ലോകത്തെ 771 ദശലക്ഷം ജനങ്ങൾ 65 വയസ്സിനു മുകളിലുള്ളവരാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്ത്യയിൽ ഈ ഗണത്തിൽ 104 ദശലക്ഷം പേരുണ്ട്; നമ്മുടെ കൊച്ചു കേരളത്തിൽ 60 പിന്നിട്ടവർ 33.4 ദശലക്ഷവും. മുതിർന്ന പൗരന്മാരുടെ ആഗോള ദിനമായിരുന്നു ആഗസ്റ്റ് 21. ലോകമെമ്പാടുമുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് 1973ൽ ഫ്രാൻസിൽ പിറവികൊണ്ട യൂനിവേഴ്സിറ്റി ഓഫ് തേഡ് ഏജ്അഥവാ ‘യു3എ’.
അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു. കോട്ടയം അതിരമ്പുഴ മഹാത്മാ ഗാന്ധി സർവകലാശാല കാമ്പസിലെ അസംബ്ലി ഹാളിെൻറ ചരിത്രത്തിൽ ഇത്രയേറെയാളുകൾ ഒരുമിച്ച് പങ്കെടുത്ത മറ്റൊരു ചടങ്ങ് ഉണ്ടായിട്ടേയില്ല. 78 പിന്നിട്ട ഡോ. സി. തോമസ് എബ്രഹാമിെൻറ സന്ദേശം മുൻനിർത്തി കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മുന്നൂറിലേറെ മുതിർന്ന പൗരന്മാരെക്കൊണ്ട് ഹാൾ നിറഞ്ഞിരുന്നു. സർവകലാശാലയുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ചുവടുവെപ്പിന് വൈസ് ചാൻസലർ പ്രഫ. ഡോ. സാബു തോമസ് അന്നാണ് തുടക്കംകുറിച്ചത്.
‘യു3എ’ എന്ന ചുരുക്കെഴുത്തിൽ ലോകമെമ്പാടും അറിയപ്പെടുന്ന പ്രസ്ഥാനം ഒരു സർവകലാശാലയുടെ രക്ഷാകർതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി കഴിഞ്ഞ മാർച്ചിലാണ് യാഥാർഥ്യമായത്. അതിനുമുമ്പ് ചില കോളജുകളിലും മെട്രോപൊളിറ്റൻ നഗരങ്ങളിലും ചില സംഘടനകളുടെ ആഭിമുഖ്യത്തിൽ ‘യു3എ’ പ്രവർത്തിച്ചിരുന്നെങ്കിലും ജനങ്ങൾക്കിടയിലേക്ക് അതിനെയെത്തിച്ചത് എം.ജി സർവകലാശാലയാണ്. എം.ജിയിൽ യു3എ പിറവിയെടുക്കുേമ്പാൾ അത് ഫ്രാൻസിലെ ടൗളൂസ് സർവകലാശാലയിൽ അരനൂറ്റാണ്ട് മുമ്പ് നടന്ന മഹത്തായൊരു മുന്നേറ്റത്തിെൻറ തനിയാവർത്തനംകൂടിയാവുകയായിരുന്നു. അവിടത്തെ സാമൂഹികശാസ്ത്ര വകുപ്പ് മേധാവി പ്രഫ. പിയറി വെല്ലസ് 1973 ഫെബ്രുവരിയിൽ തുടക്കമിട്ട പ്രസ്ഥാനം പിൽക്കാലത്ത് ലോകത്തിനാകെ മാതൃകയാവുകയായിരുന്നു. പ്രായം മുൻനിർത്തി വിരമിച്ചവരുടെ അനുഭവങ്ങളും അറിവും ബുദ്ധിയും നിറഞ്ഞ ശേഖരത്തെ തിരിച്ചറിഞ്ഞതോടെയാണ് ‘യു3എ’ എന്ന ആശയത്തിന് ജീവൻവെച്ചത്.
എം.ജി സർവകലാശാലയിൽ നടന്ന ‘യു3എ’ ഉദ്ഘാടനച്ചടങ്ങിൽ പ്രഫ. പിയറിയുടെ മകനും ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് യൂനിവേഴ്സിറ്റീസ് ഓഫ് ദ തേഡ് ഏജിെൻറ നിലവിലെ പ്രസിഡൻറുമായ ഡോ. ഫ്രാൻസ്യ വെല്ലാസ് പങ്കെടുത്തത് മറ്റൊരു ചരിത്രം.
എല്ലാവരുടെയും ജീവിതത്തിൽ പൊതുവെ സംഭവിക്കുന്ന ബാല്യകാലവും പഠനകാലവുമാണ് ഫസ്റ്റ് ഏജ് എന്ന ആദ്യ ഘട്ടം. രണ്ടാം ഘട്ടമായ സെക്കൻഡ് ഏജിലാണ് ജീവിതത്തിെൻറ മുഖ്യഭാഗമായ ജോലിക്കാലം. ഈ കാലം കഴിയുന്നതോടെ സ്വാഭാവികമായും അതുവരെ ചെയ്തുകൊണ്ടിരുന്ന തൊഴിലിൽനിന്നോ പ്രവൃത്തികളിൽനിന്നോ ഒഴിയേണ്ടിവരും. പിന്നീടങ്ങോട്ടുള്ള ജീവിതയാത്രയുടെ ഘട്ടമാണ് ‘തേഡ് ഏജ്’. ഈ വിഭാഗക്കാരെ അതിനെ പരമാവധി സക്രിയമാക്കുന്ന പ്രവർത്തനങ്ങളാണ് ‘യു3എ’ വിഭാവനം ചെയ്യുന്നത്.
യു3എ ഇന്ന് ലോകമെമ്പാടും പടർന്നുപന്തലിച്ച പ്രസ്ഥാനമാണ്. 1975 ആയപ്പോഴേക്കും ഈ ആശയം മറ്റു ഫ്രഞ്ച് സർവകലാശാലകളിലേക്കും വ്യാപിച്ചു. വഴിയെ ബെൽജിയം, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലേക്കും അത്ലാൻറിക്കിനു കുറുകെ ക്യൂബെക്കിലെ ഷെർബ്രൂക്, കാലിഫോർണിയയിലെ സാൻ ഡിയാഗോ എന്നിവിടങ്ങളിലേക്കും കടന്നു. അതേ വർഷംതന്നെയാണ് ഇൻറർനാഷനൽ അസോസിയേഷൻ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് തേഡ് ഏജ് രൂപവത്കൃതമായത്.
1981 ആയപ്പോൾതന്നെ 170ലധികം അംഗത്വസ്ഥാപനങ്ങൾ യു3എയിൽ ഉൾപ്പെട്ടിരുന്നു. നിലവിൽ എൺപതിലേറെ രാജ്യങ്ങളിൽ മൂവായിരത്തിലധികം ഗ്രൂപ്പുകളുള്ള പ്രസ്ഥാനമായി അത് മാറി. ഏറ്റവും കൂടുതൽ ഘടകങ്ങളുള്ള രാജ്യം ചൈനയാണ്- 19,300 യൂനിറ്റുകളും 1.81 ദശലക്ഷം അംഗങ്ങളും.
പഠിക്കാനും മറ്റുള്ളവരെ പഠിക്കാൻ സഹായിക്കാനും സന്നദ്ധതയുള്ള വ്യക്തികളുടെ സംഘമാണ് മുഖ്യമായും യു3എ. പഠിപ്പിക്കുന്നവരും പഠിക്കും. പഠിക്കുന്നവരും പഠിക്കും. വിരമിച്ചവരോ മുഴുവൻ സമയ ജോലിയിൽ ഏർപ്പെടാത്തവരോ ആയ മുതിർന്ന പൗരന്മാരും ആനന്ദത്തിനായി പഠനം ഏറ്റെടുക്കാൻ താൽപര്യമുള്ളവരെയുമാണ് യു 3എ ആഗ്രഹിക്കുന്നത്. അതനുസരിച്ച് നിലവിൽ 55 വയസ്സ് കഴിഞ്ഞവർക്ക് ഒത്തുചേരുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ഊർജസ്വലരായി ജീവിതം തുടരുന്നതിനുമുള്ള വേദിയാണ് യു3എ ഒരുക്കുന്നത്. മുതിർന്നവർ സ്വായത്തമാക്കിയ അറിവുകളും അനുഭവസമ്പത്തും നൈപുണ്യവും പൊതുസമൂഹത്തിന് പ്രത്യേകിച്ച് പുതുതലമുറക്ക് പ്രയോജനകരമായി പങ്കുവെക്കുന്നതോടൊപ്പം പുതിയ അറിവുകൾ സ്വന്തമാക്കാനും അവസരമുണ്ടാകും.
പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം എല്ലാവർക്കും തുല്യ പ്രാധാന്യം ഉറപ്പുവരുത്തുകയാണ് ഇവിടെ. മാനവിക മനഃശാസ്ത്രമെന്ന കാലഘട്ടത്തിെൻറ ആവശ്യകതയിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്കാണ് സംഘടന പ്രാധാന്യം നൽകുന്നത്. ബൗദ്ധിക ഉത്തേജനം നൽകുന്നതോടൊപ്പം വൈജ്ഞാനിക ക്ഷേമത്തിന് സംഭാവന നൽകുന്ന മാനസികനില നിലനിർത്താൻ ഇത് വ്യക്തികളെ സഹായിക്കും. പ്രായമായവരിൽ തലച്ചോറിെൻറ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമുണ്ട് ഇവിടെ. ഒറ്റപ്പെടലിനെതിരെ പോരാടുന്നതോടൊപ്പം സാമൂഹിക ഇടപെടൽ പ്രോത്സാഹിപ്പിക്കുകയും പുതിയ സൗഹൃദങ്ങൾ വളർത്തുകയും വഴി ശക്തമായൊരു ശൃംഖല സൃഷ്ടിക്കുകയാണിവർ.
കേരളത്തിലെ മിക്ക ജില്ലകളിലും ‘യു3എ’ പ്രവർത്തനം അതിവേഗം മുന്നോട്ടുപോവുന്നുണ്ട്. കാസർകോട്, വയനാട് ജില്ലകളിൽ മാത്രമാണ് യൂനിറ്റുകൾ സജീവമാകാനുള്ളത്. കോവിഡ് ശക്തമായ കാലത്താണ് വിദേശ സുഹൃത്തുക്കളിൽനിന്ന് യു3എയെക്കുറിച്ച് എം.ജി വൈസ് ചാൻസലർ ഡോ. സാബു തോമസ് അറിയാനിടയായത്. സർവകലാശാലയിൽ ഇതിനെയെങ്ങനെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാമെന്നതിനെക്കുറിച്ച് ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെൽ മുമ്പാകെ അദ്ദേഹം നിർേദശംവെച്ചു. അങ്ങനെ കോട്ടയത്തെ സിനർജി ടി.സി.ഐ ഫോറം ഫോർ സീനിയർ സിറ്റിസൺസ് എന്ന സംഘടനയുടെ മാതൃക ശ്രദ്ധയിൽപെട്ടു.
അഞ്ചു മാസത്തിനുള്ളിൽ കേരളത്തിൽ വലിയ തോതിലുള്ള മുന്നേറ്റം കൈവരിക്കാനായെന്ന് യു3എയുടെ ചുമതല വഹിക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലെ ഇൻറർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ഡിസ്എബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) ഡയറക്ടർ പ്രഫ. ഡോ. പി.ടി. ബാബുരാജ് പറയുന്നു. ജാതി, മത, കക്ഷി, രാഷ്ട്രീയ, വർഗ, വർണ വ്യത്യാസങ്ങളൊന്നുമില്ലാതെ മുതിർന്ന പൗരന്മാരായ എല്ലാ അംഗങ്ങളെയും ചേർത്തുപിടിക്കാൻ ഇതിനോടകം നടന്ന പ്രവർത്തനങ്ങൾ വഴി കഴിഞ്ഞു. ആലുവ യു.സി കോളജിലെ മനഃശാസ്ത്ര വിഭാഗത്തിെൻറ സഹകരണത്തോടെ ആഗസ്റ്റ് 13ന് നടത്തിയ ഫെസ്റ്റ് മറ്റൊരു ചുവടുവെപ്പാണ്. സാമൂഹികസേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേരളമങ്ങോളമുള്ള പ്രദേശങ്ങളിലെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, വായനശാലകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, കുടുംബശ്രീ യൂനിറ്റുകൾ, സീനിയർ സിറ്റിസൺ ഫോറങ്ങൾ തുടങ്ങി ചെറുതും വലുതുമായ എല്ലാ പ്രസ്ഥാനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് സർവകലാശാല വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിെൻറ ഭാഗമായി ന്യൂയോർക്കിലെ അഡൽറ്റ് യൂനിവേഴ്സിറ്റിയുമായും നേപ്പാളിലെ കാഠ്മണ്ഡു സർവകലാശാലയുമായും എം.ജി സർവകലാശാല ധാരണപത്രത്തിൽ ഒപ്പുവെച്ചുകഴിഞ്ഞു.
യു3എ മുന്നോട്ടുവെക്കുന്നത് പോസിറ്റിവ് ഏജിങ് എന്ന ആശയമാണെന്ന് എം.ജി സർവകലാശാലയിലെ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് പറയുന്നു. ആരോഗ്യകരവും ഉന്മേഷകരവുമായ പ്രവർത്തനങ്ങളിലൂടെ സ്വന്തം അനുഭവങ്ങൾ മറ്റുള്ളവരിലെത്തിക്കാൻ കഴിയുന്നതിലൂടെ സന്തുലിതമായ ഒരു സമൂഹസൃഷ്ടിയിൽ ഭാഗഭാക്കാകാനാകും. യുവജനങ്ങൾ മാറ്റത്തിന്റെ മൂല്യശക്തിയാണെങ്കിൽ മുതിർന്ന പൗരന്മാർ രൂപാന്തരണത്തിന്റെ മൂല്യശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മുതിർന്ന പൗരന്മാരുടെ സമഗ്ര മാനസിക-സാമൂഹിക സുസ്ഥിരതയാണ് യു3എയുടെ ലക്ഷ്യമെന്നും അതിനപ്പുറം ഒരു നവ സമൂഹരചനക്ക് നമ്മുടെ അനുഭവസിദ്ധികൾ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യംകൂടിയുണ്ടെന്നും കേരളത്തിലെ യു3എ പ്രവർത്തനങ്ങളുടെ ചീഫ് ഫെസിലിറ്റേറ്ററും മെന്ററുമായ ഡോ. സി. തോമസ് എബ്രഹാം പറയുന്നു. ‘ഐശ്വര്യത്തോടെ പ്രായമാകാം, അർഥവത്തായി ജീവിക്കാം’ എന്ന മുദ്രാവാക്യമാണ് യു3എയുടേത്.
മതേതരം, രാഷ്ട്രീയേതരം
മതേതരവും രാഷ്ട്രീയേതരവുമായി പ്രവർത്തിക്കുന്ന യു3എ മുന്നോട്ടുവെക്കുന്ന ചില സുപ്രധാന തത്ത്വങ്ങളുണ്ട്. അംഗങ്ങൾ ആജീവനാന്തപഠനത്തിെൻറ (Lifelong Learning) ആവശ്യകത മനസ്സിലാക്കി അതിെൻറ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണം. സ്വയംസഹായ പഠനതത്ത്വമനുസരിച്ച് (Self Help Learning Principle) അംഗങ്ങൾ അവർ ആഗ്രഹിക്കുന്ന വിഷയങ്ങളും പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന താൽപര്യ ഗ്രൂപ്പുകൾ രൂപവത്കരിക്കണം. അംഗങ്ങളോട് യോഗ്യതകളെക്കുറിച്ച് അന്വേഷിക്കാനോ വാഗ്ദാനംചെയ്യാനോ പാടില്ല. അധ്യാപകരും പഠിതാക്കളും തമ്മിൽ വേർതിരിവൊന്നുമില്ല. യു3എ നൽകുന്ന സേവനങ്ങൾക്ക് അംഗങ്ങൾ പണം നൽകേണ്ടതില്ല. പ്രസ്ഥാനത്തിെൻറ സമഗ്രതയെ തടസ്സപ്പെടുത്തുന്നില്ലെങ്കിൽ മാത്രമേ പുറമെനിന്നുള്ള സാമ്പത്തികസഹായം തേടാവൂവെന്നും നിബന്ധനയിലുണ്ട്.
ഇവിടെ യോഗങ്ങളിൽ എല്ലാവരും വൃത്താകൃതിയിൽ മാത്രമേ ഇരിക്കൂ. ആർക്കും പ്രത്യേക പ്രാധാന്യമൊന്നും ലഭിക്കുന്നില്ലെന്നതാണ് ഇൗ ഇരിപ്പിെൻറ പ്രത്യേകത. അന്യംനിന്നുപോയ കൈയെഴുത്ത് മാസികയെന്ന ആശയത്തെ പുനരുജ്ജീവിപ്പിക്കാനും ഇ-മാഗസിനുകൾ എന്ന പുത്തൻ ആശയങ്ങൾ നടപ്പാക്കാനുമെല്ലാം ഇവർ മുൻപന്തിയിലുണ്ട്. ഇംഗ്ലീഷിനും മലയാളത്തിനും ഒരുപോലെ പ്രാധാന്യം നൽകി എറണാകുളം ഘടകം ആഗസ്റ്റിൽ പുറത്തിറക്കിയ ‘യു3എ കണക്ട്’ എന്ന ഇ-മാസിക ഇത്തരത്തിലൊന്നാണ്. പാലക്കാട് ജില്ലയിലെ യു3എ ഘടകത്തിെൻറ ‘പനംനൊങ്കും’ തൃശൂരിലെ സിനർജിയുടെ ‘ഓലക്ക’വും ശ്രദ്ധേയമായ ഇ-മാഗസിനുകൾതന്നെ.
വിവിധ കൃതികളെ അധികരിച്ച് പുസ്തക ചർച്ചകളും നടക്കാറുണ്ട്. അംഗങ്ങളുടെ വിലയിരുത്തലുകൾ ശേഖരിച്ച് പുസ്തകരൂപത്തിലാക്കാനും ഇവർക്ക് ലക്ഷ്യമുണ്ട്. ശയ്യാവലംബികളായ മുതിർന്ന അംഗങ്ങളുടെ വീടുകൾ സന്ദർശിക്കും. സ്ഥലത്തെ പ്രധാന വ്യക്തികളുമായി സംസാരിച്ച് അഭിമുഖം തയാറാക്കലും പ്രാദേശിക ചരിത്രരചനയുമാണ് മറ്റൊരു പ്രധാന പരിപാടി. കൂടുതൽ അറിയപ്പെടാത്ത പ്രകൃതിമനോഹരമായ പ്രദേശങ്ങളിലേക്ക് ഏകദിനയാത്രകളുണ്ട്. സംഗീത സായാഹ്നങ്ങളും പ്രഭാതനടത്തവും മറ്റുചിലത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.