സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമാണ് ഹിഷാന. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് റെഡ് ക്രസന്റ് ഉൾപ്പെടെയുള്ളവരിൽനിന്ന് അംഗീകാര പത്രവും അഭിനന്ദനങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. രക്തദാന ക്യാമ്പിൽ വളണ്ടിയറായും ആശുപത്രികകളിൽ രോഗികളെ സന്ദർശിക്കാറുമുണ്ട്.
ഒരുപിടി സർഗവാസനകൾ കൊണ്ട് അനുഗ്രഹീതയായ ഒരു കലാകാരിയാണ് പ്രവാസിയായ ഹിഷാന അബൂബക്കർ. മാപ്പിളപ്പാട്ട്, ലളിതശാസ്ത്ര സംഗീതം, നൃത്തം, അഭിനയം, ചിത്രരചന, പെയിന്റിങ്, പ്രസംഗം, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ആൽബം നിർമാതാവ് തുടങ്ങി താൻ കൈവെച്ച മേഖലകളിലെല്ലാം തിളക്കമാർന്ന പ്രകടനത്തിലൂടെ ആത്മവിശ്വാസത്തിന്റെ സ്വന്തം വഴി വെട്ടിത്തെളിക്കുകയാണ് ഈ മലയാളി പെൺകൊടി. അൽ ഐനിൽ ജനിച്ചു വളർന്ന ഹിഷാന ചെറു പ്രായത്തിൽ തന്നെ സ്റ്റേജുകൾ കീഴടക്കിയിരുന്നു. യു.എ.ഇയിലും നാട്ടിലുമായി 300 ലധികം സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ച ഹിഷാന ഇതിനകം പലപ്രമുഖ കലാകാരന്മാരോടൊപ്പം പാട്ടുകൾ പാടിയിട്ടുണ്ട്. കുഞ്ഞീ നീലേശ്വരം ആണ് കലാരംഗത്തെ ആദ്യ ഗുരു. പാട്ടിന്റെ ഗുരുനാഥൻ അൽഐൻ ഇന്ത്യൻ സ്കൂളിലെ അദ്ധ്യാപകനായ മഹേഷ് ആണ്. ശാസ്ത്രീയ സംഗീതം ആദ്യമായി അഭ്യസിക്കുന്നത് ഇദ്ദേഹത്തിൽനിന്നാണ്.
സംഗീതത്തോടൊപ്പം നൃത്തം, അഭിനയം, ചിത്രരചന, പെയ്ന്റിങ്, ആക്രലിക് പെയ്ന്റിങ് മത്സരങ്ങളിലും സമ്മാനങ്ങളേറെ നേടിയിട്ടുണ്ടീ സകലകലാ വല്ലഭ. യു.എ.ഇയിലും നാട്ടിലുമായി നടന്ന പല പ്രമുഖ പരിപാടികളിലും അവതാരകയായിരുന്നു. യൂ ട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ് ഫോർമുകളിൽ സജീവമായ ഹിഷാനക്ക് ധാരാളം ഫോളോവേഴ്സുമുണ്ട്. നിരവധി മലയാള ആൽബങ്ങളിൽ പാടിയും അഭിനയിച്ചും ആ മേഖലയിലും കഴിവ് തെളിയിക്കാനായി. സ്വന്തമായി മ്യൂസിക് ആൽബവും പുറത്തിറക്കി. കുട്ടിക്കാലം മുതലേ സംഗീതം ജീവിതകലയാക്കി മാറ്റിയ ഹിഷാന മാപ്പിള ഗാന ശാഖയിലാണ് മികവ് പുലർത്തുന്നത്. എം.എ യൂസുഫ് അലിയെ കുറിച്ച് ഉറുദു മലയാളത്തിൽ പാട്ടുപാടി അദ്ദേഹത്തിന്റെ ഹൃദയത്തിലൊരിടം കരസ്ഥമാക്കാനായെന്നതും നേട്ടമായി കാണുന്നു.
കലയോടുള്ള ആഭിമുഖ്യം ശക്തമായി നിലർത്തുമ്പോഴും പഠനവിഷയങ്ങളിലും മികവ് പുലർത്താൻ ഹിഷാനക്ക് കഴിഞ്ഞു. സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമാണ്. റമദാൻ സമയങ്ങളിലും സന്നദ്ധ സംഘടനയായ റെഡ്ക്രെസെന്റുമായി ചേർന്ന് ഭക്ഷണ വിതരണം ചെയ്യുന്ന സംഘങ്ങളുടെ ഭാഗമാവാറുണ്ട്. നിസ്വാർഥമായ ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് റെഡ് ക്രസന്റ് ഉൾപ്പെടെയുള്ളവരിൽ നിന്ന് അംഗീകാര പത്രവും അഭിനന്ദനങ്ങളും ഹിഷാനയെ തേടിയെത്തിയിട്ടുണ്ട്. രക്തദാന ക്യാമ്പിൽ വളണ്ടിയറായും കർമനിരതയാണ്. ഒഴിവു സമയങ്ങളിൽ ആശുപത്രികൾ സന്ദർശിച്ച് രോഗികൾക്ക് ആശ്വാസം പകരുന്നതിൽ സന്തോഷവതിയാണ് ഹിഷാന. നാട്ടിൽ പോകുമ്പോൾ വൃദ്ധ സദനങ്ങൾ, പാലിയേറ്റിവ് കെയർ, വൈകല്യമുള്ള കുട്ടികൾ പഠിക്കുന്ന സ്ഥാപങ്ങൾ എന്നിവയിലെ സ്ഥിരം സന്ദർശകയാണ്. ഭാവിയിലും ജോലിയോടൊപ്പം കലയും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹം.
തൃശൂർ, ഗുരുവായൂർ സ്വദേശികളായ അബൂബക്കറിന്റെയും ഷാജിത അബൂബക്കറിന്റെയും മകളാണ് ഹിഷാന. തന്റെ ഇഷ്ടങ്ങൾക്ക് സകല പിന്തുണയും നൽകുന്നത് മാതാപിതാക്കളും ബന്ധുക്കളുമാണെന്ന് ഹിഷാന പറയുന്നു. മുഹമ്മദ് ഷാനിബ്, ഹാഷിബ് എന്നിവർ സഹോദരന്മാരാണ്. അൽഐൻ ഫാത്തിമ കോളജിൽ ബി.എസ്സി മെഡിക്കൽ ഇമേജിങ് ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയാണ് ഹിഷാന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.