മനാമ: ‘പാട്ടുംപാടി ജയിച്ച്’ ഗോപിക ഗണേഷ്. ബഹ്റൈനിലെ കല-സാംസ്കാരിക വേദികളിൽ ഗായികയായി പേരെടുത്ത ഗോപിക ഈ വർഷം പ്ലസ് ടു പരീക്ഷയിലും സ്വന്തമാക്കിയത് തിളങ്ങുന്ന വിജയം. തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ സ്വദേശി ഗണേഷ് കുമാറിന്റെയും സിന്ധുവിന്റെയും മകളായ ഗോപിക മൂന്നാം വയസ്സിലാണ് പാടിത്തുടങ്ങിയത്. ബഹ്റൈൻ കേരളീയ സമാജത്തിന്റെ ബാലകലോത്സവത്തിലും ബഹ്റൈൻ കേരള കാത്തലിക് അസോസിയേഷൻ നടത്താറുള്ള ടാലൻ്റ് സ്കാൻ മത്സരത്തിലും തുടർച്ചയായ വർഷങ്ങളിൽ സമ്മാനങ്ങൾ നേടിയിരുന്നു. കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, കെ.സി.എ ഹാൾ തുടങ്ങിയ പല വേദികളിലും നടത്തിയിട്ടുള്ള നിരവധി സംഗീത പരിപാടികളിൽ ഗോപികയുടെ ഗാനാലാപനം സംഗീതാസ്വാദകരുടെ മനംകവർന്നു.
ചലച്ചിത്ര പിന്നണി ഗായകരായ ജി. വേണുഗോപാൽ, ബിജു നാരായണൻ, അഫ്സൽ, അൻസാർ എന്നിവർക്കൊപ്പം പാടാനുള്ള ഭാഗ്യവും ഗോപികക്കുണ്ടായി. പാട്ടുപാടാനും പാട്ടു പഠിക്കാനുമൊക്കെ പോയാൽ സ്കൂൾ പഠനത്തിൽ പിന്നിലാവുമെന്ന പരമ്പരാഗത ധാരണയെ തിരുത്തിക്കുറിച്ചാണ് ഗോപിക മാതൃകയാവുന്നത്. പാഠ്യേതര വിഷയങ്ങളെ പോലെ പാഠ്യവിഷയങ്ങളിലും ഒന്നാം സ്ഥാനത്താണ് ഗോപിക. എൽ.കെ.ജി മുതൽ പ്ലസ്ടു വരെ ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിൽ പഠിച്ച ഗോപിക ഈ വർഷം മികച്ച നേട്ടത്തോടെയാണ് പ്ലസ് ടു പൂർത്തിയാക്കിയത്. ഇൻഫർമാറ്റിക് പ്രാക്ടീസിൽ 98 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായി.
ബഹ്റൈനിലെ സംഗീത അധ്യാപികയായ സുമ ഉണ്ണികൃഷ്ണനാണ് ഗോപികയുടെ ഗുരുനാഥ. പ്രമുഖ നർത്തകി വിദ്യശ്രീയുടെ കീഴിൽനിന്ന് നൃത്തവും അഭ്യസിച്ചിട്ടുണ്ട്. ബഹ്റൈനിലെ സൽമാബാദിലെ മെട്രോ ഗ്ലാസ് ഉടമയായ പിതാവ് ഗണേഷ് കുമാർ ബഹ്റൈനിലെ പൊതു പ്രവർത്തകനും സംഗമം ഇരിങ്ങാലക്കുടയുടെ പ്രസിഡന്റുമാണ്. സംഗമം ഇരിങ്ങാലക്കുട വനിതാ വിങ് കൺവീനറും കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമാണ് മാതാവ് സിന്ധു. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും അകമഴിഞ്ഞ പ്രോത്സാഹനം നൽകുന്ന മാതാപിതാക്കളാണ് കലയുടെ രംഗത്ത് സജീവമാകാൻ പ്രേരണയായതെന്ന് ഗോപിക പറയുന്നു. ബംഗളൂരുവിൽ ഉപരി പഠനം നടത്താനുള്ള ഒരുക്കത്തിലാണ് ഗോപിക. ഏക സഹോദരൻ ശരൺ ഗണേഷ് തൃശൂർ കൊടകര സഹൃദയ കോളജിൽ ഡിഗ്രി വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.