തൃശ്ശൂരുകാരുടെ സ്വന്തം ഗഡി എന്ന വാക്കിനർത്ഥം സുഹൃത്ത് എന്നാണ്. പല തരം ഭക്ഷണങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരു തൃശൂരുകാരി മറ്റെന്ത് പേരാണ് തന്റെ ഫൂഡ് വ്ലോഗിനിടുക. യു.എ.ഇയിൽ തനി തൃശ്ശൂർ ഭാഷയിൽ വ്യത്യസ്ത രുചികൾ പങ്കുവെച്ച് നമ്മുടെ ഹൃദയത്തിലിടം പിടിച്ചൊരു തൃശൂരുകാരിയുണ്ട് ഫുഡി ഗഡി എന്നറിയപ്പെടുന്ന സ്നേയ അരുൺ. മായാത്ത രുചിയോർമ്മകൾ മനസ്സിൽ സൂക്ഷിച്ച് അത് പങ്കുവെക്കുന്ന സ്നേയയുടെ വിശേഷങ്ങൾ അറിയാം.
2014ലാണ് സ്നേയ ഭർത്താവ് അരുണിനൊപ്പം യു.എ.ഇയിലെത്തുന്നത്. ആസ്റ്ററിൽ എച്.ആർ ഡിപ്പാർട്മെന്റിൽ ജോലിയും കിട്ടി. ചെറുപ്പം മുതലേ വ്യത്യസ്ത ഭക്ഷണങ്ങൾ പരീക്ഷിക്കാനും രുചിക്കാനുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ് സ്നേയ. ചെറുപ്പത്തിൽ ചേട്ടനായിരുന്നു സ്നേയയുടെ പരീക്ഷണങ്ങൾ ഇഷ്ടപെടുന്ന ടെസ്റ്റർ. ഭക്ഷണം പണ്ടുമുതലേ ഒരു വീക്നെസ് ആയിരുന്ന സ്നേയക്ക് ഭക്ഷണം സ്വന്തമായി ഉണ്ടാക്കി കഴിക്കാനും, പുറത്തു പോയി കഴിക്കാനും ഇഷ്ടമാണ്. കോളജിൽ നിന്ന് ജീരകസോഡയും, സമൂസയും കൂട്ടുകാരി ആയിഷക്കൊപ്പം കഴിച്ചതും, കൂട്ടുകാർക്കൊപ്പം പോയി ബ്ലാക്ക് കറന്റ് കുടിച്ചതുമൊക്കെ മായാത്ത രുചി ഓർമകളാണ് സ്നേയക്ക്. ഗുരുവായൂർ അമ്പലത്തിനടുത്തുള്ള ചപ്പാത്തിയും ചിക്കനും എന്ന ബോർഡ് കണ്ണിലുടക്കി അച്ഛനോട് പറഞ്ഞു പോയി കഴിച്ചതിന്റെ രുചിയും ഇന്നും തന്റെ നാവിൻ തുമ്പിലുണ്ടെന്ന് സ്നേയ പറയുന്നു. യു.എ.ഇയിൽ സുഹൃത്തുക്കളുമായി വീക്കെൻഡിൽ ഒന്ന് കൂടുമ്പോ ഫുഡ് സ്നേയയുടെ പ്രിപ്പറേഷനാവും.
ആദ്യം ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ തന്നെ ഇത്തിരി മടിയായിരുന്ന സ്നേയ പതിയെ പതിയെയാണ് ഒരു ഫൂഡ് വ്ലോഗറായി മാറിയത്. പതുക്കെ പതുക്കെ ഇൻസ്റ്റഗ്രാം ഇഷ്ടപ്പെട്ടു തുടങ്ങി. ഫോട്ടോസ് ഇട്ട് പേജ് തുടങ്ങാൻ തീരുമാനിച്ചു. വെറൈറ്റി ആയ പേരുകൾ വേണം എന്നുള്ളത് കൊണ്ട് തൃശൂർകാരുടെ സ്വന്തം ഗഡി എന്ന വാക്ക് കൂട്ടി ഫുഡി ഗഡി എന്ന് പേരിട്ടു. ആദ്യം ഗാലറിയിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തു പത്തും ഇരുപതും ഒക്കെ ലൈക്കുകൾ കിട്ടിയത് ഇനിയും ഫോട്ടോ ഇടാനുള്ള താൽപര്യം കൂട്ടി. പിന്നീട് ഒരു ദിവസം വീട്ടിലുണ്ടാക്കിയ ചിക്കൻ പെരട്ടിന്റെ നല്ല ചിത്രങ്ങൾ ഡി.എസ്.എൽ.ആർ ക്യാമറയിൽ പകർത്തി അതും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ലൈക്കുകളുടെ എണ്ണവും കൂടി. പതിയെ പതിയെ നല്ല അഭിപ്രായങ്ങളും വന്നു തുടങ്ങി. അത് മനസ്സിനും ഒരു റിലാക്സേഷൻ ആയിരുന്നു. കാരണം കല്ല്യാണം കഴിഞ്ഞ് കുട്ടികളാവാൻ വൈകിയതോടെ ചോദ്യങ്ങളുയർന്നത് ടെൻഷനുണ്ടാക്കിയിരുന്നു. വാൻഡറിങ് ഫൂഡി തന്നെ ഫോളോ ചെയ്തതും, ആയിരം ഫോളോവെർസ് ആയതും മനസ്സ് നിറച്ച കാര്യങ്ങളാണ് സ്നേയക്ക്.
ഒരു പരിധി വരെ തന്റെ മാനസിക സമ്മർദം കുറക്കാൻ ഭക്ഷണവും ഇൻസ്റ്റഗ്രാമും തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് സ്നേയ പറയുന്നു. ആ സമയത്താണ് റീൽസുകൾ വന്നത്. പക്ഷെ റീലിസ് ഇട്ടാൽ ആളുകൾ തന്നെ ജഡ്ജ് ചെയ്യുമോ എന്ന പേടിയായിരുന്നു. തനി തൃശൂർ ഭാഷയിൽ വോയിസ് ഓവറും കൊടുത്ത് ആദ്യം ടിക്ടോക്കിലാണ് ഷെഫ് പിള്ളയുടെ ഫിഷ് നിർവാണയുണ്ടാക്കി പോസ്റ്റ് ചെയ്തത്. വീഡിയോക്ക് അത്യാവിശം റീച് കിട്ടി. തൃശ്ശൂർ ഭാഷയിലായി പിന്നീട് വീഡിയോകൾ. താൻ ഉണ്ടാക്കി നല്ല അഭിപ്രായങ്ങൾ ലഭിച്ച റെസിപ്പികൾ ആണ് അപ്ലോഡ് ചെയ്തത് മുഴുവനും.പണ്ടൊരിക്കൽ സ്കൂളിൽ നിന്ന് ടൂർ പോയപ്പോ അമ്മ ഉണ്ടാക്കി കൊടുത്തുവിട്ട കൂർക്ക ഉപ്പേരി, സ്കൂളിലേക്ക് സ്ഥിരം കൊടുത്തയക്കാറുള്ള കോഴിമുട്ട പൊരിച്ചത് ഇതെല്ലാം ചേർത്ത് അമ്മ കെട്ടി തരാനുള്ള പൊതിച്ചോറ് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്തിരുന്നു സ്നേയ. ഇതുവരെ ചെയ്തതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണെന്നും സ്നേയ പറയുന്നു.
ആയിടക്കാണ് പാരഗൺ ഹോട്ടൽ നടത്തിയ ഒരു കുക്കിങ് കോമ്പറ്റീഷനിലേക്ക് തന്റെ റെസിപ്പികൾ അയച്ചുകൊടുത്തത്. റെസിപ്പി സെലക്ട് ചെയ്തത് കുക്കിങ് കോമ്പറ്റീഷനും നടന്നു. അന്ന് കപ്പ കാന്താരി ചിക്കൻ എന്ന റെസിപ്പിയാണ് അവിടെ പരീക്ഷിച്ചത്. രണ്ടാം സമ്മാനവും കരസ്ഥമാക്കി, അന്ന് കിട്ടിയ സമ്മാനത്തിന് തന്റെ ആത്മവിശ്വാസത്തിന്റെ വിലയുണ്ടെന്ന് സ്നേയ പറയുന്നു. മോജോ ആപ്പിലെ കുക്കിങ് കോംപറ്റീഷനിൽ സ്നേയ തയ്യാറാക്കിയ ഇളനീർ സേമിയ പായസമായിരുന്നു കേരളത്തിൽ നിന്ന് തിരഞ്ഞെടുത്തത്. അന്ന് ഷെഫ് സഞ്ജീവ് കപൂർ ഫൂഡി ഗഡി എന്ന തന്റെ അക്കൗണ്ട് അന്നൗൺസ് ചെയ്തത് വളരെ സന്തോഷം നൽകി സ്നേയക്ക്. 2022ലാണ് പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ച പോലെ താൻ ഗർഭിണിയാകുന്നത്. 2023ൽ മകൻ ജനിച്ചു. അതിനിടയിലും തന്റെ കുക്കിങ്ങും ഇൻസ്റ്റഗ്രാമും ഒന്നും സ്നേയ വിട്ടില്ല. ഇന്ന് തൃശൂരുകാരി ഫൂഡി എന്നാണ് സ്നേയ അറിയപ്പെടുന്നത് തന്നെ. ഓരോ സ്ഥലത്തുനിന്നും കഴിച്ച വ്യത്യസ്ത രുചികളാണ് മനസ്സിൽ എന്നുമുണ്ടാവുക എന്നാണ് സ്നേയയുടെ അഭിപ്രായം. മറ്റുള്ളവർ എന്ത് കരുത്തുമെന്നോർത്ത് ടെൻഷൻ അടിച്ചു മാത്രം കഴിയാതെ ഇഷ്ടമുള്ളത് ചെയ്യുക സന്തോഷിക്കുക എന്ന ഓരോ സ്ത്രീകൾക്കും കാണിച്ചു തരികയാണ് മനസ്സുനിറക്കുന്ന ഭക്ഷണ വിശേഷങ്ങളും, രുചിയൂറുന്ന റെസിപ്പികളും തൃശൂർ ഭാഷയിൽ പങ്കുവെക്കുന്ന ഫൂഡി ഗഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.