മണ്ണഞ്ചേരി: അഞ്ച് തലമുറ കണ്ട സായുജ്യത്തിലും സന്തുഷ്ടിയിലുമാണ് നൂറ് പിന്നിട്ട ഖദീജ ബീവിയുടെ ജീവിതം. മണ്ണഞ്ചേരി പഞ്ചായത്ത് 18ാം വാർഡ് കൊച്ചിച്ചൻ കവലയിൽ പുത്തൻവരമ്പിനകത്ത് പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിന്റെ ഭാര്യയാണ് ഖദീജ. ആറ് പെണ്ണും രണ്ട് ആണുമടക്കം എട്ട് മക്കളും 25 പേരക്കുട്ടികളും അഞ്ച് തലമുറയിലെ നൂറിൽപരം പേരമക്കളുമുണ്ട് ഈ മാതാവിന്.
16ാം വയസ്സിലായിരുന്നു വിവാഹം. മൂത്ത മകൾ ബീഫാത്തുവിന് 84 വയസ്സുണ്ട്. ഫാത്തിമബീവി, ബീമബീവി, പരീതുകുഞ്ഞ്, ഉമ്മുസൽ, മറിയം ബീവി, ഐഷാബീവി, സൈനുൽ ആബിദീൻ എന്നിവരാണ് മക്കൾ. എല്ലാ മക്കളുടെയും വീടുകളിൽ ഇടക്ക് പോകാറുണ്ടെങ്കിലും മണ്ണഞ്ചേരിയിൽ താമസിക്കുന്ന മകൻ പരീതുകുഞ്ഞിനും മരുമകൾ ശരീഫ ബീവിക്കുമൊപ്പമാണ് താമസം.
സ്വന്തമായി തന്നെയാണ് ഇപ്പോഴും തുണി അലക്കുന്നതും മറ്റും. കാഴ്ചക്ക് ചെറിയ മങ്ങൽ ഉള്ളതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ല. പുലർച്ച എഴുന്നേൽക്കുന്നതാണ് ശീലം. വീട് എപ്പോഴും വൃത്തിയാക്കും. ഇടക്ക് മുറ്റവും അടിക്കും. വീട്ടുകാർ സമ്മതിക്കാത്തതിനാൽ അതിന് ഇടക്ക് മുടക്കം വരും. റമദാൻ വ്രതം പൂർണമായും എടുക്കും.
23 വർഷം മുമ്പ് ഭർത്താവ് മരിച്ചു. വോട്ടുചെയ്യാൻ ഇപ്പോഴും ഇഷ്ടമാണ്. ഇതുവരെ സമ്മതിദാനാവകാശം മുടക്കിയിട്ടില്ല. പണ്ടത്തെ വെള്ളപ്പൊക്കവും നാട്ടിലെ ദൈന്യതവും ഓർമയിലുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ എപ്പോഴും സന്തോഷമായിരിക്കുന്നതാണ് ജീവിതത്തിന്റെ സന്തുഷ്ടിയെന്ന് ഖദീജ ബീവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.