പൊന്നാനി: ആ കുഞ്ഞിനെ ഒന്നുകൂടെ കാണണം...ഒന്ന് വാരിപ്പുണരണം. പൈതലിനെ പുറത്തെടുക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഷൈനിക്ക്. ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സി ബസില്‍നിന്ന് ആ പൈതലിനെയെടുക്കുമ്പോള് ജീവിതത്തില്‍ ഒരു ജനനമെടുക്കാനൊരു യോഗമുണ്ടാകുമെന്നൊന്നും ആയുര്‍വേദ ഡോക്ടറായ തുയ്യം കല്ലംമുക്ക് സ്വദേശി കെ.വി. ഷൈനി വിചാരിച്ചിരുന്നില്ല.
വ്യാഴാഴ്ച ഉച്ചക്ക് 12.45ഓടെ തൃശൂരിൽനിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് പേരാമംഗലത്തെത്തിയപ്പോള് ബസില്‍ ബഹളം കേട്ട് പാതിയുറക്കത്തിലായിരുന്ന ഷൈനി ഉണർന്നത്. യാത്ര ചെയ്തിരുന്ന യുവതി സെറീനക്ക് പ്രസവ വേദനയാണെന്ന് കേട്ട നിമിഷംതന്നെ ഡോ. ഷൈനി എഴുന്നേറ്റ് അവര്‍ക്കരികിലെത്തി. പിന്നീട് സംഭവിച്ചതെല്ലാം ഭാഗ്യംപോലെ. ആയുര്‍വേദ ഡോക്ടറായ ഷൈനി തന്റെ അറിവുവെച്ച് പ്രസവമെടുത്തു. അങ്കമാലിയില്‍നിന്ന് തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി പ്രസവിച്ചത്. തിരുനാവായ മണ്ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യയാണ് സെറീന.
കണ്ടക്ടര്‍ അജയനോട് സെറീന വിവരം പറഞ്ഞപ്പോള്‍തന്നെ ഒറ്റ ബെല്ലില്‍ ബസ് നിർത്തി. ബസ് ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു. ഇതിനിടയിലാണ് ഡോ. ഷൈനിയുടെ സഹായത്തോടെ പ്രസവമെടുത്തത്. ആശുപത്രിയിലെത്തിയ ഉടന്‍ ഡോക്ടറെ വിവരം അറിയിച്ചു. നിമിഷനേരംകൊണ്ട് എല്ലാം സജ്ജം. കെ.എസ്.ആര്.ടി.സി ബസിലെ ആളുകളെ മുഴുവന്‍ വെപ്രാളത്തിലും പരിഭ്രമത്തിലുമാക്കിയ നിമിഷങ്ങള്‍ക്കൊടുവില്‍ പെണ്‍കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവന്നു. ഷൈനിയെന്ന ഡോക്ടറുടെ ഇടപെടല്‍ വിസ്മരിക്കാതെ പോകാന്‍ വയ്യ. ഷൈനി ഡോക്ടറായിരുന്നെന്നും അവരാണ് പ്രസവമെടുത്തതെന്നും പിന്നീടാണ് പുറംലോകം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.