കോട്ടയം: 1998ലാണ് കേരള നടനം സംസ്ഥാന സ്കൂൾ കലോത്സവത്തിലിടം പിടിച്ചത്. ഇന്നത്തെ സിനിമ സീരിയൽ താരവും കോട്ടയംകാരിയുമായ മീര കൃഷ്ണയാണ് ഒന്നാംസ്ഥാനം നേടിയത്. ‘ഉർവശീയം’ കഥ അടിസ്ഥാനമാക്കി രാജ ശ്രീകുമാർ വർമ ശ്ലോകം എഴുതി ഭവാനി ദേവി ചിട്ടപ്പെടുത്തിയതായിരുന്നു ആ നൃത്തം. കേരളനടനത്തിന്റെ ഉപജ്ഞാതാവായ ഗുരു ഗോപിനാഥിൽനിന്ന് നേരിട്ട് പഠിക്കാൻ അവസരം ലഭിച്ച ഭവാനി ഗുരുവിന്റെ തനതുശൈലിയുടെ ആരാധികയായിരുന്നു. 13 ാം വയസ്സിലാണ് ഭവാനി ഗുരു ഗോപിനാഥിനടുത്തെത്തുന്നത്. അന്നുതുടങ്ങിയ നൃത്തസപര്യയെ 98ാം വയസ്സിൽ മരിക്കുന്നതിന് ആറുമാസം മുമ്പുവരെ ചേർത്തുനിർത്തി.
മകൾ പഠിച്ച് ഉന്നതമായ ജോലി വാങ്ങണമെന്നായിരുന്നു ഭവാനിയുടെ പിതാവിന്റെ ആഗ്രഹം. എന്നാൽ, പഠിക്കാൻ മടിയായിരുന്ന ഭവാനിക്ക് താൽപര്യം നൃത്തത്തോടായിരുന്നു. മകളുടെ ഇഷ്ടത്തിന് എതിരു നിൽക്കാത്ത പിതാവ് തിരുവനന്തപുരത്ത് കൊട്ടാരം നർത്തകനായ ഗുരു ഗോപിനാഥിന്റെ ശ്രീചിത്രോദയം നൃത്തകലാലയത്തിൽ ചേർത്തു. അവിടെ സഹപാഠികളായിരുന്നു ലളിത, പത്മിനി, രാഗിണിമാരും ചെല്ലപ്പനും. ചെല്ലപ്പനെ പ്രണയിച്ച് ഗുരുവിന്റെയും വീട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹം കഴിക്കുകയായിരുന്നു. കുറച്ചുകാലം തിരുവനന്തപുരത്ത് നൃത്തപഠനം തുടർന്നു.
നൃത്താവതരണവുമായി വിദേശസഞ്ചാരമെല്ലാം കഴിഞ്ഞാണ് ഇരുവരും സ്വന്തം നാടായ കോട്ടയത്തു മടങ്ങിയെത്തുന്നത്. അക്കാലത്ത് കോട്ടയത്ത് നൃത്താഭ്യാസനത്തിന് സൗകര്യമുണ്ടായിരുന്നില്ല. ഗുരു ഗോപിനാഥ് തന്നെയാണ് നിർദേശിച്ചത് നൃത്തപഠനകേന്ദ്രം ആരംഭിക്കാൻ. അങ്ങനെ 1952ൽ തിരുനക്കരയിൽ ‘ഭാരതീയ നൃത്ത കലാലയം’ ആരംഭിച്ചു. ഭവാനിയും ചെല്ലപ്പനും ചേർന്ന് സ്വന്തമായി ബാലെ ട്രൂപ്പുണ്ടാക്കി വേദികളിലെത്തി. അരങ്ങിൽ ഇവർ ചെല്ലപ്പൻ ഭവാനി എന്നാണ് അറിയപ്പെട്ടിരുന്നത്. ഉണ്ണിയാർച്ചയും ദേവിഗീതവും അന്നത്തെ പ്രശസ്തമായ ബാലെകളായിരുന്നു. ഉണ്ണിയാർച്ചയിൽ ഉണ്ണിയാർച്ചയായി ഭവാനിയും ആരോമൽച്ചേകവരായി ചെല്ലപ്പനുമാണ് വേഷമിട്ടത്.
കേരളത്തിന് അകത്തും പുറത്തും ആയിരക്കണക്കിന് വേദികളിൽ ബാലെ അവതരിപ്പിച്ചു. ബാലെ എന്ന നൃത്തരൂപത്തിന് ജനകീയമുഖം നൽകിയതിൽ ഇവർ വഹിച്ച പങ്ക് വലുതായിരുന്നു. ചെല്ലപ്പന്റെ മരണശേഷം ബാലെ ട്രൂപ്പ് പിരിച്ചുവിട്ട് നൃത്തകലാലയത്തിൽ ഒതുങ്ങി. വലിയ ശിഷ്യസമ്പത്തിനുടമയാണ്. ശീമാട്ടി ഉടമ ബീന കണ്ണൻ ഇവരുടെ ശിഷ്യരിലൊരാളാണ്. വീണ് സുഖമില്ലാതാകുന്നതുവരെ നൃത്തകലാലയത്തിൽ സ്പെഷൽ ക്ലാസുകൾ കൈകാര്യം ചെയ്തിരുന്നത് ഭവാനി തന്നെയായിരുന്നു. ഈ പ്രായത്തിലും ചടുലമായ നൃത്തച്ചുവടുകളായിരുന്നു പ്രത്യേകത. നൃത്തം തനിക്ക് ജീവിതം മാത്രമല്ല ആരോഗ്യവും തന്നെന്ന് പറയുമായിരുന്നു അവർ. 97ാം പിറന്നാളിനും ചിലങ്ക കെട്ടി അരങ്ങിലെത്തി ഇവർ. കലയിൽ കണിശക്കാരനായിരുന്നു ഗുരു ഗോപിനാഥ്. ശിഷ്യയും അങ്ങനെതന്നെ.
ഒരു വിട്ടുവീഴ്ചക്കും തയാറായിട്ടില്ല. ഒട്ടും കലർപ്പില്ലാത്തവിധം തെളിവാർന്നതായിരുന്നു അവരുടെ കലാജീവിതം. കേരളനടനത്തെ കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. ഇത് പൂർത്തിയാക്കാനാകാതെയാണ് മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.