കൊടകര: വിദ്യാലയങ്ങളില്‍ കാര്‍ഷിക ക്ലബുകള്‍ ഇല്ലാതിരുന്ന കാലത്ത് കുട്ടികളില്‍ കൃഷിയാഭിമുഖ്യം വളര്‍ത്താൻ ഏറെ യത്നിച്ചൊരു അധ്യാപികയുണ്ട്. മുത്രത്തിക്കര കാര്യങ്ങാട്ടില്‍ പരേതനായ നാരായണന്‍റെ ഭാര്യ ഭാനുമതി.
പഠിപ്പിച്ച വിദ്യാലയങ്ങളിലൊക്കെ കാര്‍ഷിക ക്ലബുകള്‍ രൂപവത്കരിച്ച് കൃഷിയറിവ് പകര്‍ന്ന ഈ ടീച്ചറമ്മക്ക് കുട്ടികള്‍ നല്‍കിയ പേര് 'പച്ചക്കറി ടീച്ചര്‍' എന്നായിരുന്നു.
വിരമിച്ചിട്ടും കൃഷിയെ കൈവിടാതെ ചുറ്റുവട്ടത്തെ വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും പച്ചക്കറി തൈക്കളും കൃഷിസംബന്ധമായ അറിവുകളും നല്‍കപോരുന്ന ഭാനുമതി ടീച്ചര്‍ക്ക് നാട്ടുകാര്‍ നല്‍കിയ പേര് 'കൃഷിപാഠം ടീച്ചർ' എന്നാണ്.
കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ഭാനുമതി പത്തു വയസ്സുള്ളപ്പോള്‍ മുതല്‍ മാതാപിതാക്കള്‍ക്കൊപ്പം കൃഷിപ്പണികളില്‍ സജീവമായി. 75ാം വയസ്സിലെത്തി നില്‍ക്കുമ്പോഴും ടീച്ചര്‍ കൃഷിയെ നെഞ്ചോടു ചേര്‍ത്തുവെക്കുന്നു. മുത്രത്തിക്കരയിലെ 50 സെന്‍റുള്ള പുരയിടത്തില്‍ ഇപ്പോഴും പലവിധ പച്ചക്കറികള്‍ നട്ടുവളര്‍ത്തുന്നു. ജൈവ വളം നല്‍കിയാണ് കൃഷി. കാണാനെത്തുന്നവര്‍ക്ക് പച്ചക്കറി തൈകള്‍ നല്‍കിയാണ് ഇവര്‍ മടക്കി അയക്കുന്നത്.
വീടിന് നാലുപാടുമായി മണ്ണിലും ഗ്രോബാഗുകളിലുമായി അമ്പതിലേറെ ഇനം പച്ചക്കറിയാണ് കൃഷിചെയ്യുന്നത്. പലതരം വാഴകളും കിഴങ്ങുവര്‍ഗങ്ങളും പഴവർഗങ്ങളും ഇലച്ചെടികളുമെല്ലാം ഇവിടെയുണ്ട്. ഇവയുടെ വിത്തും തൈകളും ആവശ്യക്കാര്‍ക്ക് നല്‍കും.
പറപ്പൂക്കര പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലേക്കും കുട്ടികള്‍ക്ക് കൃഷി ചെയ്യാന്‍ ഭാനുമതി ടീച്ചര്‍ എല്ലാ വര്‍ഷവും സൗജന്യമായി വിത്തും തൈകളും നല്‍കുന്നുണ്ട്.
രണ്ട് പതിറ്റാണ്ട് മുമ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മികച്ച സമ്മിശ്ര കര്‍ഷകര്‍ക്കുള്ള 'ആത്മ' പുരസ്കാരം ടീച്ചർക്ക് സമ്മാനിച്ചിരുന്നു. അന്ന് പുരസ്കാര തുകയായി ലഭിച്ച 10,000 രൂപ ഉപയോഗിച്ച് പത്ത് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് കൃഷിക്കാവശ്യമായ ഗ്രോ ബാഗുകള്‍ വാങ്ങി നല്‍കി. പറപ്പൂക്കര പഞ്ചായത്തിന്‍റെ മികച്ച വനിത കര്‍ഷകക്കുള്ള പുരസ്കാരവും ഭാനുമതി ടീച്ചര്‍ക്ക് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.