ഒല്ലൂര്‍: പുത്തൂര്‍ പഞ്ചായത്തിലെ മലയോര ഗ്രാമമായ മരോട്ടിച്ചാലിലെ ‘അമൃതകിരണം’ കുടുംബശ്രീ യൂനിറ്റിന്റെ പ്രവര്‍ത്തനം കാര്‍ഷിക മേഖലക്കും കൈത്താങ്ങാവുന്നു. യൂനിറ്റിന് കീഴില്‍ ഗ്രീന്‍വാലി, ഗ്രീന്ടച്ച്, കാര്യട്ട് ഡ്രൈഫ്രൂട്സ് എന്നീ പേരുകളിലുള്ള ഉൽപന്നങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്.
ഇതില്‍ അംബിക സോമസുന്ദരത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യട്ട് ഡ്രൈഫ്രൂട്സ് ചക്ക, കാരറ്റ്, ബിറ്റ്റൂട്ട്, നേന്ത്രപ്പഴം, മഞ്ഞൾ, കോവക്ക എന്നിവയുടെ മുല്യവര്‍ധിത ഉൽപന്നങ്ങൾ നിർമിച്ച് വിപണിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, 2020ല്‍ മുരിങ്ങയുടെ മുല്യവര്‍ധിത ഉൽപന്നങ്ങളിലേക്കുള്ള ചുവടുവെപ്പ് വഴിത്തിരിവായി. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കര്‍ഷിക ഉൽപന്നങ്ങള്ക്ക് മികച്ച വില ലഭിക്കണമെങ്കില്‍ മൂല്യവര്‍ധിത ഉൽപന്നങ്ങളിലേക്ക് തിരിയണമെന്ന് തിരിച്ചറിഞ്ഞതാണ് സംരംഭത്തിന്റെ വിജയം. ഇപ്പോൾ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും വിപണി കണ്ടെത്താനായതിന്റെ ആഹ്ലാദത്തിലാണ് അമൃതകിരണം പ്രവര്‍ത്തകര്‍.
മുരിങ്ങയില ഉപയോഗിച്ച് നിർമിച്ച എട്ട് ഉൽപന്നങ്ങളാണ് വിപണിയില്‍ എത്തുന്നത്. കാപ്സ്യൂളുകള്‍, മില്ലറ്റ്, ചട്ണിയിലും സൂപ്പിലും അരിപ്പൊടിയിലും ചേര്‍ക്കാവുന്ന പൗഡറുകൾ തുടങ്ങിയവക്ക് നല്ല ഡിമാന്റാണ്. കര്‍ഷകരില്‍നിന്നും കിലോക്ക് 30 രൂപ നൽകി മുരിങ്ങയില വാങ്ങും.
വിപണന ശൃംഖലക്ക് പുറമെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് വീട്ടിലിരുന്ന് വിൽപനക്കും അവസരം നല്‍കുന്നുണ്ട്. ജില്ല മിഷന്റെ കീഴില്‍ 25 പേരാണ് വിപണന രംഗത്തുള്ളത്. കൃഷിയെ സഹായിക്കാനുള്ള പദ്ധതിയായ ‘ഒല്ലൂര്‍ കൃഷി സമൃദ്ധി’യിലെ പ്രവർത്തകരാണ് വിദേശ വിപണിയിൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി വേണ്ട നിര്‍ദേശങ്ങൾ തരുന്നതെന്ന് അംബിക പറയുന്നു.
സ്ഥിരമായി ആറ് സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഉത്സവകാലത്ത് 30ലധികം പേര്‍ക്ക് തൊഴില്‍ നല്കാൻ കഴിയുന്നുണ്ടെന്നും അംബിക പറഞ്ഞു. മരോട്ടിച്ചാല്‍ കാര്യട്ട് വീട്ടില്‍ സോമസുന്ദരന്റെ ഭാര്യയാണ് അംബിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.