സ്വന്തം വസ്ത്രധാരണ സ്വാതന്ത്ര്യത്തിൽ തെല്ലും വിട്ടുവീഴ്ചക്കൊരുങ്ങാതെ ലോകത്തിനൊപ്പം കാറ്റിനോളം വേഗതയിൽ കുതിച്ചു പായുകയാണ് ആമിന ഷിഫയെന്ന 23കാരി. ഹോഴ്സ് റൈഡിങ് ആൻഡ് ആർച്ചറിയിൽ അധികം സമപ്രായക്കാരില്ലാത്ത- തന്റെ ഐഡന്റിറ്റിയിൽ അപഖ്യാതി സൃഷ്ടിക്കാതെ വീരശൂരരായ കുതിരകൾക്കുമേലിരുന്നു കൈവിറക്കാതെ ഉന്നം വെക്കുന്നത് ലക്ഷ്യസ്ഥാനത്തേക്ക് മാത്രമല്ല, മറിച്ച് പിന്നിലിരുന്ന് തന്റെ ഇസ്ലാം ആദർശ ബോധത്തെ വക്രീകരിക്കുന്നവരോട് കൂടിയാണ്. ആമിനയുടെ കുതിരപ്പന്തയങ്ങൾ ഒരേ സമയം യുദ്ധം ചെയ്യുന്നത് ഈ രണ്ടു തലങ്ങളോടും തന്നെയാണ്.
മൂന്നു-നാല് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ കുട്ടി ആമിനക്ക് കുതിരകളിൽ തോന്നിയ കൗതുകം, ‘ബ്ലാക്ക് ബ്യൂട്ടി’ എന്ന സിനിമ ആയിരം തവണ ആവർത്തിച്ചു കാണുന്ന ബാല്യം. കുതിരയും അതിന്റെ കുളമ്പടികളും ആമിനയുടെ ഉറക്കം കെടുത്തിക്കളഞ്ഞ രാത്രികൾ! തന്റെ ആഗ്രഹങ്ങൾക്ക് മാതാപിതാക്കളും സഹോദരങ്ങളും കൂടെ നിന്നതോടെ നാലാം തരത്തിൽ പഠിക്കുമ്പോൾ ഒരു കുതിരയുടെ പുറത്ത് ആമിന ആദ്യ ശ്രമം നടത്തി.
കുതിരപ്പുറത്തേറുന്ന സ്ത്രീ ശരീരങ്ങളെ സംസ്കാര ശൂന്യരായി മുദ്രകുത്തിക്കൊണ്ടിരുന്ന ഒരു കാഴ്ചപ്പാട് എങ്ങും ഉണ്ടായിരുന്നു. എന്നാൽ, ഈ അറബ് രാജ്യം ആമിനക്ക് ഒരു എളുപ്പമേറിയ വേദി പാകിയിരുന്നു. പക്ഷെ തന്റെ അബായ എന്ന ആശയം കാരണം കുതിര സവാരിയോടുള്ള പ്രണയത്തോട് ആമിനക്ക് കടിഞ്ഞാണിടേണ്ടിവന്നു. താൻ ധരിക്കുന്ന അബായയും നിഖാബും ഒരു കുതിര പ്രയാണത്തിന് ഇണങ്ങുന്നത് അല്ലെന്നും ചുറ്റുപാടുകൾ പെൺകുട്ടിയെ നിരന്തരം തോന്നിപ്പിച്ചു. പക്ഷെ അത് തീർത്തും ഒരു മിഥ്യാ ധാരണ ആയിരുന്നു.
പതിയെ യഥാർഥ ഇസ്ലാമിക ചരിത്രങ്ങളുടെ പിൻബലം ആമിനക്ക് കരുത്തുപകർന്നു. ഉഹ്ദ് യുദ്ധത്തിൽ കുതിരപ്പുറത്തിരുന്ന് പടയേന്തിയ ധീര വനിതകളുടെ സ്മരണകൾ എന്നും ഇവളുടെ ഹൃദയത്തെ പുളകം കൊള്ളിച്ചുകൊണ്ടേയിരുന്നു. ഉടൻ ഹോഴ്സ് റൈഡിങ് പരിശീലന സ്ഥാപനത്തിൽ ചെന്ന് യോഗ്യതകളും നിർദ്ദേശങ്ങളും സ്വീകരിച്ച ഈ പെൺകുട്ടിയെ വരവേറ്റത് തന്റെ ആദർശ മൂല്യത്തോടുള്ള ഹോഴ്സ് റൈഡിങ് പരിശീലകരുടെ ആദരവുറ്റ നടപടികളായിരുന്നു.
അബായയുംനിഖാബും അവർ വലിയ ബഹുമാനത്തോടെ അംഗീകരിച്ചു. അവിടെയാണ് ആമിനയുടെ യഥാർഥ ജൈത്രയാത്ര ആരംഭിക്കുന്നത്. അധികം വൈകാതെ കുതിരപ്പുറത്തേറിയുള്ള അമ്പെയ്ത്തിലും ഇവർ പ്രാഗല്ഭ്യം സിദ്ധിച്ചു. ദുബൈയിൽ സൈക്കോളജി ബിരുദം ചെയ്തുകൊണ്ടിരിക്കുന്ന ഈ 23 കാരി കുതിരസവാരിക്ക് പുറമേ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കൈമുതലാക്കിയിട്ടുണ്ട്.
കടൽ തീരത്തും തുറസ്സായ പരിസരങ്ങളിലും കുതിരപ്പുറത്ത് കുതിക്കുന്നത് തന്റെ പതിവ് സ്വപ്നങ്ങളിൽ ഒന്നായിരുന്നു. ഈയടുത്ത് താൻ ആ സ്വപ്നവും സാക്ഷാത്കരിച്ചത് ഏറെ അഭിമാനകരമായ ഒരു അനുഭൂതിയായിരുന്നു. ഒരുതരം മാന്ത്രികത പോലെ അത് ആമിനയിൽ വന്ന് ഭവിച്ചു. കടൽക്കാറ്റും നുരഞ്ഞു പൊന്തുന്ന കടൽ തിരമാലയും കുതിരക്കുളമ്പടിയും ആമിനയുടെ ആത്മാവിനെ എന്തെന്നില്ലാതെ ഉന്മാദത്തിലാക്കി. അക്ഷരാർത്ഥത്തിൽ ആമിന ആനന്ദക്കണ്ണീർ പൊഴിച്ചു.
ബിരുദം പൂർത്തീകരിച്ച് കൗൺസിലിങ്ങിലേക്കും തെറാപ്പി സൈക്കോളജിയിലേക്കും പ്രവേശിക്കാനാണ് ഈ പാക്കിസ്താനി പെൺകുട്ടിയുടെ താൽപര്യം. എന്നാൽ കുതിര പരിശീലന പദ്ധതിയും ഹോഴ്സ് തെറാപ്പിയും തന്റെ അതിവിദൂരമല്ലാത്ത സ്വപ്ന പദ്ധതിയുടെ അകക്കാമ്പുകൾ തന്നെയാണ്. തകർക്കാനാകാത്ത മനോവീര്യവും ഇസ്ലാമിക മൂല്യങ്ങളിലെ അടിയുറച്ച വിശ്വാസവുമാണ് തന്റെ വിജയപ്രയാണങ്ങളുടെ ഇന്ധനമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ആമിന ഷിഫ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.