?????????? ?????????????????

ബഷീറിന്‍െറ പാത്തുമ്മയും ഗായത്രിയുടെ ആടും

‘വല്യ മൂത്താപ്പാ, ഇന്നെ ഇത്താത്ത ഉള്ളാടത്തിപ്പാറൂന്ന് ബിളിച്ച്’-ലൈലക്കെതിരെ സൈദ് മുഹമ്മദ് ബഷീറിന്‍െറ അടുക്കല്‍ പരാതി പറയുകയാണ്. തുടര്‍ന്ന് ലൈലയെ ബഷീര്‍ ശാസിക്കുന്നു. എല്ലാ ദിവസവും രാവിലെതന്നെ പാത്തുമ്മ മകള്‍ ഖദീജയെയും കൂട്ടി തറവാട്ടിലെത്തും. വരവൊരു സ്റ്റൈലിലാണ്. പിറകെ വാലുപോലെ ഖദീജ. ‘എന്‍െറ ആട് പെറട്ടെ, അപ്പോ കാണാം’ എന്നാണ് പാത്തുമ്മ എല്ലായ്പ്പോഴും പറയാറ്. മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ചിത്രപ്രദര്‍ശനത്തിനിടെ  വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘പാത്തുമ്മായുടെ ആടി’ നെക്കുറിച്ച് വാചാലയാവുകയാണ് ആറാം ക്ലാസുകാരി ഗായത്രി ഓളക്കല്‍. ചിരിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും ജീവിതത്തിന്‍െറ അഗാധത അനുഭവിപ്പിച്ച വിഖ്യാതകൃതിയിലെ രംഗങ്ങളെ ചായങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോയി ഈ കൊച്ചുമിടുക്കി.

ബഷീറിന്‍െറ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരെന്ന ചോദ്യത്തിന് ഒട്ടും ചിന്തിച്ചു നില്‍ക്കാതെ ഗായത്രിയുടെ മറുപടി വന്നു; പാത്തുമ്മായുടെ ആട് തന്നെ. കുട്ടികളെക്കാള്‍ കുസൃതിക്കാരിയും വലിയവരോളം കാര്യഗൗരവമുള്ളവളുമാണ് അജസുന്ദരി. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച കാലത്ത് ബഷീറിന്‍െറ വീട്ടിലെ ഭരണം ആടിനായിരുന്നുവെന്ന് ഗായത്രി. ബാപ്പയുടെ നെയ്യ് കട്ടു തിന്നത് ബഷീറിന്‍െറ നേരെ ഇളയവനായ അബ്ദുല്‍ ഖാദറാണ്. പക്ഷേ, എല്ലാവരും ബഷീറിനെ സംശയിച്ചു. ദേഷ്യം വന്ന വേലക്കാരി നങ്ങേലി ബഷീറിനെ അടിക്കുന്നത് കണ്ട് കള്ളക്കരച്ചില്‍ കരയുന്ന അബ്ദുല്‍ ഖാദറിനെ അതേപടി ചിത്രീകരിച്ചിട്ടുണ്ട്. നെയ്യ് കട്ടു തിന്നുന്ന രംഗവുമുണ്ട് കൂട്ടത്തില്‍. വീടിന് പിറകിലെ മാവില്‍നിന്ന് മാങ്ങ പറിക്കുന്ന കുട്ടികളും ബഷീറും അബ്ദുല്‍ ഖാദറും എല്ലുമുറിയെ പണിയെടുത്ത് വിളവെടുപ്പിച്ച കൃഷിയിടം തകര്‍ക്കുന്ന ഉമ്മായുടെ കോഴികളും ഉമ്മായുടെ കാക്കത്തൊള്ളായിരം കാക്കകളും മഴക്കാലത്തും വേനല്‍ക്കാലത്തും ഒരുപോലെ കായ്ച്ചു നില്‍ക്കുന്ന പ്ലാവുമെല്ലാമുണ്ട്.

വീട്ടിലെ സ്ത്രീകളായ പാത്തുമ്മ, ആനുമ്മ, ഐശോമ്മ, ഉമ്മ, കുട്ടികളായ അബി, സൈദ് മുഹമ്മദ്, റഷീദ്, പാത്തുക്കുട്ടി, ലൈല, സുബൈദ, ആരിഫ, ഖദീജ തുടങ്ങിയവരെയും പകര്‍ത്തിയിരിക്കുന്നു ഗായത്രി. ബഷീറിന്‍െറ ശബ്ദങ്ങള്‍, ബാല്യകാല സഖി എന്നീ പുസ്തകങ്ങളുടെ കോപ്പികള്‍ തിന്നത് പോരാഞ്ഞിട്ട് പുതപ്പും തിന്നാനൊരുങ്ങുന്ന അജസുന്ദരിയോട് അതിന്‍െറ കോപ്പി വേറെയില്ലെന്ന് സങ്കടപ്പെടുന്ന കഥാകാരന്‍. സ്കൂളിലേക്ക് പോകവെ ചാമ്പമരത്തിലേക്ക് കണ്ണെറിയുന്ന മാന്‍കണ്ണിയും കോകിലവാണിയുമൊക്കെ മഹാനായ തന്നെയാണ് നോക്കുന്നതെന്ന് കരുതി സന്തോഷിക്കുന്ന ബഷീറിനെയും ആവിഷ്കരിച്ചിരിക്കുന്നു. പുഴക്കരയില്‍ നഗ്നരായി നില്‍ക്കെ നാണം വന്ന കുട്ടികള്‍ക്ക് കഥാനായകന്‍ മുണ്ടുടുത്ത് കൊടുക്കുന്നതുമുണ്ട്.

വീടിനും എലി മാളത്തിനും കാവല്‍ നില്‍ക്കുന്ന പൂച്ചകളും ഇവറ്റകളെ പേടിച്ച് വീടിന്‍െറ പിറകുവശത്ത് പാര്‍ക്കുന്ന എലികളും ബഷീര്‍ ഉറങ്ങാന്‍പോയ സമയത്ത് ചാരുകസേരയില്‍ കയറിയിരിക്കുന്ന പൂച്ചരാജാവും ചാരുഭിത്തിയില്‍ കയറിയിരിക്കാനുള്ള അവകാശം തന്‍െറ കുടുംബത്തിനാണെന്ന് പറഞ്ഞ് തല്ലുകൂടുന്ന കോഴിയും കാക്കയും ഗായത്രിയുടെ ഭാവനയില്‍ വിരിഞ്ഞിട്ടുണ്ട്. ആനുമ്മായുടെ കെട്ടിയോനായ സുലൈമാന്‍ ബഷീറിന് ശീമച്ചക്ക സമ്മാനിക്കുന്ന രംഗവും മനോഹരം. അബിയുടെ ട്രൗസറിന്‍െറ കീശയില്‍ അപ്പമുണ്ടായിരുന്നു. അത് മനസ്സിലാക്കിയ പാത്തുമ്മായുടെ ആട് ട്രൗസര്‍ വലിച്ചു കീറുന്നത് കണ്ടാല്‍ ആര്‍ക്കും ചിരിവരും. തുടര്‍ന്ന്, ‘മ്പീന്‍െറ കീശേല് നാണയോണ്ടര്‍ന്നു.

സ്ലേറ്റ് പെന്‍സില് വാങ്ങാന്‍ ബാപ്പ തന്നതാ’ എന്ന് അബിയും പാത്തുക്കുട്ടിയും ബഷീറിനോട് സങ്കടം പറയുന്നത് കാണാം. വീട്ടില്‍ സമാധാനം ലഭിക്കാത്തതിനാല്‍ തിരിച്ച് പട്ടാളത്തിലേക്ക് പോവുകയാണെന്ന് ബഷീറിനോട് പരിഭവിക്കുന്ന സഹോദരന്‍ ഹനീഫയെയും ലെഫ്ടിസ്റ്റായ ഇളയ അനുജന്‍ അബുവിനെയും ജീവസ്സുറ്റതാക്കാന്‍ കഴിഞ്ഞത് ഗായത്രിയിലെ കുഞ്ഞു കലാകാരിയുടെ വലിയ വിജയമാണ്. ബഷീര്‍ കോഴിക്കോടു നിന്ന് വന്നപ്പോള്‍ എല്ലാവര്‍ക്കും കുഞ്ഞിക്കുട സമ്മാനിച്ചു. ഖദീജക്ക് മാത്രമില്ല. അതിന്‍െറ ധര്‍മസങ്കടം അവള്‍ക്ക് സ്വര്‍ണക്കമ്മല്‍ നല്‍കി തീര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന പാത്തുമ്മയെയും കാണാം.

മലപ്പുറം സെന്‍റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ ഗായത്രി നാലാം ക്ളാസില്‍ പഠിക്കുമ്പോഴാണ്  ‘പാത്തുമ്മായുടെ ആട്’ വായിക്കുന്നത്. അന്നു തുടങ്ങിയതാണ് ഇത് ചിത്രീകരിക്കണമെന്ന മോഹം. പെന്‍സില്‍, പേന, ജലച്ചായം, ഫാബ്രിക് എന്നീ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി 60 ഓളം ചിത്രങ്ങളാണ് വരച്ചത്. ഷൈലജ ഷണ്‍മുഖന്‍, വിനോദ് ക്ലാരി, ശരത് കുമാര്‍ വേങ്ങര എന്നിവരാണ് പ്രധാന ഗുരുക്കള്‍. ജില്ല സ്കൂള്‍ കലോത്സവത്തിലും വിദ്യാരംഗം കലാ-സാഹിത്യോത്സവത്തിലുമുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി. മലപ്പുറം കെ.എസ്.ഇ.ബി ജീവനക്കാരന്‍ മുണ്ടുപറമ്പ് ഹൗസിങ് കോളനിയില്‍ താമസിക്കുന്ന ഒ. വിനോദിന്‍െറയും ചിത്രകാരി കൂടിയായ ബിനു ചുള്ളക്കാട്ടിലിന്‍െറയും മകളാണ് ഗായത്രി. ഗൗതം സഹോദരനാണ്.

Tags:    
News Summary - artist gayatri olakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.