വള്ളിക്കുന്ന്: സംസ്ഥാന വനിത സബ് ജൂനിയർ ഫുട്ബാളിന്റെ ഫൈനലിൽ കോഴിക്കോടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായ എറണാകുളം ടീമിന്റെ വിജയത്തിൽ അഭിമാനമായ് മലപ്പുറം വള്ളിക്കുന്ന് സ്വദേശി എൻ.കെ. ആദിശ്രീയും.
വള്ളിക്കുന്ന് എ വൺ ഫുട്ബാൾ അക്കാദമിയിലെ ശ്രീരാഗ്, അഖിൽ പൊക്കടവത്ത് എന്നിവരുടെ പരിശീലന കളരിയിൽ ഫുട്ബാളിന്റെ ബാലപാഠങ്ങൾ ആഭ്യസിച്ച ആദിശ്രീ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കായിക പരിശീലന പദ്ധതിയിൽ സ്ഥിരം അംഗമായിരുന്നു.
നേറ്റിവ് എ.യു.പി സ്കൂളിൽ ആറാം തരത്തിൽ പഠിക്കുമ്പോഴാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സെലക്ഷൻ ട്രയൽസിൽ എറണാകുളം പനമ്പള്ളി നഗർ സ്പോർട്സ് ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചത്. സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിന്റെ മുഴുവൻ സമയ മുന്നേറ്റ താരമായിരുന്ന ആദിശ്രീയുടെ ബൂട്ടിൽ നിന്ന് ടൂർണമെന്റിൽ ഏഴ് തവണയാണ് എതിർ ടീമിന്റെ ഗോൾ വല ചലിച്ചത്.
വള്ളിക്കുന്ന് സ്വദേശി താട്ടാംതൊടി നെടുമ്പറമ്പ്കുന്ന് ബാബു-ഷൈജ ദമ്പതികളുടെ മൂത്ത മകളാണ് ആദിശ്രീ. മുൻ സംസ്ഥാന താരവും സ്പോർട്ട്സ് കൗൺസിൽ കോച്ചുമായ എം. നെജുമുനീസയുടെ കീഴിൽ ഫുട്ബോളിന്റെ ഉയരങ്ങൾ കീഴടക്കുകയാണ് അദിശ്രീ. കർണാടകയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള 30 അംഗ പരിശീലന ക്യാമ്പിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.