തങ്കമ്മ കുഞ്ഞപ്പനും സഹപാഠികളും (ഫയൽ ഫോട്ടോ)
കൊച്ചി: 74ന്റെ നിറവിലും പരീക്ഷച്ചൂടിലാണ് ഇലഞ്ഞി ആലുപുരം തങ്കമ്മ കുഞ്ഞപ്പൻ. പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ വയോധിക. ഇലഞ്ഞി വിസാറ്റിലെ ബി.കോം ഫിനാൻസ് വിദ്യാർഥിനിയായ തങ്കമ്മക്ക് രണ്ടാം സെമസ്റ്റർ പരീക്ഷ അടുത്ത ദിവസം മുതലാണ് ആരംഭിക്കുന്നത്. പ്രാരാബ്ധങ്ങളോട് പടവെട്ടിയായിരുന്നു തങ്കമ്മയുടെ വളർച്ച. വിദ്യാഭ്യാസം എട്ടാം ക്ലാസ് വരെ മാത്രം. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിനിയായ തങ്കമ്മ 1968ൽ വിവാഹത്തോടെയാണ് ഇലഞ്ഞിക്കാരിയായത്.
തൊഴിലുറപ്പ് ജോലിയാണ് തങ്കമ്മയുടെ ജീവിതം മാറ്റിമറിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ് ആകണമെങ്കിൽ പത്താം ക്ലാസ് പാസാകണമെന്ന നിബന്ധനയാണ് വാശിക്ക് കാരണം. അങ്ങനെ സംസ്ഥാന സാക്ഷരത മിഷന്റെ പത്താംതരം തുല്യത പഠനത്തിന് ചേർന്ന് 74 ശതമാനം മാർക്കോടെ ആ കടമ്പ കടന്നു. പിന്നീട് പ്ലസ്ടു വിന് ചേർന്ന് ഹ്യൂമാനിറ്റീസിൽ 78 ശതമാനം മാർക്കോടെ പാസാകുകയും ചെയ്തു. തങ്കമ്മയുടെ ഉപരിപഠന താൽപര്യം മനസ്സിലാക്കിയ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ അതിന് അവസരമൊരുക്കി. എം.ജി സർവകലാശാലയിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ബി.കോമിന് പ്രവേശനം നൽകിയത്. പഠനത്തോടൊപ്പം സാമൂഹിക സേവന രംഗങ്ങളിലും കുടുംബശ്രീ പ്രവർത്തനത്തിലും സജീവമാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.