കോട്ടയത്തിന്‍റെ നായികമാർ...അടുക്കളയിൽനിന്ന് ആംബുലൻസിന്‍റെ വളയം പിടിക്കാനെത്തിയ ദീപമോൾവരെ

ചി​ല പെ​ൺ​ചി​ന്ത​ക​ൾ... വ​നി​ത​ക​ൾ മേ​ല​ധി​കാ​രി​ക​ളാ​വു​മ്പോ​ൾ വ​നി​ത സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​വ​രി​ൽ​നി​ന്നൊ​രു​പാ​ട്​ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടാ​കും. ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടു​പ​റ​യാ​മെ​ന്നും അ​ത്​ മ​ന​സ്സി​ലാ​വു​ന്ന​വ​രാ​ണ്​ മു​ക​ളി​ലു​ള്ള​വ​രെ​ന്നും. അ​ങ്ങ​നെ​ത്ത​ന്നെ​യാ​ണോ വ​നി​ത മേ​ല​ധി​കാ​രി​ക​ളും ചി​ന്തി​ക്കു​ന്ന​ത്.

കോട്ടയം: അക്ഷരനഗരിയെന്നറിയപ്പെടുന്ന ജില്ലയുടെ ഭരണചക്രം തിരിക്കുന്നത് വനിതകളാണ്. കലക്ടർ, ജില്ല പൊലീസ് മേധാവി, നഗരസഭ അധ്യക്ഷ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്, അഡീ. ജില്ല മജിസ്ട്രേറ്റ്, ജില്ല മെഡിക്കൽ ഓഫിസർ, വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിങ്ങനെ ഏഴു പദവികളിൽ വനിതകളാണെന്നുള്ളത് ജില്ലയുടെ അഭിമാന നേട്ടമാണ്. അടുത്തിടെ സ്ഥലം മാറിപ്പോയ കലക്ടർ എം. അഞ്ജനയുടെ പകരക്കാരിയായാണ് വൈക്കംകാരിയായ കലക്ടർ ഡോ. പി.കെ. ജയശ്രീ എത്തുന്നത്. കുറച്ചുനാൾകൊണ്ടുതന്നെ ശ്രദ്ധേയയായ ആളാണ് എസ്.പി ഡി. ശിൽപ. വനിതകൾക്ക് പ്രത്യേക പരിഗണന നൽകുന്ന ഇവരെ ഏതു സമയത്തും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരംതേടി സമീപിക്കാം. ആദ്യമായി പൊതുരംഗത്തെത്തിയ നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, രാഷ്ട്രീയ രംഗത്ത് അനുഭവ പരിചയമുള്ള ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, ആരോഗ്യവകുപ്പിന്‍റെ ചുമതലയുള്ള ഡി.എം.ഒ എൻ. പ്രിയ, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ തുടങ്ങിയവരും തങ്ങളുടെ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന് പുറമെ ആറ് നഗരസഭകളിൽ അഞ്ചിലും വനിതകളാണ് അധ്യക്ഷ.

വനിതകൾക്കായി 'ഷീ ഷെയർ ഇൻ കെയർ'  -ഡി. ശിൽപ ജില്ല പൊലീസ് മേധാവി

വനിത പൊലീസുകാർക്ക് എല്ലാ സ്റ്റേഷനിലും ചെന്ന് അവർക്ക് പ്രത്യേക റെസ്റ്റ് റൂം ഉണ്ടോ അവർക്ക് വേണ്ട സുരക്ഷ ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. സ്റ്റേഷൻ തലത്തിൽ സീനിയർ ഉദ്യോഗസ്ഥനെ മെന്‍ററാക്കി അവരുടെ പ്രശ്നങ്ങൾ കേൾക്കാറുണ്ട്. മാർച്ച് എട്ടിന് വനിത പൊലീസുകാരുടെ മാനസികസമ്മർദം കുറക്കുന്നതിന് പുതിയ പരിപാടി ആരംഭിക്കുന്നുണ്ട്. 'ഷീ ഷെയർ ഇൻ കെയർ' എന്നാണതിന് പേര്. എല്ലാ സബ് ഡിവിഷൻ തലത്തിലും വനിത എസ്.ഐയെ മെന്‍ററായി വെക്കും. മാസത്തിലൊരിക്കൽ യോഗം വെക്കും. വനിത ജീവനക്കാർക്ക് തൊഴിൽ സ്ഥലത്തെ അവരുടെ ബുദ്ധിമുട്ടുകളും അവരുടെ മാനസിക പ്രശ്നങ്ങളും വ്യക്തിപരമായ കാര്യങ്ങളും പങ്കുവെക്കാം. വനിത സെൽ സി.ഐയെ മോണിറ്റർ ചെയ്യാൻ നിയോഗിക്കും. സി.ഐക്കു പരിഹരിക്കാൻ പറ്റാത്ത വിഷയങ്ങളാണെങ്കിൽ എസ്.പിക്കു മുന്നിലെത്തും. വനിത പൊലീസുകാരുടെ ജോലിസമയം ബുദ്ധിമുട്ടാണെന്നു പറയുമ്പോൾ മാറ്റിക്കൊടുക്കാറുണ്ട്. രാത്രി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നവർ, ഗർഭാവസ്ഥയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്കൊക്കെ പരിഗണന നൽകാറുണ്ട്. ആവശ്യക്കാർക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം നൽകും. അവരുടെ എന്തു പ്രശ്നവും എന്നോട് നേരിട്ട് അവതരിപ്പിക്കാം. അതു പരിഹരിക്കാൻ പരമാവധി ഞാൻ ശ്രമിക്കും.

സഹപ്രവർത്തകർക്ക് താങ്ങും തണലും- നിർമല ജിമ്മി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ, പുതുതായി വന്ന വനിത ജനപ്രതിനിധികൾക്ക് എപ്പോഴും പ്രത്യേക പരിഗണന നൽകാറുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങും തണലുമായി നിൽക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യമായി ജനപ്രതിനിധിയായവർക്ക് പൊതുരംഗത്തും വ്യക്തിപരമായ ജീവിതത്തിലും പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരാറുണ്ട്. അപ്പോഴൊക്കെ അവരുടെ സംശയങ്ങൾ തീർത്തും സഹായം നൽകിയും പിന്തുണയുമായി കൂടെനിന്നിട്ടുണ്ട്.

സഹപ്രവർത്തകർക്ക് മാത്രമല്ല, ബ്ലോക്ക്, പഞ്ചായത്ത് തലത്തിലും അവർക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കും. പല ആവശ്യങ്ങളും പ്രശ്നങ്ങളുമായി അവർ വിളിക്കുമ്പോൾ പരമാവധി സാധിച്ചുനൽകാൻ കഴിഞ്ഞിട്ടുണ്ട്. ഞാനൊരു വനിതയായതിനാൽ അവർ എന്നിൽനിന്നത് പ്രതീക്ഷിക്കുന്നുണ്ടാകും എന്നാണ് ഞാനും കരുതുന്നത്. സമൂഹ മാധ്യമങ്ങളിൽ വനിത ജനപ്രതിനിധികൾ ആക്ഷേപിക്കപ്പെടുമ്പോൾ അവർ വിളിച്ചുചോദിക്കാറുണ്ട്. എന്താണു ചെയ്യേണ്ടതെന്നും എങ്ങനെയാണു കൈകാര്യം ചെയ്യേണ്ടതെന്നും. അവർക്ക് കാര്യങ്ങൾ പറഞ്ഞു നൽകും.

സഹപ്രവർത്തകർക്ക് സുഹൃത്തെന്നപോലെ ഇടപെടാം -ജിനു പുന്നൂസ് അഡീ. ജില്ല മജിസ്ട്രേറ്റ്

വനിത സഹപ്രവർത്തകർക്ക് എന്നോട് സുഹൃത്തെന്നപോലെ ഇടപെടാൻ കഴിയുന്നുണ്ട് എന്നതാണ് വനിത മേലധികാരി എന്ന നിലയിൽ എനിക്കു തോന്നിയിട്ടുള്ളത്.

എന്തുകാര്യങ്ങളും മടിയില്ലാതെ തുറന്നുപറയാം. തിരിച്ചുള്ളവരുമുണ്ട്. ജോലിയുടെ കാര്യങ്ങളിൽ ബുദ്ധിമുട്ട് പറയുമ്പോൾ അത് പരിഹരിക്കാൻ കഴിയുന്നുണ്ട്. അവരുടെ അവസ്ഥയും അസൗകര്യങ്ങളും മനസ്സിലാക്കാൻ സ്ത്രീയായതിനാൽ എനിക്കു കഴിയുന്നുണ്ട്.

അതു കൊണ്ടുതന്നെ എന്‍റെ ഓഫിസിലെ അന്തരീക്ഷം സൗഹൃദപരമാണ്. നമ്മളെങ്ങനെ പെരുമാറുന്നുവോ അതുപോലെത്തന്നെ തിരിച്ചും പിന്തുണ കിട്ടുന്നുണ്ട്. വനിതകളുള്ളതിനാൽ ഓഫിസിൽ നാപ്കിൻ നശിപ്പിക്കാനുള്ള സംവിധാനം വേണമെന്നത് വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം കലക്ടറോടും പങ്കുവെച്ചു. അങ്ങനെ ഓഫിസിൽ അതിനുള്ള സംവിധാനം കൊണ്ടുവന്നു. അതിൽ വലിയ സന്തോഷമുണ്ട്.

കോട്ടയത്തെ പെൺകുട്ടികളെ കണ്ടോടാ...

കോട്ടയം: കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർ ശ്രദ്ധിച്ച വാർത്തയായിരുന്ന നഗരമധ്യത്തിൽ പെൺകുട്ടികൾ സാമൂഹിക വിരുദ്ധനെ ഓടിച്ചിട്ടുപിടിച്ചത്. തങ്ങൾക്കുനേരെ അതിക്രമം കാട്ടിയ ആളെ പുറകെപോയി 20 മിനിറ്റോളം തിരഞ്ഞുപിടിച്ച് കണ്ടെത്തിയാണ് പൊലീസിന് കൈമാറിയത്. ആത്മാഭിമാനവും തന്‍റേടവുമുള്ള ഈ മിടുക്കികൾക്കാവട്ടെ വനിതദിനത്തിലെ കൈയടി...

തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് അവർ

'രാവിലെ 11 മണിയോടെയാണ് ഞങ്ങൾ നാലുപേർ ബസ് സ്റ്റാൻഡിൽ ബസിറങ്ങി തിയറ്റർ റോഡിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് എതിരെ വലിയ ബാഗും തൂക്കി നടന്നുവന്നിരുന്നയാൾ ഞങ്ങളിലൊരാളുടെ ശരീരത്ത് കയറിപ്പിടിച്ചു. എടാ എന്നുപറഞ്ഞ് ഉടൻ ഞങ്ങൾ തിരിഞ്ഞുനിന്നപ്പോഴേക്കും അയാൾ മാർക്കറ്റ് റോഡിലൂടെ ഓടി. അപ്പോഴത്തെ ധൈര്യത്തിന് ഞങ്ങളും പുറകെ പാഞ്ഞു. കൈയിൽകിട്ടിയാൽ ഒന്നു കൊടുക്കണമെന്നു കരുതിത്തന്നെയാണ് പുറകെ വെച്ചുപിടിച്ചത്. ഞങ്ങൾ പുറകെയുണ്ടെന്നുകണ്ട ഇയാൾ ഓടി മാർക്കറ്റിനകത്തേക്കുകയറി. ഞങ്ങളും മാർക്കറ്റിനുള്ളിൽ കയറി. അപ്പോൾ അയാളെ കാണാനില്ല. ഞങ്ങൾ വഴിയിലും മാർക്കറ്റിനകത്തും തിരഞ്ഞു. അവിടെയുണ്ടായിരുന്നവരോടും റോഡിലും അന്വേഷിച്ചു. ആരും അങ്ങനെയൊരാളെ കണ്ടില്ലെന്നു പറഞ്ഞു. അയാളുടെ കൈയിൽ വലിയ ബാഗ് ഉണ്ടായിരുന്നതിനാൽ ഞങ്ങൾക്കുതോന്നി ബസിൽ കയറിയിട്ടുണ്ടാവുമെന്ന്. ഉടൻ ഞങ്ങൾ ബസ്സ്റ്റാൻഡിൽ തിരിച്ചെത്തി. അയാളുടെ കഷണ്ടിത്തലയും മുഖവും ഞങ്ങളുടെ ഓർമയിലുണ്ടായിരുന്നു. എല്ലാ ബസുകളിലും കയറിയിറങ്ങിത്തിരഞ്ഞു. പലരും ചോദിക്കുന്നുണ്ടായിരുന്നു എന്തെങ്കിലും കളഞ്ഞുപോയതാണോ എന്ന്. ബസിൽ കാണാതായപ്പോൾ ഞങ്ങൾ നിരാശരായി തിരിച്ച് തിയറ്റർ റോഡിലേക്കുതന്നെ വന്നു. അപ്പോൾ അയാൾ എതിരെ വീണ്ടും വരുന്നു. നേരത്തേ ധരിച്ചിരുന്ന ഷർട്ടും മാസ്കും മാറ്റിയിട്ടുണ്ട്. ബാഗും കൈയിലുണ്ട്. വേഷം മാറ്റിയിട്ടും ഞങ്ങൾ അയാളെ തിരിച്ചറിഞ്ഞു. ഞങ്ങൾ കണ്ടു എന്ന് മനസ്സിലാക്കിയതോടെ ഇയാൾ തിരിഞ്ഞുനോക്കി ഓടാൻ തുടങ്ങി. ഞങ്ങൾ പുറകെയും. എല്ലാവരും എന്താണു കാര്യമെന്നറിയാതെ നോക്കുന്നുണ്ട്. മാർക്കറ്റിനുള്ളിൽവെച്ച് ഇയാളെ ഞങ്ങൾ പിടിച്ചുനിർത്തി. ചുറ്റും ആളുകൾ കൂടി. അപ്പോൾ അയാൾ ഒന്നും അറിയാത്തപോലെ പറയുന്നുണ്ട് എന്താണ് കാര്യം, ഞാനൊന്നും ചെയ്തില്ല എന്നൊക്കെ. അപ്പോഴേക്കും ബഹളംകേട്ട് പിങ്ക് പൊലീസും പിന്നാലെ വെസ്റ്റ് പൊലീസും സ്ഥലത്തെത്തി. പിങ്ക് പൊലീസിന്‍റെ വാഹനത്തിൽ ഞങ്ങളെ സ്റ്റേഷനിലെത്തിച്ചു. അവിടെയെത്തിയപ്പോൾ അയാൾ ആദ്യം പറഞ്ഞത് ഞാനല്ല എന്നാണ്. പിന്നെപ്പറഞ്ഞു അറിയാതെ തട്ടിയതാണെന്ന്. അറിയാതെ തട്ടുന്നതും ദേഹത്ത് കയറിപ്പിടിക്കുന്നതും ഞങ്ങൾക്ക് അറിയാം. ഇയാൾ ധരിച്ചിരുന്ന ഷർട്ടിന്‍റെ നിറവും ഞങ്ങൾ പറഞ്ഞുകൊടുത്തു. അയാൾ മാറ്റിയിട്ട ഷർട്ട് ബാഗിൽനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു'.

അടുക്കളയിൽനിന്ന് ആംബുലൻസിന്‍റെ വളയംപിടിക്കാൻ ദീപമോൾ

കോട്ടയം: അന്താരാഷ്ട്ര വനിത ദിനത്തില്‍ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും.

സര്‍ക്കാറിന്‍റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിത ഡ്രൈവറായാണ് ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. വനിത ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10.45ന് സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടിന്‍റെ മുന്‍വശത്തുവെച്ച് മന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്‍റെ താക്കോല്‍ കൈമാറും.

ദീ​പ​മോ​ള്‍

ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്തുപകരുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആതുര സേവനത്തിനോടുള്ള താൽപര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലൻസിന്‍റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയായിരുന്നു.

ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറവ്

കോട്ടയം: ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ കുറവ്. 2021ൽ 366 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്കാണിത്. അതേസമയം, 2020 ൽ 457 കേസുകളും 2019ൽ 601 കേസുകളും എടുത്തിട്ടുണ്ട്. 2021ൽ 67 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അപമര്യാദയായി പെരുമാറിയതിന്- 126, തട്ടിക്കൊണ്ടുപോകൽ-എട്ട്, പൂവാലശല്യം- 14 , ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും ക്രൂരത- 79 , മറ്റ് കുറ്റകൃത്യങ്ങൾ- 72 എന്നിങ്ങനെ കേസുകളും ചാർജ് ചെയ്തു. സ്ത്രീധന മരണങ്ങൾ 2018 മുതൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം 2012, 2016, 2017 വർഷങ്ങളിൽ ഓരോ സ്ത്രീധന മരണം ഉണ്ടായിട്ടുണ്ട്. 2020ൽ 87 ബലാസത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്തു. അപമര്യാദയായി പെരുമാറിയതിന്-162, തട്ടിക്കൊണ്ടുപോകൽ- 17 , പൂവാലശല്യം-12, ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും ക്രൂരത- 76, മറ്റ് കുറ്റകൃത്യങ്ങൾ- 103 എന്നിവയും രജിസ്റ്റർ ചെയ്തു.

സമൂഹം ജെൻഡർ ന്യൂട്രൽ ആവണം -കലക്ടർ

കോട്ടയം: സമൂഹം ജെൻഡർ ന്യൂട്രൽ ആവണമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ. രാജ്യാന്തര വനിത ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ്ക്ലബിലെ വനിത മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകളായാലും പുരുഷന്മാരായാലും അവരവരുടെ കഴിവിന്‍റെ വെളിച്ചത്തിലാവണം മുന്നിലെത്തേണ്ടത്. അതിനുള്ള ധൈര്യം വരുംതലമുറക്കുണ്ടാകണം. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും പോസിറ്റീവായി കാണാനും അനുകമ്പയോടെ കൈകാര്യം ചെയ്യാനും സ്ത്രീകൾക്കേ കഴിയൂ എന്നും കലക്ടർ അഭിപ്രായപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തക ജോളി അടിമത്ര മുഖ്യപ്രഭാഷണം നടത്തി. പ്രസ്ക്ലബ് വൈസ് പ്രസിഡന്‍റ് സുമി സുലൈമാൻ അധ്യക്ഷതവഹിച്ചു.

വൈസ്പ്രസിഡന്‍റ് ശ്രീകല ടി.മേനോൻ, മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് നിർവാഹകസമിതിയംഗം അഞ്ജു ജെ.അച്ചാമ്മ സ്വാഗതവും മനോരമ ഓൺലൈൻ അസോസ്യേറ്റ് പ്രൊഡ്യൂസർ സേറാ ലക്ഷ്മി നന്ദിയും പറഞ്ഞു.

Tags:    
News Summary - Heroines of Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.