മനോഹരമായ സമ്മാനപ്പൊതികൾ തുറക്കുമ്പോൾ അത് കൊടുത്തവരുടെയും വാങ്ങുന്നവരുടെയും ഒപ്പം അത് ഉണ്ടാക്കുന്നവരുടെ കൂടി മനസ്സ് നിറയും. ഇഷ്ടത്തോടെ ഇത്തരം സമ്മാനപ്പൊതികളുണ്ടാക്കി ഇന്ന് ലോകം മുഴുവനെത്തിക്കുന്ന ഒരു ബിസിനസുകാരി ഉണ്ട് ഇങ്ങ് യു.എ.ഇയിൽ. ചെറിയ ചെറിയ തുടക്കങ്ങളിൽ നിന്ന് പടിപടിയായി തന്റെ വിജയം എത്തിപ്പിടിച്ച കണ്ണൂരുകാരി മുനവ്വിറ അബ്ദുറഹ്മാൻ.
രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ മുനവ്വിറ ഇന്ന് ലോകം മുഴുവൻ സമ്മാനപൊതികളെത്തിക്കുന്ന ക്രാഫ്റ്റി ഹുഡ് ആണ്. മദർഹുഡ് എന്നൊക്കെ പറയുന്നപോലെ. ക്രാഫ്റ്റൊരു പാഷനാണ് മുനവ്വിറക്ക്. ചെറുപ്പം മുതലെ ആർട്ടും ക്രാഫ്റ്റും എല്ലാം ഇഷ്ടമാണ്. ഗ്ലാസ് പെയിന്റിങ്, ന്യൂസ്പേപ്പർ ആർട്ട്, സാൻഡ് ആർട്ട് തുടങ്ങി എല്ലാ ക്രാഫ്റ്റ് വർക്കുകളും അന്ന് ഒഴിവ് സമയങ്ങളിൽ മുനവ്വിറയുടെ പരീക്ഷണങ്ങളിലുണ്ടാകും.
കോളജിൽ സുഹൃത്തുക്കൾക്ക് ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി ചെയ്ത വർക്കുകൾ കണ്ട് അന്ന് സുഹൃത്തുക്കൾക്കിടയിൽനിന്ന് ഓർഡറുകൾ ലഭിച്ചിരുന്നു. പതിയെ ഇൻസ്റ്റഗ്രാമിൽ ഒരു പേജ് തുടങ്ങി. എന്നാൽ ലോകം മുഴുവൻ സമ്മാനപ്പൊതികൾ എത്തിക്കാവുന്ന ഒരു ബിസിനസായി അത് മാറുമെന്ന് അന്ന് നിനച്ചിട്ടില്ലായിരുന്നു മുനവ്വിറ.
വിവാഹ ശേഷം ഗർഭിണിയായപ്പോഴും തന്റെ ഇഷ്ടങ്ങളെ ഒന്നും വിട്ടുകൊടുക്കാൻ മുനവ്വിറ തയ്യാറല്ലായിരുന്നു. അന്ന് ബോറടി മാറ്റാൻ ചെയ്ത ക്രാഫ്റ്റ് വർക്കുകളുടെ വീഡിയോ പങ്കുവെച്ചതോടെ നിരവധി ഓർഡറുകൾ കിട്ടിയിരുന്നു. പ്രസവശേഷം യു.എ.ഇയിൽ എത്തിയതോടെ കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോകാൻ താല്പര്യം ഇല്ലാത്തതുകൊണ്ടുതന്നെ വീട്ടിലിരുന്ന് തന്റെ കഴിവുപയോഗിച്ച് എന്ത് ചെയ്യാനാകും എന്ന ആലോചനയായിരുന്നു പിന്നെ. യു.എ.ഇയിൽ ഉള്ള ചില സുഹൃത്തുക്കൾ ഭർത്താവിന് ഗിഫ്റ്റ് കൊടുക്കാനായി ഗിഫ്റ്റ് ഹാമ്പർ സെറ്റ് ചെയ്തു തരാമോ എന്ന് ചോദിച്ചതോടെയാണ് ഇങ്ങനെ ഒരാശയം മനസ്സിലുദിച്ചത്. ആദ്യം സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്ക ഓർഡറുകൾ പിടിച്ചു. വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തു. യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം പേജും ഭംഗിയായി മുന്നോട്ടു കൊണ്ടുപോയി.
ഗിഫ്റ്റ് ഹാംബർഗിൽ സെറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യം ഒന്നും ആയിരുന്നില്ല. അതിനു വേണ്ട സാധനങ്ങൾ എവിടെ കിട്ടുമെന്ന തിരച്ചിലായി പിന്നീട്. ഭർത്താവ് മുസമ്മിലും എല്ലാത്തിനും സപ്പോർട്ട് നൽകി തന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഭർത്താവിനൊപ്പം സാധനങ്ങൾ വാങ്ങിക്കാൻ യു.എ.ഇയിലെ പലയിടങ്ങളിലും തിരഞ്ഞ് നടന്നിട്ടുണ്ട് മുനവ്വിറ. അങ്ങനെ പയ്യെപ്പയ്യെ ഇതൊരു കൊച്ചു ബിസിനസായി മാറി.
ആദ്യമൊന്നും അത്രയധികം ഫോളോവേഴ്സ് ഇല്ലാതിരുന്ന പേജിൽ തന്റെ ഹാർഡ് വർക്ക് കൊണ്ട് ചില വീഡിയോകൾ വൈറൽ ആവുകയും അത് കാരണം ഒരുപാട് ഓർഡറുകൾ ലഭിക്കുകയും ചെയ്തു. അങ്ങനെ യു.എ.ഇയിൽ മാത്രം ഒതുങ്ങി കൂടാതെ ലോകം മുഴുവൻ സമ്മാനപ്പൊതികൾ എത്തിക്കാൻ ഇന്ന് മുനവ്വിറക്കാകുന്നുണ്ട്. പല കോർപ്പറേറ്റ് കമ്പനികളുടെയും ഓർഡറുകളും ലഭിച്ചുതുടങ്ങി.
കുഞ്ഞുങ്ങളായ ശേഷം അമ്മമാർക്ക് എവിടെയും എത്താൻ കഴിയില്ല എന്ന തോന്നലിനെ തന്നെ പൊളിച്ചു എഴുതുകയായിരുന്നു പിന്നീട്. ഒരു കുഞ്ഞ് വന്ന ശേഷം ഇനി തന്റെ ആഗ്രഹങ്ങളൊന്നും നടക്കില്ലല്ലോ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടുപോയല്ലോ എന്നൊക്ക് പറഞ്ഞിരുന്നവരോട് പുഞ്ചിരിയോടെ ഇന്ന് മുനവിർ പറയും താൻ ഒരു അമ്മയാണ് ഒരു ബിസിനസുകാരി ആണ് ഒപ്പം തന്റെ പഠനവും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
ക്രാഫ്റ്റ് വർക്കുകൾ ചെയ്തു തുടങ്ങുന്ന ചില തുടക്കക്കാർ ചോദിക്കുന്ന ഒരു ചോദ്യമാണ് എങ്ങനെയാണ് ഇത്ര ഫോളോവേഴ്സും ഇത്ര ഓർഡറുകൾ എല്ലാം ലഭിക്കുന്നതെന്ന്. എന്നാൽ ഇതിനു പിന്നിൽ ഒരുപാട് ഹാർഡ്വർക്കുകൾ ഉണ്ടെന്ന് മുനവ്വിറ പറയുന്നു. ഇനി കുടുംബവും ബിസിനസും ഒക്കെ ഒന്നിച്ചെങ്ങനെ മുന്നോട്ട് കൊണ്ട് പോകുന്നു എന്ന് ചോദിക്കുന്നവരോട് മുനവ്വിറക്ക് പറയാനുള്ളത് ഇതാണ്. നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ഒത്തിരി ഇഷ്ടത്തോടെ ചെയ്യുമ്പോൾ മറ്റ് തടസ്സങ്ങളെല്ലാം മാറി നിൽക്കും. എന്തും ഇത്തിരി ഇഷ്ടത്തോടെ ചെയ്താൽ അത്ര ഭാരമുള്ളതല്ല എന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.