റൈ​സ മ​റി​യം രാ​ജ​ൻ

റൈസയുടെ വർണാഭ ജീവിതം

പച്ചപ്പും ഗ്രാമഭംഗിയുമൊക്കെ ചിത്രത്തിലാണെങ്കിലും ആവോളം ആസ്വദിക്കുന്നവരാണ് നമ്മൾ. പ്രകൃതിയോടുള്ള സ്നേഹം പെയിൻറിങിലൂടെ അറിയിക്കുന്നൊരു ചിത്രകാരിയുണ്ട് യു.എ.ഇയിൽ. ബിസിനസുകാരിയും ആർട്ടിസ്റ്റുമായ റൈസ മറിയം രാജൻ. യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് എക്സിബിഷനിലേക്ക് റൈസയുടെ ചിത്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. കുട്ടിക്കാലം മുതലേ ചിത്രരചനയോട് താത്പര്യമുണ്ടായിരുന്ന റൈസ ആർക്കിടെക്ചർ ആണ് പഠിച്ചത്.

തുടർന്ന് നാട്ടിൽ ഇൻഫോ പാർക്ക് ഫേസ് 2ൽ ആർക്കിടെക്റ്റായി ജോലി ചെയ്തിട്ടുണ്ട്. പിന്നീട് കുട്ടികളും കുടുംബവും ബിസിനസും ഒക്കെയായി തിരക്കുപിടിച്ച ജീവിതത്തിനിടയിലെവിടെയോവെച്ച് മറന്ന പെയിൻറിങ് എന്ന ഇഷ്ടത്തെ ഒരിക്കൽ കൂടി റൈസ പൊടിതട്ടിയെടുക്കുകയായിരുന്നു. ലോക്ക്ഡൗൺ സമയത്ത് നിറം പകർന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചായിരുന്നു തുടക്കം. മികച്ച അഭിപ്രായങ്ങൾ ലഭിച്ചു തുടങ്ങിയത് പ്രചോദനമായി മാറി. പിന്നീട് ഓൺലൈനായി കുട്ടികളെ പെയിൻറിങ് പഠിപ്പിച്ചു തുടങ്ങി.

നിറങ്ങൾ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന റൈസ പ്രകൃതി ഭംഗിക്കും പരിസ്ഥിതിക്കുമൊക്കെ പ്രാധാന്യം നൽകുന്ന ചിത്രങ്ങളാണ് ക്യാൻവാസിൽ പകർത്താറുള്ളത്. തീർത്തും പ്രകൃതിയുമായിണങ്ങിച്ചേർന്ന നേച്ചർ ആർട്ടാണ് റൈസയുടെ ഇഷ്ട പെയിൻറിങ്ങ്. തുണിയിലാണ് നേച്ചർ ആർട്ട് അവതരിപ്പിക്കാറുള്ളത്. ഈ വർഷാവസാനമോ അടുത്ത വർഷമോ സ്വന്തമായി നിർമ്മിച്ച നാച്ചുറൽ പെയിൻറുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് റൈസ. യു.എ.ഇയിൽ ജനിച്ചുവളർന്ന റൈസ ബിസിനസും ആർട്ട് എക്സിബിഷനും ഒരുപോലെയാണ് മുന്നോട്ട് കൊണ്ടുപോവുന്നത്

വേൾഡ് ആർട്ട് ദുബൈയിലും എക്സ്പോയിലെ ഇന്ത്യൻ പവലിയനിലുമൊക്കെ റൈസയുടെ പെയിൻറിങുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ദുബൈ വേൾഡ് ട്രേഡ് സെൻറ്ററിൽ നടന്ന ഇൻഡക്സ് ഹോട്ടൽ ഷോയിൽ ദുബൈയെ പ്രതിനിധീകരിച്ച് മൂന്നര മീറ്റർ വീതിയും രണ്ടര മീറ്റർ നീളവുമുള്ള ഏറ്റവും വലിയ ലൈവ് പെയിൻറിങും റൈസ ചെയ്തിരുന്നു. യു.എ.ഇയുടെ 50ാമത് ദേശീയദിനത്തോടനുബന്ധിച്ച് ചെയ്ത ജേർണി ഓഫ് ജൊഹാറ എന്ന പ്രൊജക്റ്റും ശ്രദ്ധേയമായിരുന്നു. റൈസ ആർട്ട് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിൽ റൈസയുടെ ചിത്രങ്ങൾ കാണാം.

ക്യാൻവാസിൽ ജീവൻ തുളുമ്പുന്ന ചിത്രങ്ങളൊരുക്കുന്ന റൈസയുടെ സൃഷ്ടികൾ കടലും കടന്ന് നിരവധി രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്. അസർബൈജാൻ. ജോർജിയ, ഖത്തർ, ഇറ്റലി, സ്പെയിൻ, മോണ്ടിനെഗ്രോ, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ റൈസയുടെ പെയിൻറിങുകൾ ശ്രദ്ധ നേടി. ട്രാൻസ്വേർസൽ ഹൊറൈസൺ എന്ന പ്രദർശനത്തിനും റൈസയുടെ ചിത്രങ്ങളെത്തി. ഖത്തർ ഇൻറർനാഷണൽ ആർട്ട് ഫെസ്റ്റിലെ അവാർഡും 2021ൽ ദുബൈയിലെ ആശ്രയം ഗ്രൂപ്പ് അവാർഡ് ഓഫ് എക്സലൻസുമടക്കം നിരവധി അംഗീകാരങ്ങളും നേടിയിട്ടുണ്ട്. ദുബൈ മർഹബ ലയൺസ് ക്ലബിലെയും ദുബൈ ബിസിനസ് വിമൺ കൗൺസിലിലെയും അംഗം കൂടിയാണ് റൈസ.

യു.എ.ഇയിൽ 40 വർഷമായി ബിസിനസ് നടത്തി വരുന്ന പി.കെ. രാജന്റെയും അന്നമ്മ രാജന്‍റെയും മകളാണ്. ഭർത്താവ് ബെസ്ലിൻ സാജുവാണ് തനിക്ക് പ്രചോദനം നൽകുന്നതെന്ന് റൈസ പറയുന്നു. മക്കളായ റയാൻ ബെസ്ലിനും റൊഷേൽ ബെസ്ലിനുമൊപ്പം ദുബൈയിലാണ് താമസം. വ്യത്യസ്തവും സുസ്ഥിരവും പ്രകൃതിയോടിണങ്ങിച്ചേർന്നതുമായ പെയിൻറിങുകൾ സൃഷ്ടിക്കുകയാണ് റൈസയുടെ ലക്ഷ്യം. റൈസയുടെ തിരഞ്ഞെടുത്ത മൂന്ന് ആർട്ട് വർക്കുകൾ ഇറ്റലിയിൽ പ്രദർശനത്തിലാണിപ്പോൾ. യുനസ്കോ ഹെറിറ്റേജിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പെയിൻറിങ് ഈ വരുന്ന ഡിസംബറിൽ സ്പെയിനിൽ പ്രദർശനത്തിനെത്തുന്നതിന്‍റെ ആവേശത്തിലാണ് ഈ കലാകാരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.