73 രാജ്യങ്ങളിൽ നിന്നെത്തിയ 360ഓളം അതിപ്രശസ്ത ചിത്രകാരർ അണിനിരന്ന ഖത്തർ അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലിൽ സൗദി അറേബ്യയെ പ്രതിനിധികരിച്ച് മലയാളിയായ ഷാബിജയും. അതിമനോഹര ചിത്രരചനയിലുടെ ലോക വേദികളിൽ ശ്രദ്ധിക്കപ്പെട്ട ഷാബിജ രണ്ടാം തവണയാണ് ഖിയാഫിൽ എത്തുന്നത്. നാലു ചിത്രങ്ങളാണ് ഖിയാഫിൽ പ്രദർശിപ്പിച്ചത്.
കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിനിയായ ഷാബിജ ഗൾഫിൽ എത്തിയതിന് ശേഷമാണ് ചിത്രകലയിൽ മുന്നേറ്റം നടത്തുന്നത്. പ്രവാസത്തിെൻറ ഏകാന്തതയും വിരസതയും ചിത്രകാരിയെ തൊട്ടുണർത്തുകയായിരുന്നു. തനിക്ക് ചുറ്റുമുള്ള കാഴ്ചകളെ ഷാബിജ കാൻവാസിലാക്കി. കഴിഞ്ഞ വർഷമാണ് ഷാബിജ ആദ്യമായി ഖത്തർ ആർട്ട് ഫെസ്റ്റിവലിൽ എത്തുന്നത്. അന്നത്തെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇത്തവണയും ക്ഷണമെത്തിയത്.
ഇത്തവണ പ്രദർശിപ്പിച്ച പെയിൻറിങ്ങുകളിലൊന്ന് ഷാബിജയുടെ ഒരു അമൂർത്ത രചനയായിരുന്നു. ‘ഏകാന്തതയുടെ നിറരേഖകള്‍’ എന്നായിരുന്നു അതിെൻറ പേര്. പ്രകൃതിയും മനുഷ്യവുമായുള്ള ആന്തരിക ബന്ധത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു എണ്ണച്ചായാ ചിത്രം. നീലയുടെ സുതാര്യതയും വെളുപ്പിന്റെ ശാന്തതയും പരസ്പരം ലയം കൊണ്ട കവിതയായി കാഴ്ചക്കാരുടെ ഉള്ളിലേക്ക് പടരാൻ തക്ക സംവേദന ക്ഷമതയുണ്ട് ആ പെയിൻറിങ്ങിന്.
രണ്ടാമത്തേത് ഒരു പ്രാപ്പിടിയിൻ പക്ഷിയുടെ കണ്ണുകളായിരുന്നു. ‘ഐസ് ഓഫ് ഹൊറൈസൺ’ എന്ന പേരുള്ള പെയിൻറിങ് പ്രതീക്ഷകളുടെ ചക്രവാളങ്ങളിലേക്കുള്ള ഉറ്റുനോട്ടമാണ്. ജീവിതത്തിെൻറ സമ്മിശ്രഭാവങ്ങൾക്കിടയിലുടെ പ്രതീക്ഷകളുടെ തുരുത്തുകൾ തേടി പറന്ന് പോകുന്ന പ്രാപ്പിടിയൻ പക്ഷിയുടെ ഇഛാശക്തി പ്രതിബന്ധങ്ങളെ മറിടക്കാനുള്ള മനുഷ്യന് പ്രചോദനമാവുകയാണ്.
നിറഞ്ഞു കത്തുന്ന വിളക്കിലെ പ്രകാശം സ്വപ്നങ്ങളെ നിറം ചാർത്തുമ്പോൾ അതിന് ഷാബിജ നൽകിയത് ‘ഗ്ലോറി’ എന്ന പേരായിരുന്നു. നാലാമത്തേത് ‘ഏകാന്ത യാത്രികൻ’ എന്ന പെയിൻറിങ്ങാണ്. ഈ നാല് പെയിൻറിങ്ങൂം ഷാബിജയുടെ കലാത്മക ദര്‍ശനത്തിന്‍റെ സമഗ്രത വ്യക്തമാക്കുന്നവ എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദമ്മാമിലെ ഐ.എസ്.ജി സ്കൂളിൽ ഐ.ടി അധ്യാപികയാണ് ഷാബിജ. ഭർത്താവ് ബിസിനസുകാരനായ അബ്ദുറഹീം. അമൽ, അധുൻ, അഹീൽ, അഷ്വ എന്നിവർ മക്കളാണ്. ഖത്തർ ആർട്ട് ഫെസ്റ്റിവലിൽ നിന്ന് ലഭിച്ച ക്ഷണമനുസരിച്ച് അമേരിക്കയിൽ ചിത്രപ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ് ഷാബിജ. കവി കൂടിയായ ഷാബിജ എല്ലാ വർഷവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധീകരിക്കുന്ന ‘ബുക്കിഷി’ലും കവിതകൾ എഴുതാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.