ജുബൈൽ : കിഴക്കൻ പ്രവിശ്യകളിലെ വേദികളിൽ നിറഞ്ഞു പാടിയ അനിലയും അമ്മയുടെ ഗാനമേള വേദികളിലെ സ്ഥിരം തബലിസ്റ്റായിരുന്ന മകൻ ആൽവിൻ ദീപുവും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. സ്വര മാധുരികൊണ്ട് പ്രവാസ ഹൃദയങ്ങൾ കീഴടക്കിയ തിരുവനന്തപുരം സ്വദേശിയും ജുബൈൽ അൽ-മന ആശുപത്രിയിലെ നഴ്സുമായ അനില ദീപു ആതുര സേവനത്തോടൊപ്പം ഗാനാലാപനവുമായി ശ്രദ്ധേയമാവുകയായിരുന്നു. അമ്മയുടെ പാട്ടിനു ഡ്രംസ് വായിച്ചാണ് പത്ത് വയസ്സുള്ള മകൻ ആൽവിൻ താരമായത്. ഡ്രംസ് കൂടാതെ തബല , റിഥം പാഡ് എന്നീ സംഗീതോപകരണങ്ങളും ആൽവിന് നന്നായി വഴങ്ങും. ഇരുവരും നാട്ടിലേക്ക് മടങ്ങുന്നത് മേഖലയിലെ സംഗീത വേദികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുക.
പേരൂർക്കട എം.ജി നഗറിൽ കാഞ്ഞിരംവിള വീട്ടിൽ ഡി. ശാമുവേൽ-സ്വർണമ്മ ദമ്പതികളുടെ മകളായ അനില സാൽവേഷൻ ആർമി സ്കൂളിൽ നാലിൽ പഠിക്കുമ്പോൾ പദ്യപാരായണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സംഗീത രംഗത്തേക്ക് പ്രവേശിക്കുന്നത്. അതേ സ്കൂളിലെ അധ്യാപികയായിരുന്ന ഗ്രേയ്സ് അനിലയുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഒരുവർഷത്തോളം ഹരിഹരൻ മാഷിന്റെ ശിക്ഷണത്തിൽ സംഗീതം പഠിച്ചു. കോളജ് വിദ്യാഭ്യാസത്തിന് ശേഷം നഴ്സിങ് പൂർത്തിയാക്കി ആന്ധ്ര, മഹാരാഷ്ട്ര, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ജോലി നോക്കുമ്പോഴും സംഗീതം കൈവിട്ടില്ല. 2014ൽ സൗദിയിൽ എത്തി. 2016ൽ തനിമ സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണത്തിൽ പങ്കെടുത്ത് ഗാനം ആലപിച്ചതോടെയാണ് ജുബൈലിലെ പൊതുവേദികളിൽ ഇടം ലഭിക്കുന്നത്.
കെ.എസ് ചിത്രയെ വളരെയധികം ഇഷ്ടപ്പെടുന്ന അനില വേദികളിൽ അവരുടെ മെലഡി ഗാനങ്ങളാണ് ഭൂരിപക്ഷവും പാടുന്നത്. കഴിഞ്ഞവർഷം ‘ഗൾഫ് മാധ്യമം’ റിയാദിൽ സംഘടിപ്പിച്ച അഹ്ലൻ കേരളയിൽ ചിത്രയുടെ പാട്ടുമത്സരത്തിൽ പ്രാഥമിക റൗണ്ടിൽ വിജയിച്ചിരുന്നു. റിയാദിൽ നടന്ന ഫൈനലിൽ വിജയം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തന്റെ മാനസ ഗുരുവായ കെ. എസ്. ചിത്രയെ നേരിട്ട് കാണുവാനും ഒപ്പം നിൽക്കുവാനും കഴിഞ്ഞതിലെ ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല. അഹ്ലൻ കേരളയുടെ പ്രചാരണാർഥം ഗൾഫ് മാധ്യമം ജുബൈൽ ലുലുവിൽ സംഘടിപ്പിച്ച ചിത്രയുടെ ഗാനങ്ങൾ കോർത്തിണക്കിയ റോഡ്ഷോ നയിച്ചതും അനിലയായിരുന്നു. തബുക്, റിയാദ്, അൽ ഹസ്സ, ഖോബാർ, ദമ്മാം, രാസ്തനൂറാ, ജുബൈൽ സ്റ്റേജുകളിൽ പാടുവാൻ കഴിഞ്ഞു.
മലയാളം, തമിഴ്, ഹിന്ദി പാട്ടുകൾ പാടുമായിരുന്നു. റിയാദിൽ സൗദി കലാസംഗം ഗ്രൂപ്പിലെയും ദമ്മാം സ്കോർപ്പിയോൺ ആൻഡ് അറേബ്യൻ ഈഗിൾസിന്റെയും അംഗം ആണ് അവരുടെ നിരവധി വേദികളിൽ പാടാൻ കഴിഞ്ഞു . സിനിമ പിന്നണി ഗായകർ വിൽസ്വരാജ് , കൊല്ലം ഷാഫി എന്നിവർക്കൊപ്പം പാടാൻ സാധിച്ചു. സൗദിയിൽ വന്ന ശേഷം ചാനൽ ഇന്റർവ്യൂ പങ്കെടുത്തു നിരവധി ആൽബങ്ങളും മാപ്പിളപ്പാട്ടുകളും പാടാൻ സാധിച്ചു.
‘അനന്തപുരി അസോസിയേഷൻ’ നടത്തിയ പ്രോഗ്രാമിൽ അമ്മയുടെ പാട്ടിനു തബല വായിച്ചും ‘സ്കാൻ’ ദമ്മാം നടത്തിയ വാർഷികത്തിന് അമ്മയുടെ പാട്ടിനു ഡ്രംസ് വായിച്ചു മകൻ ഒമ്പതാം വയസ്സിൽ സംഗീത ലോകത്തേക്ക് വരവ് അറിയിച്ചു. സ്കോർപ്പിയോൺ , ബീഡ്സ് ഓർക്കസ്ട്ര, റിയാദ് ഗോൾഡൻ ഗ്രേപ്സ് എന്ന ട്രൂപ്പിലും ലൈവ് ഗാനമേളക്ക് ഡ്രംസ് വായിച്ചു. പോൾ വർഗീസിന്റെ നേതൃത്വത്തിൽ സന്തു സന്തോഷ് നയിക്കുന്ന ‘സൗദി പാട്ടുകൂട്ടം’ എന്ന നാടൻ പാട്ടുഗ്രൂപ്പിൽ ചേർന്നതോടു കൂടെ അമ്മയുടെയും മോന്റെയും കലാജീവിതത്തിന്റെ ധന്യ മുഹൂർത്തങ്ങൾ ആയിരുന്നു. നാഷനൽ അവാർഡ് വിന്നർ നാഞ്ചിയമ്മക്ക് വേണ്ടി ഡ്രംസ് വായിക്കാനുള്ള ഭാഗ്യം ആൽവിൻ ദീപുവിനുണ്ടായി. നാടൻ പാട്ട് ഗായിക പ്രസീത ചാലക്കുടിക്കും, അമ്മ പാടിയ നാടൻ പാട്ടുകൾക്കും ഡ്രംസ് വായിച്ചു.
റിയാദ് , അൽഹസ്സ , ഖോബാർ , ദമ്മാം ലുലു , ജുബൈൽ ലുലു വേദികൾ ഡ്രംസ് വായിച്ചു ഒട്ടനവധി പ്രോത്സാഹനങ്ങളും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. അനിലയുടെ ഭർത്താവ് ജുബൈൽ അനബീബ് കമ്പനിയിൽ സേഫ്റ്റി ഓഫീസർ ദീപുവാണ് അമ്മയ്ക്കും മകനും എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം നിൽക്കുന്നത്. ഈ മാസം 20നു ഇരുവരും നാട്ടിലേക്ക് യാത്രയാകും ഏഴിൽ പഠിക്കുന്ന ആൽവിൻ ദീപു വിനു ഒന്നിൽ പഠിക്കുന്ന സഹോദരനുണ്ട്; ആൽഫിൻ ദീപു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.