മൂവാറ്റുപുഴ: സ്ത്രീകൾക്കെതിരെ അക്രമം കണ്ടാൽ മാറാടിയിലെ പെണ്ണുങ്ങൾ ഇനി മയമില്ലാതെ പ്രതിരോധിക്കും. അതിനായി അവർ കരാട്ടേ പരിശീലനത്തിലാണ്. ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യൻ കരാട്ടേ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കരാട്ടേ ചാമ്പ്യൻമാർ തന്നെയാണ് അവർക്ക് പരിശീലനം നൽകുന്നത്.
സ്വയം പ്രതിരോധിക്കാനും പ്രതികരിക്കാനും ശക്തരാകുകയാണ് ലക്ഷ്യം. മാറാടി പഞ്ചായത്ത് അംഗം രതീഷ് ചങ്ങാലിമറ്റത്തിന്റെ നേതൃത്വത്തിലാണ് ബ്ലാക്ക് ബെൽറ്റ് എന്ന പേരിട്ടിരിക്കുന്ന കരാട്ടേ പരിശീലന പദ്ധതി ആരംഭിച്ചത്.
ഹൈദരാബാദ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ മാറാടി സ്വദേശി ആഗ്നസ് ആഷ്ലി, വെങ്കല മെഡൽ നേടിയ മരിയ സാജൻ, ഭാമ മനോജ്, ജോസ്മി ജോസ്, ജെസ്മി ജോസ് എന്നിവരാണ് പരിശീലനം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ത്രീകള്‍ തന്നെയാണ് അവരുടെ ശാക്തീകരണത്തിനുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പരിശീലകർ പറയുന്നു.
ജീവിതത്തിൽ ഉണ്ടാകുന്ന സംഘര്‍ഷാവസ്ഥകൾ നേരിടാനും മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും സ്വയരക്ഷ നേടാനും ചിട്ടയോടെയുള്ള കരാട്ടേ പരിശീലനത്തിലൂടെ സാധിക്കുമെന്നും ഇവർ പറയുന്നു.
കരാട്ടേ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുകയും മാറാടിയിലെ സ്ത്രീകളെ സ്വയം പ്രതിരോധത്തിനായി കരാട്ടേ പരിശീലിപ്പിക്കുകയും ചെയ്യുന്ന ആഗ്നസ് ആഷ്ലി, മരിയ സാജൻ, ഭാമ, ജോസ്മി, ജെസ്മി എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, പഞ്ചായത്ത് അംഗങ്ങളായ പി.പി. ജോളി, ബിജു കുര്യാക്കോസ്, അജി സാജു, ജിഷ ജിജോ, ജിബി മണ്ണത്തുകാരൻ, ജയ്സ് ജോൺ, ഷൈനി മുരളി, സരള രാമൻ നായർ, രതീഷ് ചങ്ങാലിമറ്റം എന്നിവർ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.