കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിന്റെ നീതിന്യായ പെരുമയും സവിശേഷതയുമായി നാലു വനിത ന്യായാധിപർ. നീതിന്യായ സംവിധാനത്തിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ആകെയുള്ള നാല് സ്ഥാപനങ്ങളെയും നയിക്കുന്നത് വനിതകളാണ്. നാലുപേരും അമ്മമാരും കടുംബ ജീവിതം നയിക്കുന്നവരുമാണ്. കൊടുങ്ങല്ലൂർ പോക്സോ കോടതി സ്പെഷൽ ജഡ്ജി (അഡീഷനൽ ജില്ല ജഡ്ജി) വി. വിനീത, കൊടുങ്ങല്ലൂർ മുൻസിഫ് കെ. കാർത്തിക, കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.എൻ. ആശ, കൊടുങ്ങല്ലൂർ എറിയാട് ഗ്രാമ ന്യായാലയ ന്യായാധികാരിയായ സിവിൽ ജഡ്ജി റീജ ആർ. നായർ എന്നിവരാണ് കൊടുങ്ങല്ലൂരിന്റെ നീതിന്യായ രംഗത്തെ വനിത പെരുമയായി വർത്തിക്കുന്നവർ. വിനീത ആലപ്പുഴ നൂറനാട് സ്വദേശിനിയും റിട്ട. ജില്ല ജഡ്ജി സി. കൃഷ്ണകുമാറിന്റെ ഭാര്യയുമാണ്. മകൻ ഗോവിന്ദ് കൃഷ്ണ ബാഡ്മിന്റൺ സ്റ്റേറ്റ് സീനിയർ ചാമ്പ്യനാണ്. മുൻസിഫ് കാർത്തിക കൊരട്ടി കാതിക്കുടം സ്വദേശിനിയും എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് ബി.പി.സി എ. മുരുകന്റെ ഭാര്യയുമാണ്. മജിസ്ട്രേറ്റായ കെ.എൻ. ആശ അഭിഭാഷകനായ പി.പി. പ്രദീപിന്റെ ഭാര്യയും തൃശൂർ മനക്കൊടി സ്വദേശിനിയുമാണ്.
ന്യായാധികാരിയായ സിവിൽ ജഡ്ജി റീജ ആർ. നായർ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനിയാണ്. ഭർത്താവ് സത്യാനന്ദ് സി. ഭദ്രൻ തിരുവനന്തപുരത്തെ അഭിഭാഷകനാണ്. കൊടുങ്ങല്ലൂരിൽ വ്യാഴാഴ്ച നടന്ന വനിത ദിനാഘോഷത്തിൽ നാലുപേരും സംഗമിച്ചതും ശ്രദ്ധേയമായി. അഭിഭാഷകരിൽ പകുതിയും വനിതകൾ തന്നെ. കോടതി ജീവനക്കാരിലും ഭൂരിപക്ഷം സ്ത്രീകളാണ്. ക്ലർക്കുമാരിലും പെൺസാന്നിധ്യം നല്ലപോലെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.