‘ഇത് സംഭവിക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇപ്പോൾ ശാരീരികമായും മാനസികമായും സാങ്കേതികമായും ഞാൻ തയാറാണെന്ന് കരുതുന്നു. ബഹിരാകാശത്തേക്ക് കുതിക്കാനായി കാത്തിരിക്കുകയാണ്’..സുൽത്താൻ അൽ നിയാദി വളരെ ആവേശത്തിലാണിത് പറഞ്ഞ് അവസാനിപ്പിച്ചത്.
അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തിൽ ‘നാസ’യുടെ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ ഉടനെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാല ബഹിരാകാശ യാത്രക്ക് പുറപ്പെടുന്ന അറബ് ലോകത്തെ ആദ്യത്തെയാൾ എന്ന നിലയിൽ ലോകം ആ വാക്കുകളും ആവേശവും അളന്നെടുക്കുകയായിരുന്നു.
ടെക്സാസിലെ ഹൂസ്റ്റണിൽ മാസങ്ങൾ നീണ്ട കഠിനമായ പരിശീലനമാണ് പൂർത്തിയാക്കിയത്. മണിക്കൂറുകൾ മാത്രം ബാക്കിയുള്ള സുപ്രധാന യാത്രയുടെ സമീപത്തെത്തി നിൽക്കെ നിയാദിക്കിത് സ്വപ്ന സാഫല്യമാണ്. യു.എ.ഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിന്‍റെ ഭാഗമായി തിങ്കളാഴ്ചയാണ് പുറപ്പെടുന്നത്.
ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിൽ തന്‍റെ അവസാന പ്രീ-മിഷൻ പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം യു.എ.ഇക്ക് മാത്രമല്ല, അറബ് ലോകത്തിനാകമാനം ഇന്നൊരു ഹീറോയായി തീർന്നിരിക്കുന്നു. 42കാരനായ സുൽത്താൻ അൽ നിയാദിയുടെ അറബ് ബഹിരാകാശത്തെ സുൽത്താനാകാനുള്ള യാത്രയെ ഐതിഹാസികം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.
ഉമ്മു ഗഫ എന്ന അൽഐൻ ഗ്രാമം യു.എ.ഇയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് ആദ്യമായല്ല. 1978ൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഗ്രാമം സന്ദർശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തതോടെയാണ് അവിടേക്ക് വികസനവും പുരോഗതിയും അതിവേഗത്തിൽ എത്തിച്ചേരാൻ തുടങ്ങിയത്.
കൃഷിനിലങ്ങളും ഈത്തപ്പന തോട്ടങ്ങളും നിറഞ്ഞ പ്രശാന്തമായ പ്രദേശത്ത് ശൈഖ് സായിദ് സന്ദർശന വേളയിൽ വിശ്രമിച്ച അക്കേഷ്യ മരത്തണൽ വിരിച്ച സ്ഥലം ഇന്നും ഗ്രാമം സൂക്ഷിച്ചുവെച്ചിരിക്കുന്നത് അതിനാലാണ്. രാഷ്ട്രപിതാവിന്‍റെ ഈ സന്ദർശനം കഴിഞ്ഞ് മൂന്നാം വർഷത്തിലാണ് 1981ൽ സുൽത്താൻ അൽ നിയാദി ജനിക്കുന്നത്.
ഉൾഗ്രാമത്തിലെ അറേബ്യൻ നന്മകളും ജീവിതമൂല്യങ്ങളളും സ്വാംശീകരിച്ചാണ് വളർന്നത്. പിതാമഹന്‍റെ വീട്ടിലായിരുന്നു കുട്ടിക്കാലം. ഉമ്മു ഗഫ പ്രൈമറി ബോയ്സ് സ്കൂളിലും സെക്കൻഡറി സ്കൂളിലുമായാണ് പഠനം പൂർത്തിയാക്കുന്നത്. പിതാവ് സൈന്യത്തിലായിരുന്നു. അതിനാൽ തന്നെ സൈനികനാവുകയായിരുന്നു അഭിലാഷം.
ഹൈസ്കൂൾ പഠനത്തിന് ശേഷം സൈന്യത്തിലേക്ക് ചേരാൻ പുറപ്പെട്ടത് അതിനാലാണ്. എന്നാൽ നിയോഗം അവിടം കൊണ്ട് അവസാനിക്കുന്നതായിരുന്നില്ല. പഠനം തുടരാൻ അവസരമൊരുങ്ങി. ബ്രിട്ടനിലായിരുന്നു ബിരുദ പഠനം. ബ്രിട്ടനിലെ ബ്രൈറ്റൺ സർവകലാശാലയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനീയറിങിൽ ബി.എസ്‌സി(ഓണേഴ്സ്) ഡിഗ്രി കോഴ്സിന് ചേർന്നു.
ബ്രിട്ടനിലെ സർവകലാശലയിൽ അധ്യാപകർക്കും സഹപാഠികൾക്കും ഇഷ്ടപ്പെട്ട വിദ്യാർഥിയായിരുന്നു അൽ നിയാദി. ഇമാറാത്തി സംസ്കാരവും ജീവിത വീക്ഷണവും പകർന്ന അച്ചടക്കവും വിജ്ഞാന താൽപര്യവുമാണ് ഇതിന് കാരണമായത്. 2004ലാണ് ബ്രിട്ടനിലെ പഠനം പൂർത്തിയാക്കിയ ശേഷം യു.എ.ഇയിലേക്ക് മടങ്ങുന്നത്.
പിന്നീട് വർഷങ്ങൾക്ക് ശേഷം ആദ്യ ഇമാറാത്തി ബഹിരാകാശ യാത്രിനായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ സർവകലാശാല അധികാരികൾ അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ‘ഞങ്ങളുടെ ബിരുദധാരിയുടെ നേട്ടത്തിൽ വലിയ അഭിമാനമുണ്ട്. ഒരു ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ നിയാദിയെ ഞങ്ങൾ വളരെ താൽപ്പര്യത്തോടെയാണ് കാണുന്നത്’ എന്ന് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡെബ്ര ഹംഫ്രിസ് പ്രസ്താവന പുറത്തിറക്കുകയുണ്ടായി.
യു.എ.ഇയിലെത്തി സായിദ് മിലിറ്ററി കോളേജിൽ പഠനം തുടർന്നു. പഠനത്തിന് ശേഷം കമ്മ്യൂണിക്കേഷൻസ് എൻജിനീയറായി യു.എ.ഇ സായുധ സേനയിൽ ചേർന്നു. എന്നാൽ പഠനത്തോട് താൽപര്യം ഉപേക്ഷിച്ചിരുന്നില്ല. 2008ൽ ആസ്‌ട്രേലിയയിൽ പോയി ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ ആൻഡ് നെറ്റ്‌വർക്ക് സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദം നേടി. സാങ്കേതിക വിജ്ഞാനത്തിലെ താൽപര്യം ഡാറ്റ ചോർച്ച തടയൽ സാങ്കേതികവിദ്യയിൽ പി.എച്ച്.ഡി പൂർത്തിയാക്കിയ ശേഷമാണ് അവസാനിപ്പിച്ചത്.
ബഹിരാകാശ യാത്രക്ക് താൽപര്യവും യോഗ്യതയുമുള്ളവരെ ക്ഷണിച്ചപ്പോൾ യു.എ.ഇ അധികൃതർക്ക് ലഭിച്ചത് 4022അപേക്ഷകളാണ്. യു.എ.ഇയിലും റഷ്യയിലുമായി നടന്ന മാനസികവും ശാരീരികവുമായ പരിശോധനകളുടെ ഒരു പരമ്പരകൾക്ക് ശേഷം ചരിത്രദൗത്യത്തിന് രണ്ടുപേരെ തെരഞ്ഞെടുത്തു.
2018 സെപ്റ്റംബർ 3ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ബഹിരാകാശ യാത്രകരുടെ പ്രഖ്യാപിച്ച പേരുകൾ ഹസ്സ അൽ മൻസൂരി, സുൽത്താൻ അൽ നിയാദി എന്നിവയായിരുന്നു. അൽ നിയാദിയെ സംബന്ധിച്ച് അവിസ്മരണീയവും അപ്രതീക്ഷിതവുമായ പ്രഖ്യാപനമായിരുന്നു അത്.
‘ഹസ്സയും സുൽത്താനും യുവ അറബ് ലോകത്തെ പ്രതിനിധീകരിക്കുകയും യു.എ.ഇയുടെ അഭിലാഷങ്ങളെ പരകോടിയിലെത്തിക്കുകയും ചെയ്യു’മെന്നായിരുന്നു ശൈഖ് മുഹമ്മദിന്‍റെ അന്നത്തെ ട്വീറ്റ്. തുടർന്ന് മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്‍ററിലെ ആസ്ട്രോനട്ട് പ്രോഗ്രാമിന്‍റെ ഭാഗമായി. പിന്നീട് ഹസ്സ അൽ മൻസൂരി ആദ്യ ദൗത്യത്തിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനം വന്നു.
എന്തെങ്കിലും തടസങ്ങൾ നേരിട്ടാൽ പകരക്കാരനാവാൻ വേണ്ടി അൽ നിയാദിയും എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. 2019 സെപ്റ്റംബർ 25ന് സോയൂസ് എം.എസ്-15ൽ അൽ മൻസൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടു. എന്നാൽ അൽ നിയാദിക്ക് വലുതും സാഹസികവുമായ ദൗത്യമായിരുന്നു കാലം കരുതിവെച്ചിരുന്നത്. 2022ജുലൈയിൽ അറബ് ലോകത്തെ ആദ്യ ദീർഘകാല ദൗത്യത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം പുറത്തുവന്നു.
ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മാസങ്ങൾ നീണ്ട പരിശീലനമായിരുന്നു. അതിനുമുമ്പ് അഞ്ച് വർഷത്തിലേറെ നീണ്ട പരിശീലനം പൂർത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആറുമാസത്തോളം നീളുന്ന മിഷന് പുറപ്പെടുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും വിജയകരമായി പൂർത്തിയാക്കിയ അൽ നിയാദി ചൊവ്വാഴ്ച യു.എ.ഇ സമയം രാവിലെ 10.45ന് ഫ്ലോറിഡ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് മറ്റു മൂന്ന് ബഹിരാകാശ യാത്രികർകൊപ്പം പുറപ്പെടുക.
നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുൽത്താന് ഒപ്പമുണ്ടാവുക. എൻഡീവർ എന്ന സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി ഫാൽക്കൺ നയൺ റോക്കറ്റാണ് ഭൂമിയിൽ നിന്ന് പറന്നുയരുക. അന്താരാഷ്രട ബഹിരാകാശ കേന്ദ്രത്തിലെ ആറു മാസത്തെ ദൗത്യത്തിൽ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം നടത്തും.
ഇവയിൽ 20പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ് നിർവഹിക്കുക. ദൗത്യം പ്രധാനമായും നാസയെ മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയ്യാറെടുക്കാൻ സഹായിക്കുന്നതുമാണ്. അറബ് ലോകം സുൽത്താൻ അൽ നിയാദിയിലൂടെ പുലരുന്ന നേട്ടങ്ങളിലേക്ക് കണ്ണും കാതും നട്ടിരിക്കയാണ്, അഭിമാനത്തോടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.