കാശ്മീരിയൻ സൗന്ദര്യം കലയിൽ ആവിഷ്കരിച്ച്​ മുഹ്സിന കൈപ്പി

കാശ്മീരിയൻ സൗന്ദര്യം കലയിൽ ആവിഷ്കരിച്ച്​ ചുവരുകളിൽ ഛായം തീർക്കുകയാണ് മുഹ്സിന കൈപ്പി. ഫ്ലോറൽ ഇല്ല്യുസ്ട്രേഷൻ, കോപ്പർ പ്ലേറ്റ് കാലിഗ്രഫി, ലൈവ് ബ്രാൻഡ് ആക്ടിവേഷൻ തുടങ്ങി കരവിരുതിന്‍റെ മാസ്മരിക പ്രകടനത്താൽ ചുരുങ്ങിയ കാലം കൊണ്ട് സാമൂഹിക മാധ്യമങ്ങൾ വരവേൽക്കുകയായിരുന്നു ഈ കലാകാരിയെ. കാശ്മീരിന്‍റെ ഭൂപ്രകൃതിയിലെയും സംസ്കാരവൈവിധ്യത്തിലെയും സൗന്ദര്യശാസ്ത്രത്തോടുള്ള തന്‍റെ അഭിനിവേശമാണ് ഈ അറേബ്യൻ മണ്ണിനെയും ഹഠാതാകർഷിച്ചത്. അസാമാന്യ കൈവഴക്കത്തോടെ ഇവർ ചെയ്യുന്ന ഓരോ കലാസൃഷ്ടിയും ഏറെ ശ്രദ്ധേയമാണ്.


ദുബൈ മാളും ഹിൽസ് മാളും തന്‍റെ ലൈവ് ബ്രാൻഡ് ആക്ടിവേഷന് പലപ്പോഴായി സാക്ഷിയായി. Sara jessica parker, LC Waikiki, Citron തുടങ്ങി നിരവധി പ്രമുഖ ഇന്‍റർനാഷനൽ ബ്രാൻഡുകളിൽ മുഹ്സിന മിടുക്ക് തെളിയിച്ചു. Sara jessica parkerൽ തീർത്ത ഫ്ലോറൽ ആർട്ടിനു വലിയ സ്വീകാര്യതയാണ് ഉപഭോക്​താക്കൾ നൽകിയത്.

മിനിറ്റുകൾക്കുള്ളിൽ പെർഫ്യൂം- ഷൂ- ക്ലോത്​സ് തുടങ്ങിയവയിൽ വിരിയുന്ന ഈ മാന്ത്രിക ഛായാ ചിത്രങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നവയാണെന്ന് സാരം. കൊമേഴ്സ് ബിരുദം പൂർത്തീകരിച്ചു വീട്ടിലിരിക്കുന്ന നാളുകളിലാണ് കാലിഗ്രാഫിയിലേക്ക് മുഹ്സിന എത്തിനോക്കുന്നത്. തന്നെക്കാൾ മുമ്പ് സജീവമായി ഇൻസ്റ്റാഗ്രാമിൽ ആർട്ട് വർക്ക്‌ ചെയ്ത് സമ്പാദിക്കുന്ന സഹോദരങ്ങളായിരുന്നു പ്രചോദനം. നാട്ടിൽ ഭേദപ്പെട്ട വരുമാനം ലഭിച്ചു തുടങ്ങിയതും വിവാഹാനന്തരം ദുബൈയിലേക്ക് പറിച്ചുനടുകയായിരുന്നു.

സ്വന്തം നാട്ടിൽ തീർത്തെടുത്ത അംഗീകാരം വിദേശത്ത് ലഭിക്കില്ലെന്ന് ഇവർ ഉറപ്പിച്ചു. എന്നാൽ, കഠിനാധ്വാനവും ഭർത്താവിന്‍റെ പരിപൂർണ പിന്തുണയും തനിക്ക് മുന്നിൽ വലിയ ലോകത്തിലേക്കുള്ള വാതായനം തുറന്നു നൽകി. ഇന്ന് കോർപ്പറേറ്റ് ഗിഫ്റ്റിങ്​, വെഡിങ് സ്റ്റേഷനറി ഡിസൈനിങ്, ഗ്രാഫിക് ഡിസൈനിങ്, എംഗ്രവിങ് സർവീസസ് തുടങ്ങി അത്യാഡംബര പൂർണമായ കൈ നിർമ്മിതികൾക്ക് തന്നെ കാത്തിരിക്കുന്നത് ഒട്ടനവധി ഇമാറാത്തികളാണ്. ഉപ്പയുടെ ബിസിനസ് പാരമ്പര്യത്തിന്‍റെ സ്വാധീനം മുഹ്സിനയിൽ തികഞ്ഞ സംഭരംഭകയെയും വാർത്തെടുത്തു കഴിഞ്ഞു. Mkaypee എന്ന സ്വന്തം ബ്രാൻഡിലൂടെ ലോകത്തിനുമുന്നിൽ സ്വയം സ്ഥാപിക്കപ്പെടാനുള്ള തയാറെടുപ്പിലാണ് ഈ കൂട്ടുകാരി.

Tags:    
News Summary - art of emotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.