വ്യോമ ഗതാഗതത്തിൽ യു.എ.ഇ വനിതകളുടെ പേര് എഴുതിച്ചേർത്ത ഇമാറാത്തിയാണ് ജൗഹൈന അൽമീരി. വ്യോമഗതാഗത ലോകത്തെ അപൂർവം ഇമാറാത്തി വനിതകളിൽ ഒരാൾ. ഗൂഗ്ൾ മാപ്പ് കിട്ടാത്ത ആകാശ പാതകളിൽ പൈലറ്റുമാർക്ക് വഴികാണിക്കുന്ന, നിർദേശം നൽകുന്ന എയർ ട്രാഫിക് കൺട്രോളർ. ലോക വേദികളിൽ വനിതകൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ജൗഹാന അടുത്തിടെ നടന്ന ഏവിയേഷൻ ജനറൽ അസംബ്ലിയിലെ ശ്രദ്ദേയ സാന്നിധ്യമായിരുന്നു. സ്ത്രീയാണെന്നതിന്‍റെ പേരിൽ ഒരു മേഖലയിൽ നിന്നും മാറിനിൽക്കേണ്ടതില്ലെന്നും പുരുഷൻമാർക്ക് മാത്രം കഴിയുന്ന ജോലികളായി ഒന്നുമില്ലെന്നും ജൗഹൈന സാക്ഷ്യപ്പെടുത്തുന്നു.
തന്‍റെ ജീവിതത്തിലെ രണ്ട് റോൾ മോഡലുകൾ മാതാവ് ഡോ. ഹർദികയും മുത്തശ്ശിയുമാണെന്ന് അവൾ പറയും. യു.എ.ഇയിലെ ആദ്യ വനിത വെറ്ററിനറി ഡോക്ടർമാരിൽ ഒരാളാണ് ഡോ. ഹർദിക. അനാഥാലയത്തിൽ വളർന്ന് ഫാഷൻ ഡിസൈനറായയാളാണ് മുത്തശ്ശി ബേബി. അനാഥാലയത്തിൽ വെച്ച് സ്വന്തം ഇട്ട പേരാണ് ബേബി. കുടുംബ ജീവിതം ആരംഭിച്ച ശേഷം പുറത്തുജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വീട്ടിലിരുന്ന് ഫാഷൻ ഡിസൈനറാകുകയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച ചെറിയ വരുമാനംകൊണ്ടാണ് രണ്ട് മക്കളെയും പഠിപ്പിച്ച് ഡോക്ടറാക്കിയത്. ഇവരുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം 17ാം വയസിലെ മുളയിട്ടത്.
ഹൈസ്കൂൾ പഠനം പൂർത്തിയായതോടെ എയർ ട്രാഫിക് കൺട്രോൾ പ്രോഗ്രാമിന് അപേക്ഷിക്കുമ്പോൾ നേരിയ പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്. കാരണം, ലോകത്തെ മുഴുവൻ കണക്കെടുത്താൽ പോലും ഒരു ശതമാനത്തിൽ താഴെയായിരുന്നു ഈ മേഖലയിൽ വനിതകളുടെ എണ്ണം. രണ്ട് വർഷത്തെ കഠിന പരിശീലനത്തിന് ശേഷം 21ാം വയസിൽ എയർ ട്രാഫിക് കൺട്രോളർ സർട്ടിഫിക്കറ്റും സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇമാറാത്തി വനിതയായിരുന്നു ജൗഹൈന. ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന പകിട്ടും ജൗഹൈന സ്വന്തമാക്കി. തന്നെകൊണ്ട് ഈ ജോലി ചെയ്യാൻ കഴിയമോ എന്ന് പോലും സംശയിച്ചിരുന്ന നാളുകളുണ്ടായിരുന്നെന്ന് അവൾ പറയുന്നു. ആത്മവിശ്വാസം കൈമുതലാക്കി പൊരുതി ജൗഹൈനക്ക് ഇപ്പോൾ ഒരു പതിറ്റാണ്ടിന്‍റെ തഴക്കവും പഴക്കവുമുണ്ട്.
പൈലറ്റിന്‍റെ ഹെഡ്സെറ്റിലെ ശബ്ദമായാണ് എയർ ട്രാഫിക് കൺട്രോളർമാർ പ്രവർത്തിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. വിമാന യാത്രയിലെ വഴികളും തടസങ്ങളും മുന്നറിയിപ്പും കാലാവസ്ഥയുമെല്ലാം സമയാസമയങ്ങളിൽ അവരെ അറിയിക്കുന്നത് എ.ടി.സിയാണ്. പെട്ടന്ന് തീരുമാനമെടുക്കാനുള്ള കഴിവ്, ഒരേ സമയം പല കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, 2ഡി-3ഡി എന്നിവയിലെ പരിജ്ഞാനം തുടങ്ങിയവയെല്ലാം ആവശ്യമായ ജോലിയാണിത്. ആയിരക്കണക്കിനാളുകളുടെ ജീവിതം വെച്ചുള്ള കളിയാണെന്ന ഉത്തമബോധ്യത്തോടെയാണ് പ്രവർത്തനം. ഇത്തരം സമ്മർദങ്ങൾ കൈാര്യം ചെയ്യാനുള്ള കഴിവ് സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെയാണെന്നും ഈ മേഖലയിലേക്ക് വനിതകൾ ധൈര്യത്തോടെ കടന്നുവരണമെന്നും അവർ പറയുന്നു.
കോഫി മോശമാകുന്നതിന്‍റെ പേരിലോ എലവേറ്ററിൽ അബായ കുടുങ്ങിയതിന്‍റെ പേരിലോ മൂഡ് പോകുന്ന ഒരാൾക്ക് ഈ ജോലി ചെയ്യാൻ കഴിയില്ല. ഉയർന്ന മാനസീക ശക്തിയും ഏകാഗ്രതയും ആവശ്യമായ ജോലിയാണിത്. പലവെല്ലുവിളികളും ഒരേസമയം നേരിടേണ്ടി വരും. ഇതെല്ലാം നേരിടാനുള്ള കഴിവാണ് ഈ ജോലിയുടെ അടിസ്ഥാന യോഗ്യതയെന്നും ജൗഹൈന പറയുന്നു.
മുത്തശ്ശിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വരുമാനത്തിന്‍റെ നിശ്ചിത ശതമാനം അനാഥാലയങ്ങൾക്കായി നീക്കിവെക്കുന്നുണ്ട്. ക്വാഡ് ബൈക്കിങിൽ താൽപര്യമുള്ള ജൗഹൈന മാതാവിനെ പോലെ മൃഗസംരക്ഷണത്തിലും വ്യാപൃതയാണ്. അടുത്ത ജനറേഷനെ വ്യോമഗതാഗതത്തിലേക്ക് വളർത്തിക്കൊണ്ട് വരുക എന്നതാണ് സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.