മനാമ: മോട്ടോർസൈക്കിളിൽ ലോകം ചുറ്റി റെക്കോഡിനുടമയായ അസം സ്വദേശിനി മീനാക്ഷി ദാസ് ബഹ്റൈനിലെത്തി. ഒരു വർഷത്തിനുള്ളിൽ 67 രാജ്യങ്ങൾ ചുറ്റാൻ ലക്ഷ്യമിട്ടാണ് തന്റെ സന്തത സഹചാരിയായ ബജാജ് R15v3 മോട്ടോർബൈക്കിൽ പവിഴദ്വീപിന്റെ സൗന്ദര്യം നുണയാൻ 41കാരിയായ മീനാക്ഷി എത്തിയത്.
കഴിഞ്ഞ ഡിസംബറിലാണ് മീനാക്ഷി തന്റെ ഇപ്രാവശ്യത്തെ സോളോ ചലഞ്ച് ആരംഭിച്ചത്. നേപ്പാൾ, യു.എ.ഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങൾ സന്ദർശിച്ചശേഷമാണ് ബഹ്റൈനിലെത്തിയത്. ഇനി ജോർഡൻ, ഇറാഖ്, ഇറാൻ, തുർക്കിയ, അസർബൈജാൻ, ജോർജിയ, അർമീനിയ, ബൾഗേറിയ, അയർലൻഡ്, യു.കെ എന്നിവിടങ്ങളിലേക്ക് പോകും. ദോഹയിൽനിന്ന് ബഹ്റൈനിലേക്കുള്ള 375 കി.മീ. ആഹ്ലാദകരമായ യാത്രയായിരുന്നെന്ന് മീനാക്ഷി ദാസ് പറയുന്നു.
പ്രഫഷനൽ ഫിറ്റ്നസ് ഇൻസ്ട്രക്ടറായ മീനാക്ഷി യാത്രാഭ്രമം തുടങ്ങിയശേഷം ജോലി ഉപേക്ഷിച്ച മട്ടാണ്. ബഹ്റൈനിൽ മൂന്നു ദിവസത്തെ പര്യടനമാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ കാണാൻ നാട്ടുകാരിയും ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ നിവേദിത ദത്തക്കൊപ്പം മീനാക്ഷി എത്തിയിരുന്നു.
കൗമാരപ്രായത്തിൽതന്നെ ഇരുചക്ര വാഹനയാത്ര തുടങ്ങിയയാളാണ് മീനാക്ഷി. ഗുവാഹതിയിലെ ദുർഘടമായ റോഡുകളിലായിരുന്നു പരിശീലനം എന്നതിനാൽ ലോകത്തെ ഒരു റോഡും പ്രശ്നമുള്ളതായി തോന്നിയില്ല. 2017ലാണ് സ്പോർട്സ് മോട്ടോർസൈക്കിൾ വാങ്ങിയത്. മേഘാലയയിലെ ഗുഹകളും ലിവിങ് റൂട്ട് ബ്രിഡ്ജുകളുമൊക്കെ യാത്രയിൽ സന്ദർശിച്ചിട്ടുണ്ട്.
2021ൽ ഭർത്താവ് ബെദാന്ത രാജ്ഖോവക്കൊപ്പം മോട്ടോർബൈക്കിൽ ഗുവാഹതിയിൽനിന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതപാതയായ ഉംലിങ് ലാ പാസ് വരെ സഞ്ചരിച്ചു. അടുത്ത ട്രിപ്പിൽ യു.എസ് മുഴുവൻ ബൈക്കിൽ ചുറ്റുകയാണ് ലക്ഷ്യം. തന്റെ യാത്രാവിവരങ്ങൾ യൂട്യൂബ് ചാനലായ Riders MBയിൽ മീനാക്ഷി അപ്ഡേറ്റ് ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.