരക്കിലാണിപ്പോൾ. നൃത്തവും ഒപ്പനയും മാത്രമല്ല, ചിത്രരചന, അഭിനയം തുടങ്ങി ഗാനാലാപനത്തിൽ വരെ മിടുക്ക് തെളിയിക്കുന്ന ഇസ ആരിഫ്
ദുബൈ ഖിസൈസിലെ വുഡ്ലംപാർക്ക് സ്കൂളിൽ കെജി2വിലാണ് പഠിക്കുന്നത്. സിവിൽ എഞ്ചിനീയറായ മലപ്പുറം പൊന്നാനി സ്വദേശി ആരിഫ് അഷ്റഫ് ആണ് പിതാവ്. നിലവിൽ ദുബൈ റാഷിദിയയിലാണ് കുടുംബം താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.