ദമ്മാം: തെരുവിലുപേക്ഷിക്കപ്പെടുന്ന പൂച്ചകൾക്കും നായ്ക്കൾക്കും നേരെ കരുതലിന്റെ കരം നീട്ടി ഒരു സൗദി വനിത. ദമ്മാമിലെ അൽറൗദി ഡിസ്ട്രിക്റ്റിൽ താമസക്കാരിയായ എം.ബി.എ ബിരുദധാരിണി ഹന അൽ ദുലൈജാൻ ആണ് സഹജീവി സ്നേഹത്തിന്റെ വേറിട്ട അധ്യായം രചിക്കുന്നത്. ചെറുപ്പത്തിലേ പൂച്ചകളോട് തോന്നിയ വാത്സല്യമാണ് ഇവരെ ഈ വഴിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ഇതുവരെ നൂറുകണക്കിന് പൂച്ചകളേയും നായ്ക്കളേയും മരണവക്ത്രങ്ങളിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഹന ഇപ്പോൾ ഇവക്കായി ഒരു ശുശ്രൂഷാകേന്ദ്രം തുടങ്ങാനുള്ള ശ്രമത്തിലാണ്.
സ്നേഹിച്ചാൽ ചതിക്കാത്തവർ ഈ സാധു മൃഗങ്ങളാണെന്നാണ് ഹനയുടെ ജീവിതപാഠം. വീട്ടിൽ നിലവിൽ വളർത്തുന്ന 30-ഓളം പൂച്ചകൾക്ക് ഓരോന്നിനും ചെല്ലപ്പേരുകളുണ്ട്. അവയെ അണിയിച്ചൊരുക്കി ലാളിക്കുകയും ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമാണ് ഹനയുടെ പ്രധാന ഹോബി.
പൂച്ചകളുടെ ജീവിതകാലവും അവയുടെ ശീലങ്ങളും സ്വഭാവങ്ങളും ഇഷ്ടങ്ങളുമെല്ലാം ഒരു ഗവേഷകയേക്കാൾ അധികമായി ഹന മനസ്സിലാക്കിക്കഴിഞ്ഞു. വർഷങ്ങൾക്കുമുമ്പ് ജിദ്ദയിലുണ്ടായ ഒരു സംഭവമാണ് ഹനയെ ഈ വഴിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. അവധിക്കാലം ആഘോഷിക്കാൻ വിദേശത്ത് പോയ ആരോ ഒരു നായ്ക്കുട്ടിയെ മെറ്റൽ വയർ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് ഉപേക്ഷിച്ചുപോയി.
ഭക്ഷണം കിട്ടാതെ വലഞ്ഞ നായ് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഇതിന്റെ കഴുത്ത് മുറിഞ്ഞ് വ്രണമായി മാറി. ഒരു വാട്സാപ് ഗ്രൂപ്പിലൂടെ ഈ കാര്യം കണ്ട ഹനക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അവർ അന്വേഷിച്ചന്വേഷിച്ച് ഒടുവിൽ ഈ നായക്കുട്ടിയെ കണ്ടെത്തുകയും അതിനെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സകൾ നൽകി, നല്ല ആഹാരമൊക്കെ കൊടുത്ത് മിടുക്കനാക്കി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.
പിന്നീട് അതിനെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന് ഉറപ്പു നൽകിയ ഒരു സുഹൃത്തിന് അതിനെ നൽകി. ഇത്തരം നിരവധി അനുഭവങ്ങൾ ഹനക്ക് പറയാനുണ്ട്. അഞ്ചു വയസ്സുള്ളപ്പോൾ വീടിന്റെ പിന്നാമ്പുറത്തുനിന്ന് രണ്ട് ദിവസം മാത്രം പ്രായമുള്ള ഒരു പൂച്ചക്കുട്ടിയെ കിട്ടി. അമ്മ ഉപേക്ഷിച്ച് പോയതായിരുന്നു. ഹന അതിനെ പരിചരിച്ച് വളർത്തി.
രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോഴും ഓരോ മണിക്കൂർ ഇടവിട്ട് എഴുന്നേറ്റ് ഹന അതിനെ ഊട്ടി. പൂച്ചക്കുഞ്ഞിന് പാലുകൊടുക്കൂമ്പോൾ തള്ളപ്പൂച്ച അതിനെ നക്കുന്നത് പാല് ദഹിക്കുന്നതിനുള്ള പ്രത്യേക തരത്തിലുള്ള മസാജാണെന്ന് ഹന പറയുന്നു. പൂച്ചക്കുഞ്ഞുങ്ങൾക്ക് പാത്രത്തിൽ പാലൊഴിച്ചുകൊടുക്കുമ്പോഴും ഇങ്ങനെ ശരീരത്തിൽ തടവി കൊടുക്കണം. കാലങ്ങളായി ആർജിച്ചെടുത്ത പൂച്ചയറിവുകൾ ധാരാളമാണ് ഹനക്ക്.
ഒരിക്കൽ സഹോദരിയുമൊത്ത് അമേരിക്കയിൽ യാത്രപോയതായിരുന്നു ഹന. അവിടെയുള്ളപ്പോഴാണ് അണുബാധ ബാധിച്ച ഒരു പൂച്ചയെക്കുറിച്ച് വാട്സ്ആപ് ഗ്രൂപ് വഴിയറിഞ്ഞത്. അന്നും ഹനയുടെ ഉറക്കം നഷ്ടമായി. സൗദിയിൽ ബന്ധപ്പെട്ട് ആ പൂച്ചയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സമാധാനമായത്. ബ്രൗണി എന്ന് പേരിട്ട ചാരക്കണ്ണുള്ള ആ പൂച്ചയെ ഒന്നര വർഷമാണ് പിന്നീട് പോറ്റി വളർത്തിയത്.
ഒരിക്കൽ ദമ്മാം കോർണീഷിലെ പൂച്ചകൾക്കിടയിൽനിന്ന് ഇതുപോലെ രോഗം ബാധിച്ച ഭക്ഷണം കഴിക്കാതെ എല്ലും തോലുമായ ഒരു പൂച്ചയെ കിട്ടി. വീട്ടിലെത്തി അതിനെ പരിചരിക്കുമ്പോഴാണ് അതിന് കാഴ്ചയില്ലെന്ന് അറിയുന്നത്. അത് ഇന്നും ഹനയുടെ വീട്ടിലുണ്ട്. ഹനയുടെ സ്വരം പോലും തിരിച്ചറിഞ്ഞ് പ്രതിരിക്കാൻ കഴിയുന്ന അതിന് ബെല്ല എന്നാണ് പേര്.
ഹനയുടെ പൂച്ചകളുടെ സാമ്രാജ്യത്തിൽ സുന്ദരന്മാരും സുന്ദരിമാരും ഏറെയുണ്ട്. ജൂജു, ഫ്രാൻസിസ്, റോസ, ബെല്ല, കാരമൻ, ലുലു, സിംസിം ഇങ്ങനെ പോകുന്നു ഓരോ പൂച്ചപ്പേരുകൾ. കൗതുകമുള്ള വസ്ത്രങ്ങൾ തുന്നിയും മറ്റും പൂച്ചകളെ അണിയിക്കുന്നതും അവയെ ഒരുക്കുന്നതുമെല്ലാം ഹനയുടെ ഇഷ്ട വിനോദമാണ്.
തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ഇത്തരം ജീവികളുടെ സംരക്ഷണത്തിനായി മാറ്റിവെക്കുകയാണ് യുവതി. വളർത്തുമൃഗങ്ങൾക്കുള്ള വാക്സിൻ എടുക്കാൻ തന്നെ 500 റിയാൽ വേണം. മാത്രമല്ല ഇതിന്റെ ഓരോ ചികിത്സകയും ചിലവേറിയതാണ്. എങ്കിലും അത് ജീവിതത്തിലേക്ക് തിരിച്ചെത്തുമ്പോൾ ലഭിക്കുന്ന ആഹ്ലാദം അതിലേറെ വലുതാണ്. ഈ സാധുമൃഗങ്ങൾക്കുവേണ്ടിയും പ്രാർഥിക്കാറുണ്ടെന്ന് ഹന പറയുന്നു. ഇപ്പോൾ സൗദിയിൽ മൃഗസംരക്ഷണത്തിനുള്ള ഒരുപാട് നിയമങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.