സാമൂഹിക പ്രവർത്തക ഗീത വേണുഗോപാലിനൊപ്പം വസന്ത
മനാമ: ദുരിത ജീവിതത്തിന് ആശ്വാസമേകി സ്വാന്തനത്തിന്റെ സ്നേഹത്തലോടലോടെ വസന്ത നാടണഞ്ഞു. സാമൂഹിക പ്രവർത്തക ഗീത വേണുഗോപാലിന്റെ അശ്രാന്തപരിശ്രമങ്ങൾക്കൊടുവിലാണ് വസന്തക്ക് തുടർചികിത്സക്ക് നാട്ടിലേക്കുള്ള ആശ്വാസ യാത്രയൊരുങ്ങിയത്. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്. നാട്ടിലേക്കുള്ള ടിക്കറ്റു നൽകിയും ബൈസ്റ്റാൻഡറായി കൂടെ പോയതും ഗീത തന്നെ. അശനിപാതം പോലെ വന്നുചേർന്ന അപകടം ശരീരത്തെ തളർത്തിയെങ്കിലും മാനസിക കരുത്ത് വസന്തയോടൊപ്പമുണ്ടായിരുന്നു. അപകടത്തെതുടർന്ന് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ വിശ്രമത്തിലായിരുന്നു വസന്ത.
തുടർചികിത്സക്കായി നാട്ടിലെത്തണമെന്നും ആരോഗ്യം വീണ്ടെടുക്കണമെന്നുമായിരുന്നു വസന്തയുടെ ആവശ്യം. ബഹ്റൈനിൽ സ്വന്തക്കാരെന്നോ തന്റെ കാര്യങ്ങളിൽ ഇടപെടാനോ ആരുമില്ലാതിരുന്ന അവസ്ഥയിലാണ് സ്വാന്തനത്തിന്റെ കരങ്ങളുമായി സാമൂഹിക പ്രവർത്തക ഗീത വേണുഗോപാൽ പരിചരണത്തിനായെത്തുന്നത്. മുൻ നഴ്സ് കൂടിയായ ഗീത അവരുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അവർക്കുവേണ്ട ഫിസിയോ തെറപ്പിയടക്കമുള്ള പരിചരണം നൽകുകയും ചെയ്തു. വസന്തയുടെ ദുരിതങ്ങൾ വിവരിച്ച് ‘ഗൾഫ് മാധ്യമം’ നേരത്തേ വാർത്ത നൽകിയിരുന്നു.
എന്നാൽ, ദുരിതാവസ്ഥ കണ്ടുകൊണ്ടിരുന്ന ഗീത മറ്റാരുടെയും സഹായത്തിന് കാത്തുനിൽക്കാതെ സ്വന്തമായി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കിടപ്പിലായ സമയത്ത് ഭക്ഷണവും മരുന്നുമെത്തിച്ച് ബഹ്റൈൻ പ്രതിഭയും വസന്തക്ക് ആശ്വാസമേകിയിരുന്നു. 12 വർഷം മുമ്പ് കുടുംബത്തിലെ പ്രയാസങ്ങളെ മറികടക്കാൻ കടൽ കടന്നെത്തിയതാണ് കൊല്ലം പുനലൂരുകാരിയായ വസന്ത. വീട്ടുജോലിയുമായി കഴിയുന്നതിനിടെ ഒരിക്കൽ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കാറിടിക്കുന്നതും കിടപ്പിലാകുന്നതും.
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിക്കുകയായിരുന്നു. തലക്കും ശരീരത്തിന്റെ ഇടതു വശത്തും മാരകമായ പരിക്കേറ്റ അവർ ആശുപത്രിയിൽ ദീർഘകാലം തുടർന്നു. വാടക പോലും മുടങ്ങിയ അവസ്ഥയിൽ റാസ്റുമാനിലെ താമസ്ഥലത്ത് ദുരിതത്തിൽ കഴിയുകയായിരുന്നു. ഭർത്താവിനെ 26 വർഷം മുമ്പ് നഷ്ടമായതാണവർക്ക്. യുവത്വ കാലത്തുതന്നെ സാഹചര്യം അവരെ ബഹ്റൈനിലെത്തിച്ചു. രണ്ട് പെൺ കുട്ടികളും ഒരാൺ കുട്ടിയുമാണ് മക്കളായിട്ടുള്ളത്.
മക്കളെ വളർത്തിയതും കല്യാണം കഴിപ്പിച്ചു പറഞ്ഞു വിട്ടതും അവർതന്നെ. എന്നാൽ, വിധി അവിടെയും വസന്തയെയും കുടുംബത്തെയും വിടാതെ തുടർന്നു. മകന് നാട്ടിൽ വെച്ച് സംഭവിച്ച ആക്സിഡന്റിൽ ഒരു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയാണ്. ഭാരിച്ച ജോലിക്ക് പോവാൻ കഴിയാത്ത സ്ഥിതി. മകന്റെ ആശുപത്രി ചെലവുകളെല്ലാം ആ സാഹചര്യത്തിൽ വഹിച്ചിരുന്നത് വസന്തയായിരുന്നു. അതിനുശേഷമാണ് മകളുടെ ഭർത്താവിന് അർബുദം സ്ഥിരീകരിക്കുന്നത്. അവർക്കുവേണ്ടിയും വസന്ത നിരന്തരം സഹായം ചെയ്തുകൊണ്ടിരുന്നു. രണ്ടറ്റം മുട്ടിക്കാൻ പെടാപാടുപെടുന്ന സാഹചര്യത്തിലാണ് വസന്തയെ വിധി ഇവിടെയും വീഴ്ത്തിയത്. വസന്തയെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയതും മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.