ഗണിതത്തിന്‍െറ സ്പന്ദനം ചിത്രങ്ങളിലേക്ക് പകര്‍ന്നൊരുക്കിയ ‘സുഗണിതം’ചിത്ര പ്രദര്‍ശനവുമായി സിവില്‍ എന്‍ജിനിയര്‍. തേവള്ളി സ്വദേശിനിയായ ഐ.ബി. രാധിക റാണിയാണ് സംഖ്യകളും ചതുരവും കോണും ത്രികോണവുമൊക്കെ കാന്‍വാസിലെ വര്‍ണക്കാഴ്ചയാക്കിയത്.
മാവ് കുഴച്ചുതേച്ച പോലെ ചായം പ്രതലത്തില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഇറ്റാലിയന്‍ ഇംപാസ്റ്റോ ശൈലിയിലുള്ള 27 ചിത്രങ്ങളാണുള്ളത്. പ്രാചീനമായ ഒമ്പതു സംസ്കാരങ്ങള്‍ ഉപയോഗിച്ച ഗണിത രൂപങ്ങളാണ് ചിത്രങ്ങളില്‍ നിറയുന്നത്. പേര്‍ഷ്യന്‍, ഇന്ത്യന്‍, ഇന്‍ക, റോമന്‍, ചൈനീസ്, ഈജിപ്ഷ്യന്‍, സുമേറിയന്‍, ഗ്രീക്ക്, മായന്‍ സംസ്കാരങ്ങള്‍ ഉപയോഗിച്ച ഗണിത രൂപങ്ങള്‍.
1024 എന്ന സംഖ്യ ഓരോ സംസ്കാര കാലത്തും എങ്ങനെ എഴുതിയിരുന്നു എന്നത് അതത് പെയിന്‍റിങ്ങുകളില്‍ കാണാം. 800-2000 ബി.സി ഇന്ത്യന്‍ സംസ്കാര കാലത്തെ ഗണിത രൂപങ്ങളാണ് പെയിന്‍റിങ്ങിന് ആധാരം. പൂജ്യത്തിന്‍െറ മൂല്യം കണക്കാക്കിയ ബ്രഹ്മഗുപ്തന്‍െറ ഗണിത സങ്കല്‍പം ചിത്രത്തില്‍നിന്ന് വായിച്ചെടുക്കാം.
അക്കങ്ങളുടെ പരിണാമമാണ് ആദ്യ സീരീസ്. ഫാബിനാക്കി സീരീസില്‍ ലിയോണാഡോ ഡാവിഞ്ചിയുടെ മോണാലിസ പെയിന്‍റിങ്ങില്‍ കാണാവുന്ന ഗണിതത്തിന്‍െറ അനുപാതം ദൃശ്യമാകും. മൂന്നാമത് സീരീസില്‍ ഇന്ത്യയുടെയും കേരളത്തിന്‍െറയും ഗണിത പൈതൃകങ്ങളാണ് വിഷയം. ബംഗളൂരു, എറണാകുളം ലളിതകലാ അക്കാദമി, കൊല്ലം പബ്ലിക് ലൈബ്രറി എന്നിവിടങ്ങളില്‍ രാധിക പ്രദര്‍ശനം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.