തന്റെ മൂല്യവത്തായ സമയം ലാഭേച്ഛയില്ലാതെ ആയിഷ പങ്കുവെച്ചപ്പോൾ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നത് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ വലിയ വാതായാനങ്ങളാണ്. ഉപ്പ മുഹമ്മദ് ഹാരിസിന്റെ അറബ്നാട്ടിലെ ബിസിനസ് താല്പര്യത്തിൽ പ്രചോദനം പൂണ്ട് ആയിഷയും നല്ലൊരു സംരംഭകയായി മുന്നോട്ടുകുതിക്കുകയാണ്.
വുമൺ എംപവർമെന്റ് എന്ന ആശയത്തിൽ ആരംഭിച്ച് തന്റെ കരിയർ പടുത്തുയർത്തിയിരിക്കുകയാണ് കോഴിക്കോട് മാങ്കാവ് സ്വദേശിനി ആയിഷ സന. യു.എ.ഇയിൽ ജോലി അന്വേഷിക്കുന്ന യുവതലമുറയ്ക്ക്, പ്രത്യേകിച്ച് കരിയർ ബ്രേക്സിൽ അകപ്പെട്ട സ്ത്രീകൾക്ക് അനുയോജ്യമായ ജോലി അവസരങ്ങൾ കണ്ടെത്തി അവ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണ് ആയിഷ.
സൗദി അറേബ്യയിൽ ജനിച്ചുവളർന്ന് തുടർപഠനത്തിന് നാട്ടിലെത്തിയ ആയിഷ പ്രധാനമായും ലക്ഷ്യമിട്ടത് സ്വയം സാമ്പത്തിക ഭദ്രതയുള്ള പഠന കാലഘട്ടമായിരുന്നു. അതിനായി ചെറുപ്രായം തൊട്ട് ആയിഷ പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഇവന്റ് മാനേജ്മെന്റ്, എക്സിബിഷൻ തുടങ്ങിയ മേഖലകളിലൂടെ ആയിരുന്നു തുടക്കം. സീറോ ഇൻവെസ്റ്റ്മെന്റിൽ തുടങ്ങി 100 ശതമാനം ലാഭം കരസ്ഥമാക്കാൻ ആയിഷക്ക് ഈ പദ്ധതികളിലൂടെ സാധ്യമായി.
കോഴിക്കോട്, കൊച്ചി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ചെറുകിട ബിസിനസ് സംരംഭകരായ സ്ത്രീകളായിരുന്നു മുഖ്യ മുതൽക്കൂട്ട്. രണ്ടുവർഷം മുൻപ് ദുബൈ നഗരത്തിലെത്തിയ ആയിഷ ജോലിക്കായി ഒരുപാട് തുനിഞ്ഞെങ്കിലും ആഗ്രഹിച്ച മേഖലയിലേക്ക് എത്തിച്ചേരാനായില്ല. ലഭിച്ച ജോലികളൊന്നും ഒട്ടും സംതൃപ്തിപ്പെടുത്തിയതുമില്ല. ഈ ഘട്ടത്തിലാണ് യു.എ.ഇയിലെ ഫ്രീലാൻസ് കരിയറിനെ കുറിച്ച് അറിയുന്നത്. ഇഷ്ട മേഖലയായ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ തന്നെ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി.
ഫ്രീലാൻസ് ജോലിയുടെ അവസരങ്ങളും സാധ്യതകളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു തുടങ്ങിയപ്പോഴാണ് തന്റെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ധാരാളം പെൺകുട്ടികളുണ്ടെന്ന് ആയിഷ തിരിച്ചറിയുന്നത്. അങ്ങനെ ആയിഷയെത്തേടി നിരവധി പെൺകുട്ടികളുടെ ആശങ്കകളും അഭിപ്രായങ്ങളും വന്നുതുടങ്ങി. പലതരത്തിലുള്ള ജീവിതസമ്മർദ്ദങ്ങൾ കാരണം പുറത്തു പോയി ജോലി ചെയ്യാനുള്ള സാഹചര്യം മിക്ക പെൺകുട്ടികൾക്കും ലഭിക്കുന്നില്ല.
കരിയർ ബ്രേക്സും വീട്ടുജോലിയും ആത്മവിശ്വാസക്കുറവും എല്ലാം ഇതിനു പര്യായങ്ങളാണ്. അതിനാൽ തന്റെ മുമ്പിലുള്ള ഈ വലിയ സ്ത്രീ സമൂഹത്തെ കേന്ദ്രീകരിച്ച് കഴിഞ്ഞമാസം ആയിഷ ദുബൈയിൽ ‘വി പ്രൊജക്ടി’ന് (project we women in emirate) രൂപം നൽകി. സ്ത്രീകളിലെ ആത്മവിശ്വാസം മെച്ചപ്പെടുത്താനും മികച്ച കരിയർ സൃഷ്ടിക്കുവാനും ഈ വേദിയിലൂടെ നേതൃത്വം നൽകി. തന്റെ സേവന- പ്രയത്നങ്ങളോടൊപ്പം സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കാനുള്ള സ്വപ്നവും ആയിഷയെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു.
ഈയിടക്കാണ് കേരളത്തിൽ നിന്നും ഹാരിസ് ആൻഡ് കോയുടെ ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസി ആൻഡ് അക്കാദമിയുടെ യു.എ.ഇ പ്രൊജക്ട് ലീഡ് ചെയ്യാൻ ആയിഷക്ക് ക്ഷണം ലഭിക്കുന്നത്. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ യു.എ.ഇ ചീഫ് ഗ്രോത്ത് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയാണ്.
തന്റെ മൂല്യവത്തായ സമയം ലാഭേച്ഛയില്ലാതെ ആയിഷ പങ്കുവെച്ചപ്പോൾ അവൾക്ക് മുന്നിൽ തുറക്കപ്പെട്ടിരിക്കുന്നത് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ വലിയ വാതായാനങ്ങളാണ്. ഉപ്പ മുഹമ്മദ് ഹാരിസിന്റെ അറബ്നാട്ടിലെ ബിസിനസ് താല്പര്യത്തിൽ പ്രചോദനം പൂണ്ട് ആയിഷയും നല്ലൊരു സംരംഭകയായി മുന്നോട്ടു കുതിക്കുകയാണ്. ഉമ്മ മുല്ലവീട്ടിൽ നൂർജഹാന്റെയും നല്ലപാതി അഫീഫ് അസ്സന്റെയും പരിപൂർണ കരുത്തും സഹകരണവും ആയിഷയോടൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.