കു​ഞ്ഞു​പെ​ണ്ണ്

പ്രായം തോൽക്കും, കുഞ്ഞുപെണ്ണിന്‍റെ കരുത്തിന് മുന്നിൽ

മുണ്ടക്കയം: 106ാം വയസ്സിലും മണ്ണിൽ അധ്വാനിച്ച് പൊന്നുവിളയിക്കുകയാണ് പുഞ്ചവയല്‍ പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണ്. ചെറുപ്പത്തില്‍ തുടങ്ങിയ കൃഷിപ്പണി പ്രായം നൂറുകഴിഞ്ഞിട്ടും ഉപേക്ഷിക്കാന്‍ തയാറല്ല ഈ മുത്തശ്ശി. പൂഞ്ഞാര്‍ മുത്തോട്ടെ വീട്ടില്‍ കൊച്ചുപെണ്ണ്-കടത്ത ദമ്പതികളുടെ ഏഴുമക്കളില്‍ ഇളയവളാണ് കുഞ്ഞുപെണ്ണ്.

കഷ്ടപ്പാടുകളറിഞ്ഞ് വളര്‍ന്ന കുഞ്ഞുപെണ്ണിന് പഴയകഥകള്‍ പറയാന്‍ തുടങ്ങിയാൽ നൂറുനാവാണ്. ''ഇന്നെന്തു ബുദ്ധിമുട്ട്.. അന്നല്ലേ പ്രശ്‌നങ്ങളും പ്രയാസങ്ങളും.. കഴിച്ചാകഴിച്ചു.. പട്ടിണിയാ അന്നത്തെ കാലം'' എന്നു പറയുമ്പോള്‍ മുത്തശ്ശിയുടെ കണ്ണില്‍ സങ്കടം നിഴലിക്കും. 17ാം വയസ്സിലാണ് പൂഞ്ഞാറ്റില്‍നിന്ന് പുഞ്ചവയല്‍ കാവനാല്‍ കുടുംബത്തിലെ നാരായണന്റെ ജീവിതസഖിയായി കുഞ്ഞുപെണ്ണ് വരുന്നത്. താമസം വനാതിര്‍ത്തിയിലാണ്. വനപാലകര്‍ തങ്ങളെ അക്കാലത്ത് ദ്രോഹിക്കുമായിരുന്നു. വനത്തിലെ കാടുതെളിക്കാന്‍ ആണുങ്ങളെ കൂട്ടിക്കൊണ്ടുപോകും.

കാശും കൊടുക്കില്ല. കപ്പയും കഞ്ഞിയുമൊക്കെയായിരുന്നു അന്ന് വിശപ്പടക്കാൻ. കാട്ടാന ശല്യം അന്നും ഉണ്ടായിരുന്നു. കൂട്ടമായെത്തുന്ന ആനകളെ തന്റെ ഭര്‍ത്താവ് നാരായണനും മറ്റുള്ളവരും ചേര്‍ന്ന് പാട്ടകൊട്ടിയും കവണ ഉപയോഗിച്ചും പടക്കംപൊട്ടിച്ചും ഓടിക്കുമായിരുന്നു. വീട്ടുമുറ്റത്ത് കാട്ടാനകള്‍ എപ്പോൾ വരുമെന്ന ഭീതിയോടെയാണ് മുത്തശ്ശി താമസിക്കുന്നത്. സ്വാതന്ത്ര്യസമരകാലമെല്ലാം കുഞ്ഞുപെണ്ണ് ഓര്‍ക്കുന്നുണ്ട്. സമരത്തിലൊന്നും പങ്കെടുത്തിട്ടില്ല. പള്ളിക്കൂടത്തിലും പോയിട്ടില്ല. വെറും നിലത്തെഴുത്തുമാത്രം.

അല്‍പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായി ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. രാവിലെ കട്ടന്‍കാപ്പി കുടിച്ച് കൃഷിയിടത്തിലിറങ്ങിയാല്‍ ഉച്ചവരെ പണിതന്നെ. കഴിഞ്ഞദിവസം ട്രൈബല്‍ കോളജ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുരിക്കുംവയലിലെത്തിയപ്പോള്‍ പൂച്ചെണ്ട് നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചത് കുഞ്ഞുപെണ്ണായിരുന്നു.

നാരായണന്‍-കുഞ്ഞുപെണ്ണ് ദമ്പതികള്‍ക്ക് മൂന്നു മക്കളാണ്. കരുണാകരന്‍, തങ്കമ്മ, അയ്യപ്പന്‍. കരുണാകരന്‍ എരുമേലി പഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദിവാസി മലഅരയ വിഭാഗത്തില്‍പെട്ട കുഞ്ഞുപെണ്ണിന് ഒരേയൊരു സങ്കടം മാത്രമാണുള്ളത്.

നാളുകളായി ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ അധികാരികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കിടപ്പിലായ മകന്‍റെയും തന്‍റെയും പേരിൽ പട്ടയമില്ലാത്ത ഒന്നരയേക്കര്‍ ഭൂമി ഉള്ളതിനാല്‍ തരാനാവില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. ഈ പ്രായത്തിലും പെന്‍ഷന്‍ നിഷേധിച്ചത് നീതിയാണോയെന്ന് ചോദിക്കുമ്പോള്‍ കുഞ്ഞുപെണ്ണിന്റെ മുഖത്ത് പ്രതിഷേധം ജ്വലിക്കും.

Tags:    
News Summary - International Day for Older People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.