നിറത്തിന്റെ പേരിൽ എല്ലാവരാലും മാറ്റിനിർത്തപ്പെട്ട പെൺകുട്ടി ഇന്ന് റാമ്പിലെ താരമാണ്. 2024 ജനുവരിയിൽ ചെന്നൈയിൽ നടന്ന ‘ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യ’ സൗന്ദര്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായ വിഴിഞ്ഞം പുല്ലുവിള സ്വദേശി ത്രേസ്യ ലൂയിസിന്റെ വർത്തമാനങ്ങൾ
തൊലി കറുത്തതിന്റെ പേരിൽ മാത്രം മാറ്റിനിർത്തപ്പെട്ടവൾ. ജീവിതത്തിലുടനീളം താൻ നേരിട്ട പ്രതിബന്ധങ്ങളെ ഉൾക്കരുത്താക്കിയാണ് 26കാരി ത്രേസ്യ ‘ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യ’ മോഡൽ ഫസ്റ്റ് റണ്ണറപ്പ് പുരസ്കാരം നേടിയെടുത്തത്. അമ്മയും സുഹൃത്തുക്കളും അവളുടെ നേട്ടത്തിന് കാവലാളായി. ‘ദൈവത്തിന്റെ കൈയൊപ്പുള്ള വിജയം’ എന്ന് വിശേഷിപ്പിക്കാനാണ് അവൾക്കിഷ്ടം. ത്രേസ്യ ലൂയിസ് പറയുന്നു.
കുഞ്ഞുനാളിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നമ്മൾ വളരുന്തോറും മാറിക്കൊണ്ടിരിക്കും. പക്ഷേ, എന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. അതെന്നോടൊപ്പം വളർന്നു. കുട്ടിക്കാലം മുതൽ മോഡലിങ് ഇഷ്ടമായിരുന്നു. സ്കൂളിൽനിന്ന് എത്തിയാൽ യൂനിഫോം പോലും മാറ്റാതെ ഫാഷൻ ചാനലിൽ റാമ്പ് വാക് കാണുന്നതായിരുന്നു പ്രധാന ഹോബി. പ്ലസ്ടു പഠന കാലയളവിലാണ് മോഡലിങ്ങിലും ഫാഷൻ ഡിസൈനിങ്ങിലുമുള്ള താൽപര്യം അമ്മ സ്റ്റെല്ലയോട് ആദ്യമായി പറയുന്നത്.
എന്നാൽ, അതുൾക്കൊള്ളാൻ അമ്മക്കോ വീട്ടുകാർക്കോ കഴിഞ്ഞിരുന്നില്ല. വസ്തുതകൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്റെ ഭാവിയും സുരക്ഷിതത്വവും മാത്രമായിരുന്നു അവരുടെ മനസ്സിൽ. അത്രയും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലൂടെയായിരുന്നു ജീവിതം. തുടർന്നാണ് ബയോടെക്നോളജിയിൽ എൻജിനീയറിങ് പഠനത്തിന് തീരുമാനിക്കുന്നത്. ബി.ടെക് പഠനകാലത്തും മോഡലിങ്ങിനോടുള്ള ഇഷ്ടം കൈവിട്ടില്ല.
കോളജിൽ നടന്ന പല പരിപാടികളിലും പങ്കെടുത്തു. എന്നാൽ, സ്വപ്നത്തിലേക്ക് സഞ്ചരിക്കണമെങ്കിൽ പണം കൂടിയേ തീരുമായിരുന്നുള്ളൂ. തുടർന്ന് പഠനശേഷം ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ മെഡിക്കൽ കോഡറായി ജോലിയിൽ പ്രവേശിച്ചു. വീട്ടുകാരുടെ പോലും സമ്മതമില്ലാതെ പിന്നീട് മോഡലിങ്ങിലേക്കിറങ്ങുകയായിരുന്നു.
2023ൽ തിരുവനന്തപുരത്ത് നടന്ന സ്റ്റാർ ഓഫ് കേരള പാജന്റിലും മറ്റൊരു മത്സരത്തിലും ടൈറ്റിൽ വിന്നറായതിന്റെ ആത്മവിശ്വാസമാണ് ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യ മത്സരത്തിലേക്ക് അപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. വലിയ പ്ലാറ്റ്ഫോമുകൾ വേണമായിരുന്നു.
ആസിഡ് ആക്രമണ അതിജീവിതർക്ക് ത്വക് ദാനം ലക്ഷ്യമാക്കിയാണ് ആ മത്സരം സംഘടിപ്പിക്കുന്നതെന്നുകൂടി മനസ്സിലാക്കിയതോടെ പങ്കെടുക്കണമെന്ന അതിയായ ആഗ്രഹവുമുണ്ടായി. തുടർന്ന് വീട്ടുകാർ അറിയാതെ അപേക്ഷിച്ചു. കൊച്ചിയിൽ നടക്കുന്ന ഒന്നാംഘട്ട ഓഡിഷന് തിരഞ്ഞെടുക്കപ്പെട്ടെന്ന അറിയിപ്പ് ലഭിച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്. ആദ്യം ചില എതിർപ്പുകളുണ്ടായെങ്കിലും ഒടുവിൽ സമ്മതിച്ചു.
കൊച്ചിയിലെ ഓഡിഷനിൽ പങ്കെടുക്കുമ്പോഴും ചെന്നൈയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചതേയില്ല. 29 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, 30,000 രൂപ രജിസ്ട്രേഷൻ ഫീസ് അടക്കണമെന്ന നിബന്ധന വെല്ലുവിളിയായി. അപ്പോഴത്തെ സാഹചര്യത്തിൽ അത്രയും തുക കണ്ടെത്തുക അസാധ്യമായിരുന്നു. പിന്മാറാൻ തീരുമാനിച്ച് വിളിച്ചപ്പോൾ ഒരാഴ്ചകൂടി സമയം നീട്ടിത്തന്നു.
സഹപ്രവർത്തകയായ മഹാരാഷ്ട്ര സ്വദേശി അശ്വനി പാട്ടീലാണ് സഹായവുമായെത്തിയത്. ആ കൈതാങ്ങാണ് പുരസ്കാര നേട്ടത്തിലേക്ക് എന്നെ എത്തിച്ചത്. പിന്നെയുമുണ്ടായിരുന്നു ഏറെ വെല്ലുവിളികൾ. യാത്ര, കോസ്റ്റ്യൂം എന്നിങ്ങനെ. അവിടെയും ദൈവത്തിന്റെ കരങ്ങളുമായെത്തിയത് സുഹൃത്തുക്കളാണ്. ജൂനിയറായി പഠിച്ച മഹേഷ് എന്ന സുഹൃത്താണ് കോസ്റ്റ്യൂമിനുള്ള പണം തന്നത്. ഓരോ ആഴ്ചയിലെ ടാസ്കുകൾ പൂർത്തിയാക്കാനും സുഹൃത്തുക്കളാണ് ഒപ്പംനിന്നത്.
ആശങ്കയോടെയും അതിലേറെ പ്രതീക്ഷയോടെയുമാണ് ചെന്നൈയിലെത്തിയത്. ടാലന്റ് റൗണ്ടിലെ പ്രകടനത്തോടെ എന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റാൻ സാധിച്ചു. മത്സരത്തിലെ ടൈറ്റിൽവിന്നറായ മലയാളിയായ അശ്വിക നായർ പറഞ്ഞത് നിനക്കാണ് പുരസ്കാരമെങ്കിൽ തനിക്കേറെ സന്തോഷമുണ്ടെന്നാണ്.
പിറ്റേന്ന് ടോപ്പ് ടെണ്ണിൽ ചോദ്യോത്തര റൗണ്ടായിരുന്നു പ്രധാനം. ഓൺലൈൻ ഡേറ്റിങ് ആപ്പ് നല്ലതോ മോശമോ എന്നതായിരുന്നു എന്നോടുള്ള ചോദ്യം. ഉത്തരം പറഞ്ഞതും നിർത്താതെയുള്ള കൈയടിയായിരുന്നു വേദിയിലെങ്ങും. വിധികർത്താക്കൾ ഉൾപ്പെടെയുള്ളവർ അഭിനന്ദനമേകി. ‘ഷീ ഈസ് അമേസിങ്’ എന്ന മോഡലും നടിയുമായ എമി ജാക്സന്റെ അഭിപ്രായം കൂടി കേട്ടതോടെ പരാജയപ്പെട്ടാലും നിരാശയില്ലെന്ന ചിന്തയായി. പുരസ്കാരത്തേക്കാൾ തിളക്കമുണ്ട് ആ വാക്കുകൾക്ക്.
ഫലപ്രഖ്യാപനവേളയിൽ മനസ്സിൽ അമ്മയുടെ മുഖം മാത്രമായിരുന്നു. അമ്മയെ തന്നെയാണ് വിജയവാർത്ത ആദ്യം വിളിച്ചറിയിച്ചതും. ‘സന്തോഷം മോളെ, സുരക്ഷിതമായി തിരിച്ചെത്തണേ’ എന്നേ അമ്മ പറഞ്ഞുള്ളൂ.
തൊലി കറുത്തതിന്റെയും ശരീരം മെലിഞ്ഞതിന്റെയും പേരിൽ കുഞ്ഞുനാൾ മുതൽ കടുത്ത അവഗണനയാണ് നേരിട്ടത്. കാക്ക, കരിങ്കുട്ടി തുടങ്ങിയ പരിഹാസങ്ങളായിരുന്നു ചുറ്റിലും. നാട്ടിലും സ്കൂളിലും മാത്രമല്ല, വീട്ടിൽനിന്നുപോലും അധിക്ഷേപങ്ങൾ നേരിട്ടു. മറ്റുള്ളവരുടെ പല തമാശകളും ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. സുഹൃത്തുക്കളിൽനിന്നും അധ്യാപകരിൽനിന്നും മാറ്റിനിർത്തലുകളുണ്ടായി.
കറുപ്പായതുകൊണ്ട് എന്നോട് മിണ്ടാൻ പോലും സ്കൂളിലെ പലരും മടിച്ചു. ക്ലാസിൽ ഒരുമിച്ച് എല്ലാവരും ഭക്ഷണം കഴിക്കുമ്പോഴും ഞാൻ ഒറ്റപ്പെട്ടു. കൂട്ടുകാരുടെ കളിയാക്കലുകളിൽ വിഷമിച്ച് വീട്ടിൽ വന്നു കരഞ്ഞ ദിവസങ്ങളുണ്ട്. അന്നൊക്കെ അമ്മയാണ് ചേർത്തു പിടിച്ചത്.
പത്താം ക്ലാസ് കഴിഞ്ഞശേഷമാണ് കുറച്ചൊക്കെ മാറ്റമുണ്ടായത്. ഇന്നും പൂർണമായ മാറ്റമൊന്നുമില്ല ആ കളിയാക്കലുകൾക്ക്. സമൂഹമാധ്യമങ്ങളിൽ പുരസ്കാര വാർത്തകളുടെ അടിയിൽപോലും അധിക്ഷേപ കമന്റിട്ട് സന്തോഷം കണ്ടെത്തുന്നവരുണ്ട് ഇപ്പോഴും.
തളരാൻ ഒരുക്കമല്ല
അതിഭീകരമായി ബോഡി ഷെയിമിങ്ങിന് ഇരയായതുകൊണ്ടാകാം മുതിർന്നപ്പോൾ കൂടുതൽ കരുത്ത് കിട്ടിയത്. ജീവിതത്തിൽ തോൽക്കില്ലെന്നും തളരില്ലെന്നുമുള്ള ചിന്ത ദൃഢമായതും അങ്ങനെതന്നെ. അതിനെന്നെ പ്രാപ്തയാക്കിയത് അമ്മയാണ്, അമ്മയുടെ ജീവിതമാണ്. മൂന്നുമക്കളെയും പഠിപ്പിച്ച് ഒരുനിലയിലെത്തിക്കാൻ ഏറെ കഷ്ടപ്പെട്ടു അമ്മ. ഹരിതകർമസേനാംഗമാണ് അവർ. അമ്മച്ചി കൊച്ചുത്രേസ്യക്ക് ചന്തയിൽ മീൻ വിൽപനയാണ് ജോലി.
ചേച്ചി ലിയയെ ഡെന്റൽ ഡോക്ടറാക്കാനും എന്റെയും അനുജത്തി ഹെലന്റെയും പി.ജി പഠനത്തിനുമെല്ലാം അമ്മ ഏറെ ത്യാഗം സഹിച്ചു. സ്വന്തമായി വീടുപോലുമില്ല. വാടക വീട്ടിലാണ് താമസം. കളിയാക്കലുകളിൽ തളരാതെ അതിജീവിച്ചു മുന്നോട്ട് നീങ്ങണമെന്ന് എപ്പോഴും അമ്മ പറയും. ആ പിൻബലം തന്നെയാണ് ഇന്നിവിടെയെത്താൻ പ്രാപ്തയാക്കിയതും.
ഇപ്പോഴും പരസ്യചിത്രങ്ങളിലേക്കും ഫോട്ടോഷൂട്ടിനുമുള്ള തിരഞ്ഞെടുപ്പുകളിൽ നിറം പ്രധാനഘടകം തന്നെയാണ്. ഇന്നും ഏവർക്കും വേണ്ടത് ‘വെളുത്ത സ്കിൻ’ ആണ്. തുണിക്കടയുടെ ഉൾപ്പെടെ പല പരസ്യങ്ങളിലേക്ക് ആദ്യം സമീപിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഒഴിവാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാഴ്ചപ്പാടുകൾ മാറിയാലേ ഇതിനൊരുമാറ്റം വരുകയുള്ളൂ. അത് വീട്ടിൽനിന്ന് തുടങ്ങണം.
എന്നെപ്പോലുള്ള നിരവധി പെൺകുട്ടികൾ ഇത്തരത്തിൽ അവഗണന നേരിട്ട് ആഗ്രഹങ്ങൾ ഉപേക്ഷിച്ച് പോയിട്ടുണ്ട്. കൈപിടിച്ചുയർത്താനും മാർഗനിർദേശം നൽകാനും ആരുമില്ലാത്തതാണ് അതിനുകാരണം. അത്തരത്തിലുള്ളവർക്ക് ട്രെയ്നിങ് നൽകാൻ ഒരു സംരംഭം തുടങ്ങണമെന്നതും ആഗ്രഹമാണ്.
സ്കൂൾ പഠനകാലയളവിൽ അത്ലറ്റിക്സ് ഇനങ്ങളിൽ വിജയങ്ങൾ നേടിയിട്ടുണ്ട്. 200 മീറ്റർ ഓട്ടം, ലോങ് ജംപ് എന്നീ ഇനങ്ങളിലായിരുന്നു നേട്ടങ്ങൾ. സംസ്ഥാനതലത്തിലും മത്സരിച്ചിട്ടുണ്ട്. അന്ന് ഞാൻ സ്പോർട്സ് താരമാകുമെന്നാണ് കരുതിയത്. അമ്മയാണ് എല്ലാ മത്സരങ്ങളിലേക്കും കൊണ്ടുപോകുന്നത്. എന്നാൽ, എങ്ങനെ മുന്നേറണമെന്നുള്ള കൂടുതൽ അറിവ് ഞങ്ങൾക്കില്ലായിരുന്നു. സ്കൂളിൽനിന്ന് മതിയായ പിന്തുണയും ലഭിച്ചില്ല. അതോടെ അത്ലറ്റിക്സ് രംഗത്തുനിന്ന് വിടപറയേണ്ടി വന്നു.
നൃത്തത്തിലും സംഗീതയിനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പാട്ടുകൾ എഴുതുന്ന സ്വഭാവവുമുണ്ട്. സ്വന്തമായി എഴുതിയ ചില ഗാനങ്ങൾക്ക് സുഹൃത്ത് സംഗീതം നൽകി പാടാനുള്ള അവസരവും കിട്ടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ മോഡലായി വളരണം. മിസ് ലീവാ, മിസ് ഫെമിന തുടങ്ങിയ മത്സരങ്ങളിലൊക്കെ പങ്കെടുക്കണമെന്നുമാണ് ആഗ്രഹം. ഒപ്പം, സ്വന്തമായി വീടെന്ന സ്വപ്നവും സക്ഷാത്കരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.