??????? ??????

ചിത്രങ്ങളുടെ ദീപാലങ്കാരം

ചിത്രകാരന്‍ കാന്‍വാസിലേക്ക് പകര്‍ത്തിയ ആശയം കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ പലപ്പോഴും വിശദീകരണം ആവശ്യമായി വരും. എന്നാല്‍, ഇതിനപവാദമായിരുന്നു കഴിഞ്ഞയാഴ്ച കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടന്ന കൊല്ലം കരിക്കോട് സ്വദേശിനി ഫാത്തിമ ഹക്കീമിന്‍െറ ചിത്രപ്രദര്‍ശനം. പെയിന്‍റിങ് ബ്രഷിന്‍െറ ഉപയോഗം തീരെ കുറച്ച് കൈകള്‍കൊണ്ടും കാലുകൊണ്ടുമാണ് ഫാത്തിമ ചിത്രം വരക്കുന്നത്. ടൂത്ത് ബ്രഷ്, ചീര്‍പ്പ്, തുണി, സ്പോഞ്ച്, തടിക്കഷണം എന്നിങ്ങനെ തന്‍െറ മനസ്സിലുള്ളതിനെ കാന്‍വാസിലേക്ക് പ്രതിഫലിപ്പിക്കാന്‍ ആവശ്യമായതെന്തും ഇവര്‍ ഉപയോഗിക്കും. ചില ചിത്രങ്ങള്‍ക്കു മാത്രമാണ് ബ്രഷ് ഉപയോഗിക്കാറുള്ളത്.

കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദർശനത്തിന് വെച്ച ചിത്രത്തോടൊപ്പം ഫാത്തിമ ഹക്കീം
 


കാന്‍വാസും നമ്മുടെ ചിന്തയും തമ്മില്‍ അകറ്റുന്ന ഉപകരണമാണ് ബ്രഷെന്നാണ് ഫാത്തിമയുടെ പക്ഷം. വരക്കുന്നത് ഹൃദയത്തില്‍ നിന്നാകുമ്പോള്‍ അവിടെ ബ്രഷുകള്‍ക്ക് പകരം കൈകള്‍ക്കാണ് കൂടുതല്‍ സ്ഥാനം. ഈ ചിത്രങ്ങള്‍ക്കൊപ്പം വരികള്‍ കൂടി ചേരുമ്പോള്‍ വരയും വരിയും നിറഞ്ഞ കഥകളായി ഓരോ കാന്‍വാസും മാറുന്നു. ആദ്യമേ മനസ്സില്‍ കാണുന്ന വരികള്‍ പിന്നീട് ചിത്രം പൂര്‍ത്തിയാക്കിയ ശേഷം എഴുതിയെടുത്ത് ചിത്രത്തോടൊപ്പം വെക്കും. ചില ആശയങ്ങള്‍ കവിതയിലൂടെ മറ്റുള്ളവരിലേക്കെത്തിക്കാനാകില്ല. കാന്‍വാസില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് അത്തരം ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്നും ഫാത്തിമ പറയുന്നു.

ആര്‍ട്ട് ഗാലറിയിലെ പ്രദർശനത്തിൽ നിന്ന്
 


ഒരു എഴുത്തുകാരി അവരുടെ അനുഭവങ്ങളെ പകര്‍ത്തുന്നതു പോലെ ഫാത്തിമയും ചിത്രങ്ങളിലൂടെ തന്‍െറ ചിന്തകള്‍ എഴുതുക തന്നെയാണ്. എന്നാല്‍, അത് നിറങ്ങളുടെ രൂപത്തിലാണെന്നു മാത്രം. അതിനൊപ്പം കവിതയും സംഗീതവും കൂടി ചേരുന്നതോടെ ഫാത്തിമയുടെ ചിന്തകള്‍ക്ക് പൂര്‍ണതവരുന്നു. സ്വപ്നത്തില്‍ കണ്ട കാഴ്ചകള്‍, ജീവിതത്തില്‍ കണ്ടുമുട്ടിയ സാഹചര്യങ്ങള്‍, യാത്രകളിലുണ്ടായ അനുഭവങ്ങള്‍, പരിചയപ്പെട്ട ആളുകള്‍ എന്നിവയൊക്കെ കവിതയും ചിത്രവും ആക്കാനുള്ള വിഷയമാകുന്നു. പ്രകൃതിയിലെ വര്‍ണ വൈവിധ്യങ്ങള്‍, മറവിയിലേക്ക് മായുന്ന ഓര്‍മച്ചിത്രങ്ങള്‍, ഇനിയും സ്വതന്ത്രമാകാത്ത സ്ത്രീത്വം, മനുഷ്യന്‍െറ വിവിധ ഭാവങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രങ്ങളില്‍ കാണാം. ചിത്രരചന ശാസ്ത്രീയമായി പഠിച്ചെടുക്കാത്ത ഫാത്തിമ നാലാം വയസ്സു മുതല്‍ ചിത്രം വരക്കാറുണ്ട്. ഇതുവരെ ആയിരത്തോളം ചിത്രങ്ങള്‍ വരച്ചുകൂട്ടിയ ഫാത്തിമയുടെ ആദ്യ ചിത്ര പ്രദര്‍ശനമാണ് ഇത്.


വരകളോടുള്ള പ്രണയം കൊണ്ട് ആര്‍ക്കിടെക്ട് ജോലി ഉപേക്ഷിച്ചാണ് മുഴുനീള ആര്‍ട്ടിസ്റ്റായത്. വളച്ചുകെട്ടില്ലാതെ, ചിത്രകലയുടെ സങ്കീര്‍ണതകളില്ലാതെ ലളിതമായി ഇഷ്ടമുള്ള നിറങ്ങളുപയോഗിച്ച് വരക്കുമ്പോള്‍ സ്വന്തം കലയില്‍ ഫാത്തിമയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി അത് മാറുന്നു. ‘അറോറ’ എന്നായിരുന്നു ചിത്ര പ്രദര്‍ശനത്തിന്‍െറ പേര്. ഉത്തരേന്ത്യയില്‍ നടക്കുന്ന ആഘോഷത്തിന്‍െറ ഭാഗമായി ഉണ്ടാകാറുള്ള ദീപാലങ്കാരത്തിനെയാണ് അറോറ എന്നു പറയുന്നത്. ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാനായി ഫാത്തിമ രൂപവത്കരിക്കുന്ന ട്രസ്റ്റിന്‍െറ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സ്കൂളുകളിലെത്തി പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് സഹായം നല്‍കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. ഭര്‍ത്താവ് സോഷ്യല്‍ വര്‍ക്കറായ സമീര്‍ ചേന്നാത് എല്ലാറ്റിനും പിന്തുണയായി കൂടെയുണ്ട്. ഡോ. എം.എ. അബ്ദുല്‍ ഹക്കീമിന്‍െറയും ഹനീസയുടെയും മകളാണ് ഫാത്തിമ. ഓരോ ചിത്രത്തിനുമൊപ്പം കവിതയും സുഹൃത്തുക്കളുമായി ചേര്‍ന്നൊരുക്കിയ സംഗീതവും ആര്‍ട്ട് ഗാലറിയിലെ ഫാത്തിമയുടെ ചിത്രപ്രദര്‍ശനത്തെ പൂര്‍ണമാക്കി.

Tags:    
News Summary - Fatima Hakeem artist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.