പല രുചികൾ പരീക്ഷിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത് അല്ലേ? അത് നല്ല രീതിയിൽ പ്രസന്റ് ചെയ്യുക കൂടി ചെയ്താൽ ഭക്ഷണം ഇഷ്ടമല്ല എന്ന് പറയുന്നവർ വരെ കൊതിയോടെ ഒന്ന് നോക്കിനിന്നു പോകും. സാധാരണ കാണുന്ന റെസിപ്പികളല്ല, ഫൈവ് സ്റ്റാർ ഹോട്ടലുകളിലും മറ്റു ക്യുസീനുകളിലും മാത്രം നമ്മൾ കാണുന്ന റെസിപ്പികൾ. ഇതെല്ലാം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അത്ഭുതത്തോടെ ഒരിക്കലെങ്കിലും ചിന്തിച്ചിരിക്കും നമ്മൾ. എന്നാൽ ഇതെല്ലാം പരീക്ഷിച്ച് പങ്കുവയ്ക്കുന്ന ഒരാളുണ്ട്.
ആളൊരു മലയാളിയാണ്, ഒരു വീട്ടമ്മയാണ്, മൂന്നു കുഞ്ഞുങ്ങളുടെ ഉമ്മയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിന് മീതേ ഫോളോവേഴ്സുള്ള ഒരു പാചക പ്രിയ. പേര് സമീഹ മുഹമ്മദ്.യു.എ.ഇയിൽ ജനിച്ചുവളർന്ന സെമിഹ സ്കൂൾ കാലം മുതൽ അൽഐനിൽ ആയിരുന്നു. 2013ൽ വിവാഹ ശേഷം അജ്മാനിലേക്ക് മാറി. മണിപ്പാൽ ദുബൈയിൽ നിന്നും ഇൻറീരിയർ ഡിസൈനിങ്ങിൽ ഡിഗ്രിയും നേടി. 34 വർഷമായി യു.എ.ഇയിലുള്ള സമീഹക്ക് യു.എ.ഇ ശരിക്കും തന്റെ വീട് തന്നെയാണ്. ഭർത്താവും മൂന്നു കുട്ടികളും ആയി അജ്മാനിൽ തന്നെയാണ് ഇപ്പോഴും താമസം.
2012ൽ ഒരു പ്രൈവറ്റ് അക്കൗണ്ട് ആയാണ് സമീഹ 'ഇട്സ് മി സെമി' എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. 2016ൽ തന്റെ കലാവിരുതുകൾ പ്രദർശിപ്പിക്കാനും അതോടൊപ്പം സ്ത്രീകൾക്ക് ഏറ്റവും അധികം വേണമെന്ന് അന്ന് രണ്ടു കുട്ടികളുടെ ഉമ്മ കൂടിയായ സമീഹ വിശ്വസിക്കുന്ന മീ ടൈം മനോഹരമാക്കാനും ഒപ്പം തന്റെ ഇഷ്ട ഹോബികൾ പ്രദർശിപ്പിക്കാനുള്ള ഒരു ഇടമായി മാറി.
അതിലൊന്നായിരുന്നു കുക്കിങ്. ചെറുപ്പം മുതലേ തന്റെ പാഷൻ ആയ വെറൈറ്റി ഭക്ഷണങ്ങൾ പരീക്ഷിക്കൽ തന്നെ. ഇൻസ്റ്റഗ്രാം റീൽസ് വന്നതോടെ തൻറെ പരീക്ഷണശാലയിൽ വിജയിച്ച റെസിപ്പികൾ റീലുകളായി ആയി പോസ്റ്റ് ചെയ്തു തുടങ്ങി. ആളുകളുടെ പ്രതികരണവും വർദ്ധിച്ചുതുടങ്ങി. അന്ന് തനിക്കുണ്ടായിരുന്ന 2000 ഫോളോവേഴ്സ് തനിക്ക് തന്ന പ്രചോദനം തന്നെയാണ് ഇന്ന് കാണുന്ന ഈ താൻ ആക്കിമാറ്റിയത് എന്ന് സമീഹ പറയുന്നു. മാതാപിതാക്കളുടെയും ഭർത്താവിന്റെയും പൂർണ്ണ പിന്തുണയും സമീഹക്കുണ്ടായിരുന്നു.
അങ്ങനെ വീണ്ടും വീണ്ടും പലതരം വെറൈറ്റി റെസിപ്പികൾ റീലുകളാക്കി ആളുകളിലേക്ക് എത്തിക്കുന്നതും സമീഹയുടെ ഒരു പാഷനായി മാറി. താൻ ഉണ്ടാക്കുന്ന റെസിപ്പികൾ എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെടണം എന്നുള്ളതുകൊണ്ട് തന്നെ എല്ലാ ഭാഷക്കാർക്കും ഒരുപോലെ മനസ്സിലാകുന്ന രീതിയിൽ ആയി പാചക പരീക്ഷണങ്ങൾ.
ചെറിയ ചെറിയ പരീക്ഷണങ്ങൾ ഒന്നുമല്ല ബസ്ബോസ, കുനാഫ, തിരാമിസു, മുസാഖാൻ, ജജാങ്മിയോൻ അങ്ങനെ അങ്ങനെ നമ്മൾ കേട്ടിട്ടുപോലുമില്ലാത്ത പല നാടുകളിലെ പലതരം രുചികൾ. കണ്ടാൽ ഒരു ഇൻറർനാഷണൽ പേജ് തന്നെ. ഒരു മലയാളിയാണ് ഇതിന് പിന്നിൽ എന്ന് ആർക്കും കണ്ടുപിടിക്കാനേ ആവില്ല. വൈറൽ കുനാഫ ചോക്ലേറ്റും, ഷെഫ് പിള്ളയുടെ സിഗ്നേച്ചർ ഐറ്റം ആയ ഫിഷ് നിർവാണയും ഒക്കെ സമീരയുടെ പരീക്ഷണ ലിസ്റ്റിലുണ്ട്. അങ്ങനെ എല്ലാ നാടുകളിൽ നിന്നുള്ള ഭക്ഷണപ്രിയരായ ഫോളോവേഴ്സും ഇന്ന് സമീഹയുടെ ഫോളോവേഴ്സ് ലിസ്റ്റിലുണ്ട്.
ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ചെറുപ്പംമുതലേ ഇഷ്ടമുള്ളത് കൊണ്ട് തന്നെ റെസിപ്പികൾ മനോഹരമായി കാമറയിൽ പകർത്താനും അത് നല്ല രീതിയിൽ എഡിറ്റ് ചെയ്തു പോസ്റ്റ് ചെയ്യാനും സമീഹക്ക് മറ്റൊരാളുടെ സഹായം തേടേണ്ടിയും വന്നില്ല. ഏത് ഫേമസ് റെസിപ്പികൾ പരീക്ഷിക്കുമ്പോഴും സമീഹ തന്റേതായ ഒരു വ്യത്യസ്തതയെങ്കിലും അതിൽ പരീക്ഷിച്ചിരിക്കും. മ്യൂസിക്കില്ലാതെ ഇപ്പോ ട്രെൻഡിങ് ആയ എ.എസ്.എം.ആർ വീഡിയോകൾ ആണ് ആദ്യം നിർമ്മിച്ചവയൊക്കെ.
2022ൽ അത്തരത്തിലൊരു ചിക്കൻ ഡോനട്ടിന്റെ റെസിപ്പി പങ്കുവെച്ചിരുന്നു സമീഹ. ആ വീഡിയോ വൈറൽ ആവുകയും എൻറെ പേജിലേക്ക് നിരവധി ഫോളോവേഴ്സിനെ കൊണ്ടുവരികയും ചെയ്തു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് പണ്ട് തൻറെ ഉപ്പ വാങ്ങിച്ചു തരാറുണ്ടായിരുന്ന ഫ്രോസൺ ചിക്കൻ ഡോനട്ടിന്റെ പരീക്ഷണമായിരുന്നു അത്. അതേ രുചി നിർമ്മിക്കാനുള്ള ഒരു പരീക്ഷണം. ഇനിയും ഒരുപാട് വ്യത്യസ്ത രുചികളും, മായാതെ നാവിൻതുമ്പിൽ ഒളിച്ചിരിക്കുന്ന ഓർമ്മകളും മനോഹരമായ വീഡിയോകളിലൂടെ ആളുകളിലേക്ക് എത്തിക്കുകതന്നെയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.